X

സി.പി.എമ്മിന്റെ ‘ബ്രിട്ടീഷ് രാജ്’

’03-01-19 തീയതി 18.45 മണിക്ക് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകനായ ഒന്നാംപ്രതിയടക്കം കണ്ടാലറിയാവുന്ന സുമാര്‍ 20ഓളംവരുന്ന പ്രതികള്‍ സ്ഥലത്ത് മതസ്പര്‍ദയുണ്ടാക്കി, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും സംഘംചേര്‍ന്ന് മേപ്പയൂര്‍ റോഡ് ജംഗ്ഷനിലെ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള പരാതിക്കാരന്‍ പ്രസിഡന്റായുള്ള പേരാമ്പ്ര മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള ജുമാമസ്ജിദ് പള്ളിക്ക് കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി എന്നും മറ്റും.’ കോഴിക്കോട് റൂറല്‍ പരിധിയില്‍പെടുന്ന പേരാമ്പ്ര പൊലീസ്‌സ്റ്റേഷനില്‍ ജനുവരി നാലിന് തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) ആണിത്. ഇതുപ്രകാരം സി.പി.എം ചെറുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മാണിക്കോത്ത് അതുല്‍ദാസ് ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ഇരുപതുപേര്‍ മറ്റുപ്രതികളുമാണ്. സി.പി.എമ്മുകാരന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കേരളത്തിലാണ് ഇത്തരമൊരു പ്രഥമ വിവര റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണം കയ്യാളുന്ന കക്ഷിയുടെ ആളുകളാണ് പ്രതികള്‍ എന്നതുമാത്രമല്ല ഈ കേസിനെ പ്രാധാന്യപ്പെടുത്തുന്നത്. നാഴികക്ക് നാല്‍പതുവട്ടം മത സൗഹാര്‍ദത്തെക്കുറിച്ചും മുസ്്‌ലിംകളാദി മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വീമ്പുപറയുകയും അവരുടെ വോട്ടുകള്‍ തക്കത്തില്‍ സ്വായത്തമാക്കുകയും ചെയ്യുന്നതിന് പെടാപ്പാടുപെടുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവും കൂട്ടരുമാണ് ഒരു ആരാധനാലയത്തിനെതിരെ ഇവ്വിധം ആക്രമണം നടത്തിയിരിക്കുന്നത് എന്നതാണ് അതിനേക്കാള്‍ ഖേദകരവും ഉത്കണ്ഠാജനകവും.
എന്തിനായിരുന്നു സി.പി.എം പോലുള്ളൊരു കക്ഷിയുടെ നേതാവും പ്രവര്‍ത്തകരും പൊലീസ് പറയുന്നതുപോലെ വ്യക്തമായ കരുതലോടെ മുസ്‌ലിം പള്ളിക്ക് കല്ലെറിയാനും കേടുപാടുകള്‍ വരുത്താനും മുന്നിട്ടിറങ്ങിയത്? സി.പി.എം നേതാക്കള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിച്ചാല്‍ അത് മുസ്്‌ലിംലീഗ് ഓഫീസിനെതിരെ എറിഞ്ഞ കല്ല് അബദ്ധത്തില്‍ പള്ളിയുടെ തൂണില്‍ തട്ടിയതാണെന്നാണ്. ഈ വിതണ്ഡവാദം വിശ്വസിക്കാന്‍ പിണറായി വിജയന്റെ പൊലീസ്‌കൂടി തയ്യാറായില്ല. പള്ളിയില്‍നിന്ന് 150 മീറ്ററോളം അകലത്തിലാണ് മുസ്്‌ലിംലീഗ് ഓഫീസ്. സംഭവസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം അതുവഴി വരികയായിരുന്നു. തൂണിനു മാത്രമല്ല അംഗശുദ്ധി വരുത്തുന്ന സ്ഥലത്തും വരാന്തയിലും കല്ലേറേറ്റ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി തവണയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ പ്രകോപിതരായി മൂവായിരത്തോളം പേരാണ് പിറ്റേന്ന് സ്ഥലത്ത് തടിച്ചുകൂടിയത്. മഗ്‌രിബ് നമസ്‌കാരത്തിനുശേഷമായിരുന്നു ആക്രമണം. മതവികാരം വ്രണപ്പെടുന്നതിനും വലിയൊരു തിരിച്ചടിക്കും കലാപത്തിലേക്കും പോകുമായിരുന്ന പ്രസ്തുത സംഭവം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെയും പള്ളിക്കമ്മിറ്റിയുടെയും സൗഹാര്‍ദപ്രിയരായ നാട്ടുകാരുടെയും യുക്തമായ ഇടപെടലിലൂടെ ഒഴിവാകുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ജനങ്ങളുടെ ഇടപെടലാണ് പൊലീസിനെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും മത സ്പര്‍ദക്കെതിരെ കേസെടുക്കാനും നിര്‍ബന്ധിതമാക്കിയത്. അതുല്‍ദാസ് ഒഴികെ എല്ലാവരും ഒളിവിലാണ്. ഈയിടെയാണ് പള്ളി പുതുക്കിപ്പണിതത്. 2017 ഏപ്രില്‍ 5ന് ഇവിടെയടുത്ത് നൊച്ചാട് പള്ളിയിലെ ഇമാമിനെ സി.പി.എമ്മുകാര്‍ വധഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കണം.
എന്തു നേട്ടമാണ് ഒരു ആരാധനാലയം തകര്‍ക്കുന്നതിലൂടെ ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മറ്റ് ചില ഗൂഢമായ ഉദ്ദേശ്യലക്ഷ്യങ്ങളാണ് ഈ ഹീനകൃത്യത്തിന് പ്രേരകമെന്ന് കാണാനാകും. കൃത്യമായ ഇടപെടലില്ലായിരുന്നെങ്കില്‍ സംഭവം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലോ സംഘ്പരിവാറുകാരിലോ ചാര്‍ത്തപ്പെടുമായിരുന്നു. യഥാര്‍ത്ഥത്തില്‍ സി.പി.എം കണക്കുകൂട്ടിയതും അതുതന്നെയാണ്. സംഭവദിവസവും തലേന്നും കേരളത്തിലാകമാനം ബി.ജെ.പി നേതൃത്വത്തില്‍ സംഘ്പരിവാറുകാര്‍ അഴിഞ്ഞാടുകയായിരുന്നു. ശബരിമലയില്‍ രണ്ടു യുവതികളെ സര്‍ക്കാര്‍ സഹായത്തോടെ ആചാരംലംഘിച്ച് ദര്‍ശനം നടത്തിച്ചതിനെതിരെയായിരുന്നു ഹര്‍ത്താലടക്കമുള്ള അക്രമ പരമ്പര. മൂന്നാം തീയതിയിലെ ഹര്‍ത്താലിലും കോഴിക്കോട് ജില്ലയിലെ പലസ്ഥലത്തും അക്രമങ്ങളുണ്ടായപ്പോള്‍ അതെല്ലാം സംഘ്പരിവാറുകാരാണെന്ന് അവര്‍തന്നെ സമ്മതിക്കുമ്പോഴാണ് കത്തുന്ന പുരയ്ക്ക് ഊരുന്ന കഴുക്കോല്‍ ലാഭമെന്ന കണക്കിന് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സി.പി.എം പള്ളിയുടെ നേര്‍ക്ക് തിരിഞ്ഞത്.
രാഷ്ട്രീയം വോട്ടുകള്‍ സമാഹരിക്കുന്നതിനപ്പുറം ജനങ്ങളെ തമ്മില്‍തല്ലിച്ച് കൊല്ലിക്കല്‍ ആകുന്നത് ഹീനമെന്നേ വിശേഷിപ്പിക്കേണ്ടൂ. 1971ലെ തലശ്ശേരി കലാപത്തിലുള്‍പ്പെടെ പയറ്റിത്തെളിഞ്ഞ തന്ത്രമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി പേരാമ്പ്രയിലും പുറത്തെടുത്തത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് സി.പി.എം മുന്‍നേതാവും ആര്‍.എം.പി സ്ഥാപകനുമായ ടി.പി ചന്ദ്രശേഖരനെ വടകര ഒഞ്ചിയത്ത് ഇരുട്ടിന്റെ മറവില്‍ സി.പി.എമ്മുകാര്‍ 51 തവണ വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്, ചന്ദ്രശേഖരന്റെ ഘാതകര്‍ വന്ന വാഹനത്തിന്റെ ചില്ലില്‍ ‘മാഷാ അല്ലാ’ എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ്. ഈ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ജയിലില്‍കഴിയുന്നത് സി.പി.എമ്മിന്റെ നേതാക്കളാണ്. മൂന്നാറില്‍ റവന്യൂഭൂമിയില്‍ ഭൂമാഫിയക്കാര്‍ സ്ഥാപിച്ച കുരിശ ്‌പൊളിച്ച സ്വന്തം സര്‍ക്കാരിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരെ വര്‍ഗീയ കലാപത്തിന് കാരണമാകുമെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയാണ് പന്തളത്ത് ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്ന മധ്യവയസ്‌കനെ സി.പി.എമ്മുകാര്‍ ആസൂത്രിതമായി കല്ലെറിഞ്ഞ് കൊന്നപ്പോള്‍ തലക്ക് ക്ഷതമേറ്റാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി മരണം ഹൃദയാഘാതം മൂലമാണെന്ന് തട്ടിവിട്ടത്. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കേസ് നിലനില്‍ക്കെ കൃത്യം ചെയ്തത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞതും ഇതേ വിജയനാണ്. ഒരു യുവതികൂടി ശബരിമലയില്‍ കയറിയില്ലേ, ഇനിയെന്താ ഹര്‍ത്താല്‍ നടത്തുന്നില്ലേ എന്ന് മൈക്കിനുമുന്നില്‍ ചെന്നുനിന്ന് ചോദിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയിലെ സി.പി.ഐക്കാര്‍ ചാര്‍ത്തിയ ‘മുണ്ടുടുത്ത മോദി’പട്ടം യഥേഷ്ടം ചേരും. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരും ശിങ്കിടികളും ചേര്‍ന്ന് നാടിനെ ബ്രിട്ടീഷുകാലത്തെ ‘ഭിന്നിപ്പിച്ചുഭരിക്കല്‍’ നയത്തിലൂടെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെങ്കില്‍ അതിന് കാലവും ചരിത്രവും സാക്ഷിയാകുമെന്ന് മാത്രമേ പറയാനുള്ളൂ.

chandrika: