ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള 1965ലെ കേരള ഹിന്ദു ആരാധനാലയ നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതു സംബന്ധിച്ച് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. 12 വര്‍ഷമായി തുടരുന്ന നിയമ പോരാട്ടങ്ങളുടെ അന്ത്യത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ക്ഷേത്രത്തില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സെപ്തംബര്‍ 28ന് വിധി പുറപ്പെടുവിച്ചത്. അതിന്മേല്‍ പുന:പരിശോധനാഹര്‍ജി നല്‍കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാരും അവര്‍ക്ക് മുന്‍തൂക്കമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. വിധിയെ എതിര്‍ത്തുകൊണ്ട് കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന ബഹുജന റാലിയില്‍ സ്ത്രീകളുള്‍പ്പെടെ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തുവെന്നത് ജനാധിപത്യസമൂഹത്തിനകത്ത് ലളിതമായി കാണേണ്ട ഒന്നല്ല.
കേരള നിമസഭയുടെ നിയമത്തിലെ ചട്ടം ഹൈന്ദവാചാരം സംരക്ഷിച്ചുകൊണ്ടും ശബരിമലയുടെ സവിശേഷമായ അനുഷ്ഠാനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുമുള്ളതുമാണ്. എന്നാല്‍ ഈ വകുപ്പ് ഭരണഘടനയുടെ മൗലിക സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്രയും ജസ്റ്റിസ് ഖന്‍വില്‍ക്കറും വിധിച്ചത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് നരിമാന്‍ എന്നിവരും വിധിയെ അനുകൂലിച്ചപ്പോള്‍ ഭരണഘടനാബെഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് വിധി പ്രസ്താവിക്കുകയായിരുന്നു. വിധിയെ ശബരിമലയുടെ മേല്‍ശാന്തിയും തന്ത്രിയും പന്തളം രാജകുടുംബവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരുവിഭാഗവും എതിര്‍ക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ. പത്മകുമാര്‍, വിധിയോട് യോജിക്കുന്നില്ലെന്നും യഥാര്‍ത്ഥ സ്ത്രീവിശ്വാസികളും തന്റെ കുടുംബത്തിലെ സ്ത്രീകളും ശബരിമല ക്ഷേത്രത്തില്‍ പോകില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. കോടതിയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കുകയും വിധിയെ അനുകൂലിക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഇതുസംബന്ധിച്ച സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ള കമ്യൂണിസ്റ്റുകാരും യുക്തിവാദികളും ശബരിമലയിലെ എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നുവെന്നതില്‍ അല്‍ഭുതത്തിന് അവകാശമില്ല. ഒരേസമയം മനുഷ്യരാരും ക്ഷേത്രങ്ങളില്‍ പോകരുതെന്ന് പറയുന്നവരുമാണ് ഇക്കൂട്ടര്‍. ദൈവത്തിലും മതത്തിലുമുള്ള വിശ്വാസ രാഹിത്യമാണ് കമ്യൂണിസ്റ്റുകളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതും ചെയ്യിക്കുന്നതും. സുപ്രീംകോടതി വിധിയെ അവര്‍ അനുകൂലിക്കുന്നതിനുകാരണം അത് മത വിശ്വാസത്തെയും ആചാരത്തെയും ലംഘിക്കുന്നുവെന്നതുകൊണ്ടുമാത്രമാണെന്ന് അറിയാനും ്പ്രയാസമില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം അതൊന്നുമല്ല.
2006ല്‍ കേരളത്തിലെ യങ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതും വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചതും. ഹര്‍ജിയെ അനുകൂലിച്ച് ശബരിമല വിശ്വാസികളിലാരെങ്കിലും രംഗത്തിറങ്ങുകയോ കോടതിയില്‍ തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയോ ഉണ്ടായിട്ടില്ല. അതേസമയം ശബരിമലയുടെ ഭരണാധികാരികളായ ദേവസ്വംബോര്‍ഡും കേരളത്തിലെ മുന്‍ യു.ഡി.എഫ് സര്‍ക്കാരും സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് മുമ്പുതന്നെ സ്വീകരിച്ചത്. ഇതിനുകാരണം ദൈവ വിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യം ആത്യന്തികമായി സംരക്ഷിക്കണമെന്ന ജനാധിപത്യവിശ്വാസികളുടെ ഉറച്ചനിലപാടാണ്. ഈ നയം ഏതെങ്കിലും വിശ്വാസവുമായി മാത്രം ഉല്‍ഭവിച്ചതല്ല. രാജ്യത്തിന്റെ ഭരണഘടന അതെഴുതുമ്പോള്‍തന്നെ രേഖപ്പെടുത്തിവെച്ച മതവിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത്. മതവിശ്വാസങ്ങള്‍ കൊണ്ടുനടക്കാനും ആയത്പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശമാണിത്. വകുപ്പ് 26ല്‍ മതത്തിന്റെ ഉള്ളിലെ പ്രത്യേക ഉപവിഭാഗത്തിന്റെ ആചാരം സംരക്ഷിക്കുന്നതിനെക്കുറിച്ചും ബോധിപ്പിക്കുന്നുണ്ട്. അത്തരമൊരു ഘടകം കൂടിയാണ് ശബരിമല അയ്യപ്പക്ഷേത്രത്തിലുള്ളതെന്നാണ് ശബരിമല വിശ്വാസികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ അഥവാ ശാസ്താവ് നൈഷ്ഠിക(നിത്യ) ബ്രഹ്മചാരിയാണെന്നും അതുകൊണ്ട് ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അയ്യപ്പ സന്നിധിയില്‍ പ്രവേശിക്കരുതെന്നുമാണ് ആ വ്യവസ്ഥ. ഈ ആചാരത്തെ ഭരണഘടനയുടെ തുല്യതക്കുള്ള മൗലികാവകാശവുമായി കൂട്ടിക്കുഴക്കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നതും ആയത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതും.
ഏതുവിധത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും മനുഷ്യന്റെ പൊതുനന്മക്കായിരിക്കണം. ജീവനെയും സാമൂഹ്യജീവിതത്തെയും ഇല്ലാതാക്കുന്ന സതിയുമായോ അയിത്തവുമായോ സാമ്യപ്പെടുത്തേണ്ടതല്ല ശബരിമല വിധി. കോടതി അനുവദിച്ചതിനുശേഷവും അവിടെ പോകില്ലെന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും പറയുന്ന സ്ഥിതിക്ക് വിശേഷിച്ചും. രാജ്യത്തെ ഏതെങ്കിലും നിയമം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരെങ്കില്‍ അതിനെ അസാധൂകരിക്കേണ്ടത് ഉന്നത നീതിപീഠം തന്നെയാണെങ്കിലും, കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന നിയമത്തെയും അതിലുമെത്രയോ കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരത്തെയും എങ്ങനെയാണ് കോടതിക്ക് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുക. മതത്തിനകത്ത് പരിഷ്‌കരണങ്ങള്‍ വേണമെങ്കില്‍ അവ വരുത്തേണ്ടത് അതിനകത്തുതന്നെയുള്ള വിശ്വാസി സമൂഹമായിരിക്കണം. അതാണ് ലോകത്തിന്റെ പാരമ്പര്യവും കീഴ്‌വഴക്കവും. ശരീഅത്ത് മുതലായ ഇസ്്‌ലാം മത വിശ്വാസാനുഷ്ഠാന കാര്യങ്ങളിലും സമാനമായ ചോദ്യമാണ് മുമ്പും രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. മതത്തിന്റെ പ്രത്യേകമായ സംഹിതകളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനാതത്വം നിലവിലിരിക്കെ തന്നെയാണ് രാജ്യത്ത് ഏക സിവില്‍ നിയമവ്യവസ്ഥ വേണമെന്ന് ചിലര്‍ ആവശ്യമുന്നയിക്കുന്നത്. അതില്‍ മുന്‍പന്തിയിലുള്ളത് പൗരാണികമായ ഹൈന്ദവ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണെന്നത് കൗതുകകരമാണ്. ഏകശിലാരീതി എന്നതിനര്‍ത്ഥം രാജ്യം അതിന്റെ വിശ്വാസപരവും സാംസ്‌കാരികവുമായ വൈജാത്യപാരമ്പര്യം കുഴിച്ചുമൂടുക എന്നാണ്. അത്തരമൊരവസ്ഥയില്‍ മാനവ സംസ്‌കൃതിക്കും മനുഷ്യകുലത്തിനുതന്നെയും നിലനില്‍പില്ല. ശബരിമലയുടേതടക്കമുള്ള അടുത്തകാലത്തെ കേവലസാങ്കേതികത്വത്തിലൂന്നിയുള്ള ചില സുപ്രീംകോടതി വിധികള്‍ വലിയ ചോദ്യങ്ങളാണ് ഇന്ത്യയെപോലുള്ള ബഹുമത വിശ്വാസസമൂഹത്തില്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്.
- 6 years ago
chandrika
Categories:
Video Stories