രാജ്യവും കേരളവും അഭിമുഖീകരിക്കുന്ന നൂറുകൂട്ടം നീറുന്ന പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയോ ജനങ്ങളെ പരിഹസിക്കുകയോ ചെയ്യുന്ന നിലപാടാണ് ഭരണകൂടങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധക്കൊടുങ്കാറ്റ ് ഉയര്‍ത്തുന്നതിനായുള്ള ഒരുക്കമാണ് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് സംസ്ഥാന തല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണിയും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നു. അധികാര അഹന്തക്കെതിരായ നിരന്തര സമരങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരസ്പരം അവിശ്വാസം വര്‍ധിപ്പിച്ചും സാമ്പത്തികക്കെടുതി വിതച്ചും മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ എട്ടു മാസം മുമ്പ് അധികാരത്തിലേറിയ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ജനങ്ങളെ എങ്ങനെ പരമാവധി ദ്രോഹിക്കാമെന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. സാമാന്യമായ മുന്നണി മര്യാദകളും കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ട മുന്നണിയും സര്‍ക്കാരും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കുന്നില്ലെന്നുമാത്രമല്ല, റേഷനരിയും വിലക്കയറ്റവും പോലുള്ള ജീവല്‍ പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെയും മുന്‍ സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു.
ദേശാന്തരങ്ങളില്‍ രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ, മുന്‍ കേന്ദ്ര മന്ത്രിയും മുസ്്‌ലിംലീഗ് അഖിലേന്ത്യാപ്രസിഡണ്ടുമായ ഇ. അഹമ്മദിന് മരണ ശേഷവും മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മണിക്കൂറുകള്‍ ആസ്പത്രിയില്‍ കിടക്കേണ്ടിവന്നു. ഡോക്ടര്‍മാരായ ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് പ്രസിഡണ്ടിനുപോലും കാണാന്‍ മണിക്കൂറുകളോളം അവസരം ലഭിച്ചില്ല. ഇതിന് സാമാന്യമായ വിശദീകരണം നല്‍കാന്‍ പോലും ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് വീമ്പിളക്കുന്ന ഒരു സര്‍ക്കാരിനാവുന്നില്ല. ഉത്തര്‍പ്രദേശിലടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം സമാരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ വിഷ ലിപ്തവും മലീമസവുമായ വിദ്വേഷ പ്രചാരണമാണ് കേന്ദ്ര ഭരണകക്ഷിയുടെ ആളുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അയോധ്യയില്‍ രാമജന്മ ഭൂമി ക്ഷേത്രം നിര്‍മിക്കുമെന്ന് വാദ്ഗാനം നല്‍കിയിരിക്കുകയാണ് അവിടെയുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ ബാബരി മസ്ജിദ് തകര്‍ത്ത കക്ഷി തന്നെ പ്രകടന പത്രികയിലൂടെ ചെയ്തിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ യു.പിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മൊറാദാബാദ്, ഖൈറാന, ദയൂബന്ദ് എന്നിവിടങ്ങളില്‍ നിരന്തര കര്‍ഫ്യൂ നടപ്പാക്കുമെന്ന് ബി.ജെ.പിയുടെ എം.എല്‍.എ സുരേഷ് റാന തെരഞ്ഞെടുപ്പു പ്രസംഗത്തില്‍ പറയുന്നു. സാക്ഷി മഹാരാജ് എന്ന കേന്ദ്ര ഭരണകക്ഷിയുടെ ലോക്‌സഭാംഗം പറയുന്നത; ജനസംഖ്യ വര്‍ധിക്കുന്നത് മുസ്്‌ലിംകള്‍ നാലുകെട്ടുന്നതും നാല്‍പതു കുട്ടികളുണ്ടാകുന്നതും കൊണ്ടാണെന്നാണ്. ഇതിനെതിരെയൊന്നും കാര്യമായ നടപടികളെടുക്കാനോ രാജ്യത്തെ ന്യൂനപക്ഷ പീഡിത വിഭാഗങ്ങള്‍ക്ക് സുരക്ഷാബോധം നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നു മാത്രമല്ല, രാജ്യത്തെ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ, തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെയൊക്കെ തൊഴിലില്ലാതാക്കിയും പട്ടിണിയിലാക്കിയും നോട്ടു നിരോധനം കൊണ്ട് പൊറുതി മുട്ടിക്കുകയാണ് ഇക്കൂട്ടര്‍. മോദിയാകട്ടെ ദലിത്, മുസ്‌ലിം വിഷയങ്ങളിലല്ല; എങ്ങനെ പ്രതിച്ഛായ മെച്ചപ്പെടുത്താമെന്ന രീതിയില്‍ ലക്ഷങ്ങളുടെ വസ്ത്രമണിഞ്ഞും ഉലകം ചുറ്റിയും ഉലാത്തി നടക്കുകയാണ്. ദലിത് വിഭാഗങ്ങള്‍, അവര്‍ വിദ്യാര്‍ഥികളോ ദരിദ്രരോ ആകട്ടെ സ്വന്തം വിദ്യാഭ്യാസത്തിനോ മൃതദേഹം മറവുചെയ്യാന്‍ പോലുമോ ഇടമില്ലാതെ അലയുന്നു. ഇവിടെയാണ് കള്ളപ്പണത്തിന്റെ പേരു പറഞ്ഞ് കോടിക്കണക്കിന് രൂപ വന്‍ കിടക്കാര്‍ക്കുവേണ്ടി വെളുപ്പിക്കാന്‍ അവസരമൊരുക്കി നാട്ടില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. അമ്പത് ദിവസം സഹിക്കൂ എന്നു പറഞ്ഞയാള്‍ മൂന്നു മാസമായിട്ടും നിയന്ത്രണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നില്ല. കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒരു പദ്ധതി പോലും ലഭിച്ചില്ല.
കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാറാകട്ടെ, തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കാമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്. അരിയുടെയും പച്ചക്കറിയുടെയും മറ്റും വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. റേഷന്‍ ധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥ സംസ്ഥാനചരിത്രത്തില്‍ ഇതാദ്യം. എല്ലാം ശരിയാക്കാനാകില്ലെന്ന് ഒരു മന്ത്രി തുറന്നു പറഞ്ഞിരിക്കുന്നത് ഭരണ പരാജയത്തിന്റെ പരസ്യ സമ്മതമാണ്. വിദ്യാര്‍ഥികള്‍ തങ്ങളുടെ അടിസ്ഥാന ആവശ്യമായ വിദ്യക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. പ്രതിഷേധിക്കുന്നവര്‍ക്ക് മരണമാണ് ശിക്ഷ. ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘടനയില്‍പെട്ട എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോള്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സമരത്തെ ഒറ്റുകൊടുത്തിരിക്കുകയാണ് എസ്.എഫ്.ഐ. ഇതിനെതിരെ ഭരണമുന്നണിയിലെ തന്നെ രണ്ടാംകക്ഷിയായ സി.പി.ഐ പരസ്യമായി രംഗത്തുവന്നപ്പോള്‍ അവരെ വിരട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അക്കാദമിക്ക് കൊടുത്ത സര്‍ക്കാര്‍ ഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷിക്കുമ്പോള്‍ അതുണ്ടാവില്ലെന്ന് പറയുന്നു മുഖ്യമന്ത്രി. ഒരു എം.എല്‍.എയും നേതാവും നിരാഹാരമിരിക്കുന്നതിനെ പരിഹസിക്കുന്നു. തിരുകൊച്ചിയിലെ മുന്‍ധനമന്ത്രിയെ ഏതു പിള്ള എന്നു ചോദിച്ച് ആക്ഷേപിച്ചതും ഇതേ മുഖ്യമന്ത്രിയാണ്. സി.പി.എം നേതാവ് അടങ്ങുന്ന നാലു പേര്‍ വീട്ടമ്മയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ശേഷം മൊഴി മാറ്റിച്ചു. സി.പി.എം ഏരിയാസെക്രട്ടറി ഗുണ്ടാകേസില്‍ അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ ഔദാര്യത്തില്‍ ജാമ്യത്തിലിറങ്ങി.
കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടക്കുമ്പോള്‍ പോലും കുട്ടികളില്‍ ഭീതിപരത്തി രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിക്കൊന്ന് അതും ആഘോഷമാക്കിയവരാണ് ഭരണക്കാര്‍. ഭരണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയില്‍ ഒരു ഉദ്യോഗസ്ഥനെ പിന്തുണച്ച് അഴിമതിക്കെതിരെ മേനി നടിക്കുന്നൊരു മുഖ്യമന്ത്രി. ഭരണ പരിഷ്‌കാര കമ്മീഷനും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ വൃന്ദവും പോലും എതിര്‍ക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുമായി മുന്നോട്ടു പോകുമെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇതിനെല്ലാമെതിരെ അധികാരക്കോട്ടകള്‍ തകര്‍ക്കുന്ന പ്രക്ഷോഭക്കൊടുങ്കാറ്റായി ഉയരട്ടെ യു.ഡി.എഫിന്റെ ജനകീയപ്രക്ഷോഭം.
- 8 years ago
chandrika
Categories:
Video Stories