ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ആശ്വാസങ്ങളേക്കാള്‍ ആശങ്ക സമ്മാനിക്കുന്നതാണ്. 20 ലക്ഷം രൂപ ഉപാധികളുടെയും മാനദണ്ഡങ്ങളുടെയും ചുഴിയിലിട്ടു നല്‍കിയതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു സാരം. മത്സ്യത്തൊഴിലാളികളില്‍ അറുപത് വയസിനു താഴെ പ്രായമുള്ളവര്‍ക്കും ക്ഷേമനിധിയി ബോര്‍ഡിലും സുരക്ഷാ സ്‌കീമിലും അംഗത്വമുള്ളവര്‍ക്കും മാത്രമായി സഹായധനം പരിമിതപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. തീരദേശത്തെ തീരാദുരിതത്തിന്റെ ആഴക്കയത്തിലേക്കു വലിച്ചെറിഞ്ഞ മഹാവിപത്തിന് ഇരയായവര്‍ക്ക് സഹായത്തിന്റെ സര്‍വ കവാടങ്ങളും തുറന്നിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ ഇത്തരം സങ്കീര്‍ണതകളിലൂടെ അവരെ കണ്ണീര്‍ കുടിപ്പിക്കുന്നത് കരണീയമല്ല. കിടപ്പാടവും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരെ നിബന്ധനകളുടെ നൂലാമാലയില്‍ കുരുക്കിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. അടിയന്തര ഘട്ടത്തില്‍ ദുരിതബാധിതരെ കൈമെയ് മറന്ന് സഹായിക്കുകയും അവര്‍ക്ക് സാന്ത്വനം പകരുകയുമാണ് ഭരണകൂടത്തിന്റെ കടമ. ദുരന്തത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതു മുതല്‍ ദുരിതാശ്വാസ പ്രഖ്യാപനത്തിലെ താളപ്പിഴ വരെ ഗുരുതര വീഴ്ചയായി ഇടതു സര്‍ക്കാറിനെ എക്കാലവും തുറിച്ചുനോക്കുമെന്ന കാര്യം തീര്‍ച്ച.
36 മണിക്കൂര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റുമായി നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ നിന്ന് കേരളത്തിന്റെ തീരമേഖലകള്‍ ഇപ്പോഴും മുക്തമായിട്ടില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയുമാണ് ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. ഇരുപതോളം പേരെ കടലെടുത്ത ദുരന്തത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ഇരുനൂറിലേറെ പേര്‍ നടുക്കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൗത്യസേന പറയുന്നത്. അയല്‍ സംസ്ഥാനങ്ങളിലേയും രാജ്യങ്ങളിലേയും കടല്‍തീരങ്ങളില്‍ എത്തിപ്പെട്ടവരുടെ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എത്ര മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും നിലയില്ലാക്കയത്തില്‍ അകപ്പെട്ടുവെന്നതിന്റെ നിജസ്ഥിതി സര്‍ക്കാറിന് അറിയില്ല. എത്ര മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തിന് ഇരയായി എന്നതിന്റെ കൃത്യമായ കണക്കും സര്‍ക്കാറിന്റെ കയ്യിലില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തമിഴ്‌നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും തീരങ്ങളില്‍ അഭയംപ്രാപിച്ചത്. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കേരള തീരങ്ങളിലേക്കും ഓഖി ചുഴലിക്കാറ്റ് കൊണ്ടെത്തിച്ചിട്ടുണ്ട്. ഏറെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ദുരന്തസ്ഥലം സന്ദര്‍ശിക്കാനും ദുരിതാശ്വാസം പ്രഖ്യാപിക്കാനും മുഖ്യമന്ത്രി തയാറായത്. ഇതുതന്നെ വിഷയത്തില്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവും പാളിച്ചകളും എത്രമേല്‍ ഗുരുതരമാണ് എന്ന് പകല്‍പോലെ തെളിയിക്കുന്നതാണ്. സഹായധനത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനായില്ലെങ്കില്‍ സൗജന്യ റേഷനിലൊതുങ്ങും സര്‍ക്കാറിന്റെ സാന്ത്വനമത്രയും.
590 കി.മീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പതിനൊന്ന് ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്നുണ്ട്. അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ വേറെയും. മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാറിന്റെ ചട്ടക്കൂടുകളില്‍ കൊണ്ടുവരുന്നതിന് ഇക്കാലമത്രയും സാധ്യമായിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലാളികളില്‍ ഭൂരിഭാഗവും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പാരമ്പര്യമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകഴിയുന്നവര്‍ അവരുടെ ജീവിതോപാധി കൈവെടിയുന്നവരല്ല. പുതിയ തലമുറക്ക് സാമ്പ്രദായിക സമ്പാദന രീതിയോടുള്ള വിയോജിപ്പും മത്സ്യബന്ധനത്തിലേക്ക് ഇറങ്ങുന്നതിനുള്ള വിമുഖതയും പ്രായംചെന്നവരെ കടലിലിറക്കുന്നതില്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങളാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് മറ്റു മാര്‍ഗങ്ങളില്ലാത്തതും മത്സ്യബന്ധനമല്ലാതെ മറ്റു തൊഴില്‍ പരിചിതമല്ലാത്തതിനാലും കുടുംബനാഥര്‍ തന്നെ കുടുംബം പോറ്റുന്ന അവസ്ഥ തീരപ്രദേശങ്ങളില്‍ കാണാനാവും. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിച്ചാലും അമ്പതും അറുപതും വയസിനു മുകളില്‍ പ്രായമുള്ളവരെയാണ് കൂടുതലെന്ന് കാണാന്‍ കഴിയും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നത് നിരവധി കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. നാട് നടുക്കിയ വിപത്തുകളില്‍ ഇരയായവര്‍ക്ക് പ്രായം കണക്കാക്കി സഹായം വിതരണം ചെയ്യുന്ന രീതി പതിവില്ലാത്തതാണ്. ഇടതു സര്‍ക്കാറിന്റെ ഓഖി സഹായ പാക്കേജില്‍ പേരിലൊതുങ്ങുമെന്നു പറയുന്നതിലെ പ്രധാന കാരണം ഈ തരംതിരിവു തന്നെയാണ്.
1985ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്ട് അനുസരിച്ച് ആരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും അംഗങ്ങളാക്കാന്‍ സാധിച്ചിട്ടില്ല. 1980ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമ സംഘം ആക്ട് (1981ലെ 7) രണ്ടാം ഉപവകുപ്പ് (ഇ) ഖണ്ഡത്തില്‍ നിര്‍വചിച്ച പ്രകാരമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ കടലോരത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗമാക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല. ക്ഷേമനിധിയുടെ കടമ്പകളും ഇതേകുറിച്ചുള്ള അജ്ഞതയും കാരണം അംഗത്വമെടുക്കാത്തവരെ ഇത്തരം ദുരന്തങ്ങളില്‍ അകപ്പെടുമ്പോള്‍ സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വേദനാജനകമാണ്. മാത്രമല്ല, അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കപ്പെടാത്ത നിരവധി പേര്‍ തീരദേശങ്ങളിലുണ്ട്. തങ്ങളുടെ അപ്രമാദിത്വത്തിന് കോട്ടം തട്ടുമോ എന്ന ഭയപ്പാടില്‍ ക്ഷേമനിധിയില്‍ പേരു ചേര്‍ക്കാതെ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചതാണ്. ഇക്കാരണം കൊണ്ട് ക്ഷേമനിധി മാത്രമല്ല, പല ജീവസുരക്ഷാ പദ്ധതികളും നിഷേധിക്കപ്പെടുന്നുണ്ട്. ഓഖി ദുരന്ത സഹായം പോലും സുരക്ഷാ സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ജീവിതോപാധിയായി കണക്കാക്കിയുള്ള അഞ്ചു ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതല്ല. അമ്പതു ലക്ഷത്തിലധികം രൂപ വിലവരുന്ന ബോട്ടുകളാണ് ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്തതില്‍ അധികവും. വള്ളങ്ങളുടെയും മറ്റു യന്ത്രങ്ങളുടെയും വിലയും സര്‍ക്കാര്‍ നിശ്ചയിച്ച സഹായധനത്തില്‍ അധികം വരും. വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സങ്കേതങ്ങളുമുള്‍പ്പെടെ തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എങ്ങുമെത്തില്ല. പ്രഖ്യാപിച്ച 20 ലക്ഷം രൂപ കയ്യില്‍ കിട്ടണമെങ്കില്‍ ധാരാളം സങ്കീര്‍ണതകള്‍ മറികടക്കേണ്ടതിനാല്‍ തത്വത്തില്‍ സര്‍ക്കാര്‍ പാക്കേജ് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ന് സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാറിനെ ധരിപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ആവുന്നത്ര സാന്ത്വനവും പരിരക്ഷയും ഉറപ്പുവരുത്താനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് കടലോരത്തിന്റെ പ്രാര്‍ത്ഥന.
- 7 years ago
chandrika
Categories:
Video Stories
സഹായധനത്തിന് ഉപാധി വെക്കരുത്
Tags: editorial