പതിനാലാം കേരള നിയമസഭയുടെ അഞ്ചാംസമ്മേളനത്തില്‍ സഭയുടെ നിയന്ത്രണച്ചുമതല വഹിക്കുന്ന സ്പീക്കര്‍ സഭയില്‍ പരസ്യമായിത്തന്നെ എക്‌സിക്യൂട്ടീവിനെ താക്കീത് ചെയ്യുന്ന രീതിയില്‍ ഒരു സുപ്രധാന റൂളിങ് നടത്തുകയുണ്ടായി. ‘നാട്ടില്‍ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിരിക്കെ മുന്‍കൂട്ടി സമര്‍പ്പിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് പത്തു ദിവസത്തിനകമെങ്കിലും മറുപടി നല്‍കണമെന്നും അതില്ലാതെ വരുന്നത് ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നുവെന്നു’മായിരുന്നു മെയ് 18ന് സ്പീക്കര്‍ നല്‍കിയ റൂളിങ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കാണ് അംഗങ്ങള്‍ക്ക് അധികവും ഉത്തരങ്ങള്‍ ലഭിക്കാത്തതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 244 ചോദ്യങ്ങളാണ് അന്ന് മറുപടി കാത്തുകിടന്നിരുന്നത്. ഇതില്‍ 113ഉം പൊലീസുമായി ബന്ധപ്പെട്ടതായിരുന്നു. സഭാനായകന്‍ തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് വരുമ്പോള്‍ അദ്ദേഹത്തിന് ഉണ്ടായിരിക്കേണ്ട സാമാന്യമായ ഉത്തരവാദിത്തമാണ് ഇവിടെ ചോദ്യംചെയ്യപ്പെട്ടത്. മിക്ക ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നാണ് പരാതി. പൊലീസില്‍നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നുമായി ലഭിക്കേണ്ട മറുപടികളായിരിക്കെ ഇവക്ക് യഥാസമയം മറുപടി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ആരെയും പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ല. മറ്റു വകുപ്പുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഏതാണ്ട് ഒരുവര്‍ഷം മുമ്പുള്ള ചോദ്യങ്ങള്‍ക്കുപോലും ഉത്തരം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നാണ് സഭാരേഖകള്‍ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച ആരംഭിച്ച സഭയുടെ ഏഴാമത് സമ്മേളനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തിലൂടെ പരിപാടികള്‍ വിശദീകരിച്ച സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭിക്കാത്തതിനെക്കുറിച്ച് പറഞ്ഞത്, ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു. എന്നാല്‍ വീണ്ടും ഇതേ അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ആദ്യദിനം മാത്രം 106 ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നല്‍കാതിരുന്നത്. ആഭ്യന്തരം, ആരോഗ്യം, ഭക്ഷ്യം എന്നീ വകുപ്പുകളിന്മേല്‍ 362 ചോദ്യങ്ങളാണ് തിങ്കളാഴ്ച സഭക്ക് മുമ്പാകെ മുന്‍കൂട്ടി എത്തിയത്. ഇതില്‍ 256 ചോദ്യങ്ങള്‍ക്ക് മാത്രമാണ് ബഹുമാന്യരായ അംഗങ്ങള്‍ക്ക് മറുപടി ലഭിച്ചത്. സ്ത്രീ സുരക്ഷ, പൊലീസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയില്‍ നിന്ന് പല മറുപടിയും ലഭിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയാണ് മുന്‍ സമ്മേളനത്തില്‍ പരാതിയുന്നയിച്ചത്. ഇതേതുടര്‍ന്നായിരുന്നു സ്പീക്കറുടെ റൂളിങ്. മെയ് 25നകം മറുപടി തീര്‍ത്ത് നല്‍കണമെന്ന് സ്പീക്കര്‍ അന്ന് താക്കീത് നല്‍കിയിരുന്നെങ്കിലും ഇപ്പോഴും 203 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കികിടക്കുകയാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് 108 ചോദ്യങ്ങളാണ് സഭയുടേതായി മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് മറുപടി കാത്തുകിടക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ മുമ്പില്‍ പൊതുമരാമത്തു വകുപ്പു മന്ത്രിയും എക്‌സൈസ് മന്ത്രിയുമാണെന്ന് രേഖകള്‍ പറയുന്നു. മറ്റെല്ലാ വകുപ്പുകളുടെയും കാര്യം തഥൈവ.
ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലൊന്നാണ് നിയമനിര്‍മാണസഭകള്‍. ഈ സമ്പ്രദായത്തില്‍ ജനങ്ങളോട് സംവദിക്കുകയാണ് ഭരണകൂടങ്ങളുടെ മുഖ്യകര്‍ത്തവ്യം. അതിന് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണ് അതതു കാലത്ത് ചേരുന്ന നിയമനിര്‍മാണസഭകളില്‍ ജനങ്ങള്‍ക്കുവേണ്ടി ചോദ്യങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും വെക്കുന്നത്. ഇവക്ക് യഥാസമയം മറുപടി നല്‍കേണ്ട പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് എക്‌സിക്യൂട്ടീവിന്റെ അഥവാ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ളത്. അടിയന്തിരമായി ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കൊഴികെ ബാക്കിയുള്ളവക്കെല്ലാം നേരത്തെ തയ്യാറാക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളുമാണ് സഭക്കും ജനപ്രതിനിധികള്‍ക്കും മുമ്പാകെ വെക്കുന്നത്. പതിനെട്ടു ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ വിശ്വസ്ഥയായ ആരോഗ്യമന്ത്രി പി.കെ ശൈലജ സഭക്ക് മറുപടി നല്‍കാനുള്ളത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും ഒട്ടുംപുറകിലല്ല. ഇതെല്ലാം നല്‍കുന്ന സന്ദേശമെന്താണ് ?. ഭരണപക്ഷത്തുനിന്നുള്ള ഭൂരിപക്ഷ പ്രകാരം തെരഞ്ഞെടുക്കപ്പെട്ടയാളാണ് സ്പീക്കറെന്നിരിക്കെ, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് തന്റെ മുന്നണിയുടെ തന്നെ സര്‍ക്കാരിനെതിരെ താക്കീത് നല്‍കേണ്ടിവരിക എന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ അപരാധമായാണ് വിലയിരുത്തപ്പെടേണ്ടത്. തങ്ങളെ തെരഞ്ഞെടുത്തവരോടുള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ലെങ്കില്‍, എന്തിനാണോ തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്ന സാമാന്യമായ ചോദ്യത്തിനുപോലും ഉത്തരം ലഭിക്കാത്ത അവസ്ഥയുണ്ടാകും. തികഞ്ഞ കൃത്യവിലോപമാണിത്.
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഇതിനകം ഉയര്‍ന്നുവന്നിരിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ് പ്രതിപക്ഷത്തോടും ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമ സമൂഹത്തോടുമുള്ള സര്‍ക്കാരിന്റെ കലിപ്പ്. പ്രതിപക്ഷനേതാവ് കഴിഞ്ഞ സഭാസമ്മേളനത്തില്‍ ഉന്നയിച്ച ഒരു പരാതിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാക്പ്രയോഗം തീര്‍ത്തും സഭാമര്യാദക്ക് നിരക്കാത്തതായിരുന്നു. ‘പോയി വേറെ പണിനോക്ക്’ എന്നായിരുന്നു രമേശ് ചെന്നിത്തലയോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്നൊരു സുപ്രധാന സമാധാന യോഗത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചതിന് ‘കടക്ക് പുറത്ത്’ എന്ന ആക്രോശമാണ് പിണറായി വിജയനില്‍ നിന്ന് അവര്‍ക്ക് കേള്‍ക്കേണ്ടിവന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്താകെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ഭരണഘടനാവിരുദ്ധ നടപടികള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്ന ജനതയുടെ നേര്‍ക്കാണ് അവരെ നഖശിഖാന്തം എതിര്‍ക്കുന്നുവെന്നവകാശപ്പെടുന്നവരുടെ ഭാഗത്തുനിന്നുതന്നെ ഉയര്‍ന്നുവരുന്ന പൊറുക്കാനാവാത്ത ഇത്തരം ധാര്‍ഷ്ട്യ പ്രകടനങ്ങള്‍. ലോക കമ്യൂണിസത്തിന്റെ മുഖമുദ്ര സുതാര്യമല്ലാത്ത ഭരണസംവിധാനമാണ്. കൊച്ചു കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പലസമയങ്ങളിലായി ഭരണത്തിലേറിയ ഇടതുപക്ഷക്കാര്‍ ജനാധിപത്യ സംവിധാനത്തെ തങ്ങളുടെയും നാടിന്റെയും ഉന്നതിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ അതേസംവിധാനം അനുശാസിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതും നാടിനും നാട്ടുകാര്‍ക്കും സംബന്ധിച്ച് അനിവാര്യതയാകുന്നു. സാമാജികരോടും മാധ്യമ പ്രവര്‍ത്തകരോടും മുഖംതിരിക്കുന്നത് ജനങ്ങളോടു തന്നെയുള്ള മുഖംതിരിക്കലാണെന്ന് ഇവര്‍ ഓര്‍ക്കുന്നത് നന്ന്.
- 7 years ago
chandrika
Categories:
Video Stories