X

പൂരം കഴിഞ്ഞിട്ടൊരു വെടിക്കെട്ടുത്സവം

കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കാന്‍ സമഗ്ര ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലത്തെ ഗൃഹസന്ദര്‍ശനത്തിനും ബോധവത്കരണത്തിനും ശേഷം സ്വാതന്ത്ര്യ ദിനത്തില്‍ ‘മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം’ പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി. ഇതോടെ കേരളം സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാകുമെന്നാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം പനി മരണങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും ഏറെ പഴികേട്ട പിണറായി സര്‍ക്കാറിന് വൈകിയുദിച്ച വിവേകമാണ് ഈ മഹായജ്ഞമെന്ന് പറയാതെ വയ്യ. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാതെ, കേരളത്തെ അനാരോഗ്യത്തിന്റെ ആഴക്കയത്തിലേക്ക് എടുത്തെറിഞ്ഞ ആരോഗ്യ വകുപ്പ്, പൂരം കഴിഞ്ഞ്, പൂരപ്പറമ്പിലെ ആള്‍ത്തിരക്കുമൊഴിഞ്ഞ് വെടിക്കെട്ടുത്സവം നടത്തും പോലെയാണ് പുതിയ പദ്ധതിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ഇടവപ്പാതിയില്‍ നിന്നു കര്‍ക്കിടകപ്പാതിയിലെത്തി നില്‍ക്കുന്ന കാലവര്‍ഷം പെയ്തുതീര്‍ന്നൊഴിയാന്‍ നേരത്തുള്ള ഈ പദ്ധതി എത്രമാത്രം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാം.
മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച സംഭവിച്ചതാണ് കേരളത്തെ ഇത്ര ഭീതിതമാംവിധം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിട്ടത്. ഇക്കാര്യം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ യു.ഡി.എഫ് അംഗങ്ങളെ പുച്ഛിച്ച പിണറായിയും വകുപ്പ് മന്ത്രിയും പരിഹാര നടപടികള്‍ നേരത്തെ തുടങ്ങിവച്ചിട്ടുണ്ടെന്ന മുടന്തന്‍ ന്യായമാണ് നിരത്തിയത്. എന്നാല്‍ പത്ര പരസ്യങ്ങളിലും സര്‍ക്കാര്‍ പോസ്റ്ററുകളിലും മാത്രമാണ് ‘മാലിന്യ നിര്‍മാര്‍ജന’ത്തെ പൊതുജനം കണ്ടത്. പാതയോരങ്ങളിലും പൊതുയിടങ്ങളിലും പുഴകളിലും തോടുകളിലും കവലകളിലും കുളങ്ങളിലുമെല്ലാം അപ്പോഴും മാലിന്യം കുമിഞ്ഞുകൂടുകയായിരുന്നു. ഇവയില്‍ മാരകശേഷിയുള്ള കൊതുകുകള്‍ പെറ്റുപെരുകിയാണ് ഇന്നു കാണും വിധം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചത്. ലക്ഷക്കണക്കിനാളുകള്‍ പനി ബാധിതരായതും പതിനായിരത്തോളം പേര്‍ക്ക് ഗുരുതര പനി സ്ഥിരീകരിച്ചതും ആയരക്കണക്കിനാളുകള്‍ അത്യാസന്ന നിലയിലായതും അഞ്ഞൂറോളം പേര്‍ മരണത്തിനു കീഴടങ്ങിയതും ഇതിന്റെ പരിണിത ഫലങ്ങളാണ്. എച്ച് വണ്‍ എന്‍ വണ്ണും ഡിഫ്തീരിയയും ഡങ്കിപ്പനിയും മാത്രമല്ല, ചിക്കുന്‍ഗുനിയയും മലമ്പനിയും എലിപ്പനിയും ഉള്‍പ്പെടെ മുമ്പ് നാം ഉച്ഛാടനം ചെയ്ത സര്‍വവിധ പകര്‍ച്ചവ്യാധികളും വീണ്ടും സജീവമായി തലപൊക്കിയതിന്റെ ഉത്തരവാദി സര്‍ക്കാറല്ലാതെ മറ്റാരാണ്? രോഗാണുക്കള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ മൂലകാരണങ്ങളില്‍ പ്രധാനം മാലിന്യക്കൂമ്പാരങ്ങളാണ്. ഇവ നിര്‍മാര്‍ജനം ചെയ്യുന്നതിനു വേണ്ടി സക്രിയമായ എന്തു പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും നിര്‍വഹിച്ചത്. പരസ്പരം ഏകോപനമില്ലാതെ തോന്നിയ പോലെ ഭരണം നടത്തുന്ന മന്ത്രിമാര്‍ പൊതുജനത്തിന്റെ ജീവന്‍ പന്താടുകയല്ലേ ചെയ്തത്?
വിമര്‍ശങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ കക്ഷിയോഗം ചേര്‍ന്ന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പോലും യാഥാര്‍ഥ്യമായില്ല എന്നതാണ് വേദനാജനകം. ‘പകര്‍ച്ചപ്പനികള്‍ അടക്കമുള്ള മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മനസുവെക്കണം. ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി യാതൊന്നുമില്ല എന്ന തിരിച്ചറിവോടെയാവണം പ്രാദേശിക സര്‍ക്കാരുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത്. പഞ്ചായത്ത്/നഗരസഭയുടെ അധികാര പരിധിയില്‍ വരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നു വീതവും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടു വീതവും ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും താല്‍ക്കാലികമായി നിയമിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്’- സര്‍വകക്ഷി തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വേവലാതിപ്പെടുന്ന കാര്യങ്ങളാണിത്. ജൂണ്‍ അവസാന വാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താനാണ് വകുപ്പ് മന്ത്രി സര്‍ക്കുലറയച്ചത്. എത്ര സ്ഥാപനങ്ങള്‍ ഇത് പൂര്‍ണമായി നടപ്പാക്കിയെന്നു മനസിരുത്തി വിലയിരുത്താന്‍പോലും വകുപ്പ് തയാറായില്ല എന്നതാണ് പരമാര്‍ഥം. അടിസ്ഥാന സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ജീവനക്കാരുടെ അനാവശ്യ സ്ഥലംമാറ്റം കാരണം പൊറുതിമുട്ടുന്ന തദ്ദേശ സ്ഥാപനങ്ങളും മന്ത്രിയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് സ്വയം ത്യജിച്ച് രംഗത്തിറങ്ങുമെന്ന വ്യാമോഹം മാത്രം ബാക്കിയായി എന്നതല്ലാതെ ഉത്തരവ് പച്ചപിടിച്ചില്ലെന്നര്‍ഥം.
സര്‍ക്കാര്‍ ആസ്പത്രികളിലെ അനാസ്ഥയും അസൗകര്യങ്ങളും പദ്ധതി പാളിപ്പോകാന്‍ ഇടയായെന്ന് ഇതോടൊപ്പം ചേര്‍ത്തുപറയേണ്ടതാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് ഏഴു ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. മാലിന്യ സംസ്‌കരണത്തിലെ വീഴ്ചയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചയും കാരണം നിരവധി ജീവനുകള്‍ ബലികൊടുക്കേണ്ടി വന്നു. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ചെയ്തത്. ആരോഗ്യ ഡയറക്ടറേറ്റ് തയാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ വലിയ ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാമായിരുന്നു. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി എന്നിവയുടെ വ്യാപനം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാകുമെന്ന ഗൗരവമേറിയ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിന് കേരളം മാപ്പു നല്‍കില്ല. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇത്തവണ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു പ്രതിരോധ പ്രവര്‍ത്തനവും നടത്തിയില്ലെന്ന അനുഭവം മുന്നിലുണ്ട്. അതിനിടെയാണ് മാലിന്യ നിര്‍മാര്‍ജനത്തിന് പുതിയ പേരും രൂപവും നല്‍കി സര്‍ക്കാര്‍ വീണ്ടും വേഷം കെട്ടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് അറിയാന്‍ പൊതുജനത്തിന് ആകാംക്ഷയുണ്ട്. മുഖ്യമന്ത്രിയുടെ വീരവാദങ്ങള്‍ക്കും വകുപ്പ് മന്ത്രിമാരുടെ വിടുവായത്തങ്ങള്‍ക്കും വേദിയൊരുക്കുക എന്നതിനപ്പുറം പവിത്രമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് വേണ്ടത്. അങ്ങനെയെങ്കില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ പൊതുസമൂഹം പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവരും. കേരളത്തിന്റെ പൂര്‍വകാല ചരിത്രം അതിന് സാക്ഷ്യമാണ്. ഇനിയും അമാന്തം കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന കാര്യം മറക്കരുത്. വര്‍ഷത്തിലൊരിക്കല്‍ ശുചിത്വ ദിനാചരണം കൊണ്ടോ ബോധവത്ക്കരണം കൊണ്ടോ പരിഹരിക്കാവുന്നതല്ല മാലന്യ പ്രശ്‌നം. ഈ വലിയ വിപത്തിനെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വന്‍കിട പദ്ധതികള്‍ തന്നെ വേണം. ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്‌കരണവുമാണ് അഭികാമ്യം. വീട്ടിലും നാട്ടിലും ശുചിത്വം നടപ്പാക്കി മാലിന്യ നിര്‍മാര്‍ജനം ജനകീയമാക്കാന്‍ കഴിയണം. വെടിപ്പും വൃത്തിയും ആരോഗ്യവുമുള്ള സമൂഹത്തിന്റെ പുന:സൃഷ്ടിക്കായുള്ള പ്രായോഗിക നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെങ്കില്‍ അതു ഫലം ചെയ്യും. മറിച്ചാണെങ്കില്‍ ഒരു ദിനാചരണംകൂടി മാലിന്യക്കൂമ്പാരത്തില്‍ കിടക്കുമെന്നു മാത്രം.

chandrika: