X

പല നീതിയുടെ നടുവില്‍ ഐ.എ.എസ് പടപ്പുറപ്പാട്‌

വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ ‘പ്രതികാര മനോഭാവ’ത്തോടെയുള്ള നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ ഐ.എസ്.എസ് ഉദ്യോഗസ്ഥര്‍ ഇന്ന് പരസ്യ പ്രതിഷേധത്തിന് തുനിയുകയാണ്. വിജിലന്‍സ് ഡയരക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനോടുള്ള പ്രതിഷേധം കൂട്ട അവധി എടുത്തുകൊണ്ട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ‘അവൈലബിള്‍’ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അഴിമതിക്കെതിരെ മഞ്ഞയും ചുവപ്പും കാര്‍ഡുമായി പോരാട്ടത്തിനിറങ്ങിയ വിജിലന്‍സ് ഡയരക്ടറെ വീഴ്ത്താന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പുതിയ ബ്രഹ്മാസ്ത്രവുമായി ഇറങ്ങുമ്പോള്‍ അവതാളത്തിലാകുന്നത് സംസ്ഥാനത്തിന്റെ ഭരണസംവിധാനമാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ കൂട്ട അവധി എടുത്തുകൊണ്ടൊരു പ്രതിഷേധത്തിന് മുതിരുന്നത്.
മുന്‍ മന്ത്രി ഇ.പി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് നടപടിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ക്ഷിപ്രകോപ കാരണം ഇതാണെങ്കിലും മാസങ്ങളായി തുടരുന്ന വിജിലന്‍സ്-ഐ.എ.എസ് പോരിന്റെ തുടര്‍ച്ച മാത്രമാണ് പ്രതിഷേധ പ്രഖ്യാപനത്തിനു പിന്നിലെന്ന് വ്യക്തമാണ്. നേരത്തെതന്നെ ഒന്നിലധികം തവണ ഇതേ വിഷയം ഉന്നയിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും കാണുകയും വിജിലന്‍സ് ഡയരക്ടറുടെ സമീപനത്തിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡും നേരത്തെ ഐ.എ.എസ്-വിജിലന്‍സ് പോര് രൂക്ഷമാകാന്‍ വഴിയൊരുക്കിയിരുന്നു.
അഴിമതിക്കെതിരെ നടപടി എടുക്കുന്നതിന് വിജിലന്‍സിനെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ തുറന്നുവിട്ടിരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം തന്നെ മറുപക്ഷത്ത് പലര്‍ക്കും പല നീതി എന്ന നയവുമായാണ് സംസ്ഥാന ഭരണം മുന്നോട്ടു പോകുന്നത്. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണ വിധേയനായ ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, അദ്ദേഹത്തെ രാജിവെപ്പിച്ച് അന്വേഷണം നേരിടാന്‍ വിട്ട അതേ സര്‍ക്കാര്‍ തന്നെയാണ് അഴിമതി ആരോപണ വിധേയയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നത്. കാപ്പക്‌സ് നടത്തിയ തോട്ടണ്ടി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടായെന്നാണ് മേഴ്‌സിക്കുട്ടിയമ്മക്കെതിരായ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് ഡയരക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും മേഴ്‌സിക്കുട്ടിയമ്മയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈക്കൊണ്ടത്. അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി എം.എം മണി പ്രതിയായി തുടരുമെന്ന് വ്യക്തമാക്കിയെങ്കിലും മണിയേയും മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. പലര്‍ക്കും പല നീതി എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ധ്വനിപ്പിക്കുന്നതായിരുന്നു ഈ വേര്‍തിരിവുകളെല്ലാം.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ അന്വേഷണം വേഗത്തിലാക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പരാതി. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും ഉപകരണങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായി നേരത്തെ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയരക്ടര്‍ക്ക് 40 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പുതിയ ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ഡയരക്ടര്‍ മുന്‍വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. വ്യവസായ മന്ത്രിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്ന ചട്ടം ബാധകമല്ലാത്ത നിയമനങ്ങളുടെ പേരില്‍ പോള്‍ ആന്റണിയെ പ്രതിചേര്‍ത്തത് ഇത്തരം പകവീട്ടലിന്റെ ഭാഗമായാണെന്നാണ് ഐ.എ.എസുകാരുടെ ആക്ഷേപം. സിവില്‍ സര്‍വീസും വിജിലന്‍സും തമ്മിലുള്ള പോര് ഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളില്‍ നില്‍ക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാകില്ല. നാടിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വിഘാതമാകുന്ന, ഏറ്റവും വലിയ ശാപമായി അഴിമതി പിടിമുറുക്കിക്കഴിഞ്ഞ കാലമാണിത്. അതിനെതിരെ ശക്തവും ധീരവുമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ അത്തരം നടപടികള്‍ സ്വതന്ത്രവും സുതാര്യവും നീതിയുക്തവും നിഷ്പക്ഷവുമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ അത് സാധ്യമാകുന്നില്ലെന്നതാണ് ഇടതു ഭരണം തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വിജിലന്‍സ് കോടതി ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു തലേന്നു മാത്രമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയരക്ടര്‍ താല്‍പര്യം കാണിച്ചത്. കോടതിയില്‍നിന്ന് സര്‍ക്കാറിനെതിരായ പരാമര്‍ശമുണ്ടാകുന്നത് തടയുക മാത്രമായിരുന്നു നടപടിക്കു പിന്നിലെ താല്‍പര്യമെന്ന് വ്യക്തമാണ്. എ.ഡി.ജി.പി ആര്‍ ശ്രീലേഖക്കെതിരായ അന്വേഷണത്തിലെ അലംഭാവവുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്നു തന്നെ വിമര്‍ശനം നേരിടേണ്ടിവന്നു. അഴിമതിയോടുള്ള സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

chandrika: