X

കുറ്റകൃത്യങ്ങള്‍ കുറയാത്ത കേരളം

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തില്‍ കണ്ണീര്‍പൊഴിക്കുന്ന കേരള മന:സാക്ഷിക്കുമുമ്പില്‍ കുറ്റകൃത്യങ്ങളുടെ പെരുകുന്ന കണക്കുകളാണ് സര്‍ക്കാറിന് പകരം വെക്കാനുള്ളത്. ക്രമസമാധാനം ഇത്രമേല്‍ കീഴ്‌മേല്‍ മറിഞ്ഞ കാലഘട്ടം കേരളം മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. കവലകള്‍ മുതല്‍ കാമ്പസ് വരെ ചെറുതും വലുതുമായ കുറ്റകൃത്യങ്ങളുടെ വേദനിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊടും കുറ്റവാളികളുടെ നീരാളിക്കൈകള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്നവരുടെ നിലവിളികളാല്‍ കേരളത്തിന്റെ ഹൃത്തടങ്ങള്‍ കിടിലംകൊള്ളുകയാണ്. സ്വസ്ഥത തകര്‍ന്നൊരു നാടിന് കാവലിരിക്കാന്‍ കെല്‍പ്പില്ലാത്ത ക്രമസമാധാനപാലകരെ തീറ്റിപ്പോറ്റുകയാണ് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ്. പലയിടങ്ങളിലും വേലി തന്നെ വിളവ് തിന്നുന്ന ദയനീയാവസ്ഥ വല്ലാതെ ഭീതിപ്പെടുത്തുന്നു. കണ്ണിലെ കൃഷ്ണമണി പോലെ ക്രമസമാധാനം കാത്തുസൂക്ഷിക്കേണ്ട പൊലീസ് അധികാരികള്‍ തന്നെ അടിച്ചും തൊഴിച്ചും ഇടിച്ചും ഉരുട്ടിയും ആളുകളെ കശാപ്പുചെയ്യുന്നു. ശ്രീജിത്തിനും കെവിനും പിന്നാലെ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയില്‍ പൊലീസിനെ പേടിച്ച് ദമ്പതികള്‍ ആത്മഹത്യയില്‍ അഭയംതേടി. ഓരോ ദാരുണ സംഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളാക്കി ലഘൂകരിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ‘തൊലിക്കട്ടി’യില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് മലയാളികള്‍. മാഫിയാസംഘങ്ങള്‍ മൂക്കിനു താഴെ സൈ്വരവിഹാരം നടത്തുമ്പോഴും കണ്ണുംപൂട്ടി കാവടിയാട്ടം കളിക്കുകയാണ് കേരളത്തിലെ ക്രമസമാധാന പാലകര്‍. അവിശ്വസനീയമാംവിധം കേസ് തെളിയിക്കുന്നവരെന്ന് സംസ്ഥാനത്തെ പൊലീസുകാരെ വിശേഷിപ്പിച്ച മുഖ്യമന്ത്രി സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വാക്കുകളില്‍ അലങ്കാരം ചാര്‍ത്തുകയാണ്. രണ്ടുദിവസം മുമ്പ് പിണറായി വിജയന്‍ നടത്തിയ വാക്പ്രയോഗത്തെ ‘സാക്ഷ്യ’പ്പെടുത്തുന്നതാണ് ഇന്നലെ എറണാകുളത്തു നടന്ന അറസ്റ്റ്. അഭിമന്യുവിന്റെ ഘാതകരെ തേടി റെയ്ഡ് നടത്തുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം മെയ് 29ന് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി പൊലീസിനെ അക്രമിച്ച പ്രതികളെ പിടികൂടുന്നത്. കൊച്ചിയിലെ പൊലീസുകാരുടെ കാലുകള്‍ക്കിടയിലൂടെ കറങ്ങിനടന്നിരുന്ന ഈ കുറ്റവാളികളെ പിടികൂടാന്‍ ഒരു വര്‍ഷവും ഒരു മാസവും കാത്തിരിക്കേണ്ടി വന്നു നമ്മുടെ പൊലീസിന്. കുത്തഴിഞ്ഞ പൊലീസ് സംവിധാനങ്ങള്‍ക്കിടയില്‍ കുറ്റവാളികള്‍ വിലസുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കാനേ സര്‍ക്കാറിന് കഴിയുന്നുള്ളൂ.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ നിലവില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) അനുസരിച്ചുള്ള കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനവും നമ്മുടെ സംസ്ഥാനത്തിനാണ്. രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനവും കേരളത്തിലാണ് നടക്കുന്നത്. വന്‍ നഗരങ്ങളിലെ കുറ്റകൃത്യ നിരക്കില്‍ കൊച്ചിക്കാണ് പ്രഥമസ്ഥാനം. ഐ.പി.സി കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഡല്‍ഹിക്കു പിന്നിലായി കൊച്ചി രണ്ടാമതും കോഴിക്കോട് പത്താമതും നില്‍ക്കുന്നു. ഐ.പി.സി അനുസരിച്ചുള്ള 16,052 കുറ്റകൃത്യങ്ങളാണ് കൊച്ചിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ അനുസരിച്ചുള്ള കുറ്റകൃത്യങ്ങളിലും കൊച്ചി തന്നെയാണ് മുന്നില്‍. ഇത്തരത്തില്‍ 38,073 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയിലുണ്ടായത്. ഇതെല്ലാം അറിഞ്ഞുകൊണ്ടുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന എറണാകുളം ജില്ലയില്‍ തന്നെയാണ് സമീപകാലത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ളത്. അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ മാത്രം കോളജ് കാമ്പസുകള്‍ പാകപ്പെടുന്നത് ഇതിന്റെ നേര്‍സാക്ഷ്യമാണ്. നാഷണല്‍ ക്രൈ റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 7,07,870 കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ 54,125 കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016ല്‍ സംസ്ഥാനത്ത് 305 കൊലപാതക കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയിരുന്നത്. രണ്ടര ശതമാനം വളര്‍ച്ചയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനത്തുള്ളത്. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തില്‍ തന്നെയാണ്. ഇക്കാര്യത്തിലും കൊച്ചിയാണ് മുന്നില്‍ നില്‍ക്കുന്നത്. പതിനഞ്ച് ശതമാനം കേസുകളാണ് കഴിഞ്ഞ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പ്രകാരം കണക്കാക്കിയിട്ടുള്ളത്.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുമെന്നു നാക്കുനീളെ പ്രസംഗിച്ചു നടക്കുന്ന മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ഇക്കാര്യത്തിലും വാക്കുപാലിക്കാനായില്ല എന്നതിന്റെ രക്തസാക്ഷിയാണ് അഭിമന്യു. കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്തെ സി.പി.എം-ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സ്വാധീന മേഖലകളില്‍ ഇപ്പോഴും രക്തച്ചൊരിച്ചിലുകള്‍ക്ക് ശമനമില്ല. ചെറുതും വലുതുമായ സംഘര്‍ഷങ്ങള്‍ ഇടതടവില്ലാതെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം 1171 രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 1361 പേര്‍ ഇത്തരം കേസുകളില്‍ അകപ്പെട്ടിട്ടുണ്ട്. 3.3 ശതമാനമാണ് കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നിരക്ക്. മറ്റു സംഘര്‍ഷങ്ങളുടെയും കലാപങ്ങളുടെയും വിഭാഗത്തില്‍ 5089 കേസുകള്‍ കഴിഞ്ഞ വര്‍ഷാവസാനം വരെ ഇവിടെ നിലവിലുണ്ട്. ഉത്തര്‍പ്രദേശിനും ബിഹാറിനും കര്‍ണാകത്തിനും പിന്നാലെ 14.2 ശതമാനം കേസുകളാണ് ഇത്തരത്തില്‍ കേരളത്തില്‍ നടക്കുന്നത്. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങളിലും ക്രമാതീതമായ വളര്‍ച്ചയാണ് സംസ്ഥാനത്ത് കാണുന്നത്. ഇവയിലെല്ലാം ദേശീയ ശരാശരിയുടെ ഇരട്ടി കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കാര്യങ്ങള്‍ ഇത്ര ഗൗരവമാണെങ്കിലും കുറ്റവാളികളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല എന്നതാണ് ഖേദകരം. മാത്രമല്ല, പലപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന നിലപാടാണ് ഭരണകൂടത്തില്‍നിന്നും ക്രമസമാധാന പാലകരില്‍നിന്നുമുണ്ടാകുന്നത്. ‘സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ ഒരു സര്‍ക്കാറിനു കീഴില്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ടു കഴിയേണ്ട ദുരവസ്ഥയില്‍ നെഞ്ചത്തു കൈവെച്ചു നിലവിളിക്കുകയാണ് കേരളം. സ്വസ്ഥമായൊരു ജീവിതത്തിന് സാഹചര്യമുണ്ടാകുന്നില്ലെങ്കില്‍ ജനങ്ങള്‍ തന്നെ ഈ സര്‍ക്കാറിനെ താഴെയിടുമെന്നതില്‍ യാതൊരു സംശയവുമില്ല.

chandrika: