X

വൈകിയെത്തുന്ന നീതി

നാലു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതോടൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശിപാര്‍ശക്ക് കേന്ദ്രം അംഗീകാരം നല്‍കുകയുണ്ടായി. നിലവിലുണ്ടായിരുന്ന ഒമ്പത് ജഡ്ജിമാരുടെ കുറവിലേക്കാണ് പുതുതായി മൂന്ന് നിയമനം നടന്നത്.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീകോടതി ജഡ്ജിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം രാജ്യത്തെ ആശങ്കാ ജനകമാക്കുന്നതായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയായ കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഈ ശിപാര്‍ശ മടക്കുകയായിരുന്നു. സീനിയോറിറ്റി മാനദണ്ഡത്തിന്റെ പേരിലായിരുന്നു നിയമ മന്ത്രാലയത്തിന്റെ അപ്രതീക്ഷിത നീക്കം. ഇതിനു പിന്നാലെ കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഏപ്രിലില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാറിന്റെ മുമ്പില്‍ മറ്റുവഴികളില്ലാതായതോടെയാണ് ജോസഫിന്റെ പേര് അംഗീകരിക്കാന്‍ തയ്യാറായത്.
ഉന്നത നീതിപീഠത്തിന്റെ അസംതൃപ്തിക്ക് വരെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സമീപനം കാരണമായിത്തീര്‍ന്നിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ സിക്രി എന്നിവരടങ്ങിയ കൊളീജിയം ഒറ്റക്കെട്ടായി മാസങ്ങള്‍ക്കു മുമ്പ് തന്നെ ജസ്റ്റിസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തതാണ്. ഈ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിക്കപ്പെട്ട ശിപാര്‍ശ പക്ഷേ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ജോസഫിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്ന കൊളീജിയം ജൂലൈ 16ന് വീണ്ടും സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കൊളീജിയം രണ്ടുതവണ ഒരാളുടെ പേര്‍ ശിപാര്‍ശ ചെയ്താല്‍ അത് തള്ളാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരിക്കുന്നത്.
എന്നാല്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അദ്ദേഹത്തിന് അംഗീകാരം നല്‍കാന്‍ തയ്യാറായപ്പോഴും അദ്ദേഹത്തെ പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്നല്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. അര്‍ഹതപ്പെട്ട സീനിയോറിറ്റി അദ്ദേഹത്തിന് നല്‍കാന്‍ മോദിസര്‍ക്കാറിന് മനസ്സുവന്നിട്ടില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ പിറകിലാണ് അദ്ദേഹത്തിന്റെ പേര് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ കൊളീജിയം നല്‍കിയ പട്ടികയില്‍ ഒന്നാമനായിട്ടാണ് ജസ്റ്റിസ് ജോസഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ സമീപിച്ചിരിക്കുകയാണ്.
കെ.എം ജോസഫിനേക്കാളും സീനിയറായ മറ്റു ജഡ്ജിമാരുണ്ടെന്നും ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാല്‍ കേരളത്തിന്റെ പ്രാതിനിധ്യം രണ്ടായി ഉയരുമെന്നുമുള്ള തടസ വാദമായിരുന്നു ആദ്യത്തെ തവണ അദ്ദേഹത്തിന്റെ പേര് മടക്കാന്‍ കാരണമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം ജഡ്ജിമാരായി നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തില്‍ മുട്ടു മടക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
2016ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് അസാധുവാക്കിയിരുന്നു. ഈ നടപടിയിലുള്ള പ്രതികാരമാണ് ജസ്റ്റിസ് ജോസഫിനോട് സര്‍ക്കാര്‍ കാണിക്കുന്നത്. സുപ്രീംകോടതിയില്‍ ആവശ്യത്തിനുള്ള ന്യായാധിപന്‍മാരില്ലെന്ന മുറവിളി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കഴിവുറ്റ ഒരു ന്യായാധിപനെ തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിന് വഴങ്ങാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലുകളിലൊന്നായ ജുഡീഷ്യറിയെ കൈവെള്ളയിലൊതുക്കാനുള്ള കഠിനശ്രമം കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും നടന്നുകൊണ്ടിരിക്കുകയാണ്. നിയമ നിര്‍മാണ സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലെ മാര്‍ഗതടസ്സമായി മാറുന്നത് പലപ്പോഴും നീതിന്യായ സഭയുടെ ഇടപെടലാണ്. ജന വിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ സര്‍ക്കാറിന്റെ പല നയങ്ങളും പരമോന്നത നീതപീഠത്തിന്റെ ഇടപെടല്‍ മൂലം ലക്ഷ്യത്തിലെത്താതെ പോയിട്ടുണ്ട്. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും വരുതിയിലുള്ള മോദിസര്‍ക്കാറിന് പലപ്പോഴും തലവേദനയായി മാറുന്നത് ഈ ഇടപെടലാണ്. അത്‌കൊണ്ട് തന്നെ നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നത് സ്വാഭാവികവുമാണ്.
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലില്ലാത്ത വിധം രാജ്യത്തിന്റെ പരമോന്നത നീതിപീഠം പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോള്‍ കടുത്ത ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരുന്ന ഭരണകൂടം നിസ്സംഗതയോടെ നോക്കിനിന്നത് കേവല യദൃശ്ചികമല്ല. ചീഫ് ജസ്റ്റിസിനെതിരെ അതി ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നപ്പോള്‍ ആരോപണ വിധേയനെ വെള്ളപൂശുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസ് വീതം വെക്കുന്നതില്‍ സീനിയോറിറ്റി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച് രാജ്യത്തെ ഞെട്ടിച്ചപ്പോള്‍ ഗൗരവതരമായി ഈ വിഷയത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു മോദിസര്‍ക്കാര്‍. ഒടുവില്‍ ആരോപണം ഉന്നയിച്ച ജസ്റ്റിസ് ചെലമേശ്വറിന് മാന്യമായ ഒരു വിടവാങ്ങലിനു പോലും അവസരം ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി.
പ്രതിപക്ഷത്തെയോ സ്വന്തം മുന്നണിയിലെ കക്ഷികളെയോപോലും വിശ്വാസത്തിലെടുക്കാത്ത സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള കഠിന ശ്രമത്തിലാണ്. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ സകല മാനദ്ണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്. ജുഡീഷ്യറിയെയും ഈ നീക്കത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമായിട്ടുവേണം ജസ്റ്റിസ് ജോസഫിനോടുള്ള സര്‍ക്കാറിന്റെ സമീപനത്തെ കാണാന്‍.

chandrika: