അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നത് പഴമൊഴിയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ കാര്യത്തില്‍ ഇത് വെറുമൊരു പഴമൊഴിയല്ല, തികഞ്ഞ യാഥാര്‍ത്ഥ്യമാണ്. ഈ അമ്മയുടെ കാര്യത്തില്‍ മക്കള്‍ രണ്ടു പക്ഷത്തല്ല, പല പക്ഷത്താണെന്നുമാത്രം. സമീപദിവസങ്ങളില്‍ അമ്മയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളും വാര്‍ത്തകളും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമ്മയുടെ കാര്യത്തില്‍ മക്കള്‍ മാത്രമല്ല, മക്കളുടെ കാര്യത്തില്‍ അമ്മയും രണ്ട് പക്ഷത്താണിവിടെ. യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള കലുഷിതമായ അന്തരീക്ഷത്തിലാണ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. യോഗത്തിലെ ചര്‍ച്ചകളുടെയും വിമര്‍ശനങ്ങളുടേയുമെല്ലാം ആകെത്തുക, തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അണി നിരന്ന താരനേതാക്കളുടെ വാക്കിലും മുഖത്തും പ്രകടമായിരുന്നു. അത് കൂടുതല്‍ ശരിവെക്കുന്നതാണ് നടന്‍ ഗണേഷ് കുമാര്‍ അമ്മ പ്രസിഡണ്ട് ഇന്നസെന്റിന് അയച്ച കത്തിലൂടെ വെളിപ്പെടുന്നത്. മാധ്യമങ്ങള്‍ വഴി പുറത്തുവന്ന കത്ത് താന്‍ അയച്ചതു തന്നെയാണെന്ന് ഗണേഷ്‌കുമാര്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് അതിലിനി ഗൂഢാലോചന ആരോപിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കാം. ‘അമ്മ’യെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ രോഷം കൊണ്ടത് ഗണേഷ് കുമാറായിരുന്നു. അതേ ഗണേഷ് കുമാര്‍ തന്നെയാണ് കപട ‘മാതൃത്വം’ വെടിഞ്ഞ് സംഘടന പിരിച്ചുവിട്ട് സ്വന്തം കാര്യം നോക്കാന്‍ ‘മക്കളോട്’ നിര്‍ദേശിക്കണമെന്ന് അമ്മ പ്രസിഡണ്ടും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിനയച്ച കത്തില്‍ പറയുന്നത്. അമ്മയില്‍ ഇപ്പോള്‍ ഉരുണ്ടുകൂടൂന്ന കാര്‍മേഘങ്ങള്‍, ഒരു പരിധിവരെ ആ സംഘടനക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനെ ഊതിവീര്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം ഉണ്ടാകരുത്. നിലവിലെ വിവാദങ്ങളുടെ അടിസ്ഥാനം ചലച്ചിത്ര മേഖലയിലെ ഗോസിപ്പുകളുമായല്ല, കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. വ്യക്തി വൈരാഗ്യവും കുടിപ്പകയും തീര്‍ക്കുന്നതിന് വേണ്ടി പെണ്ണിന്റെ മാനം അപഹരിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നത് ക്രമസമാധാന തകര്‍ച്ചയുടെ ഏറ്റവും വലിയ ചൂണ്ടുപലകയാണ്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിഞ്ഞ ടി.പി സെന്‍കുമാര്‍ ഇന്നലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ അതിന്റെ മറ്റൊരു തെളിവാണ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്താണ് നടക്കുന്നതെന്ന് ടീം ലീഡര്‍ പോലും അറിയുന്നില്ലെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. നടന്‍ ദിലീപ്, ഡ്രൈവര്‍ അപ്പുണ്ണി, സംവിധായകന്‍ നാദിര്‍ ഷാ എന്നിവരെ അന്വേഷണ സംഘം മാരത്തണ്‍ ചോദ്യംചെയ്യലിന് വിധേയമാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ വിശ്വാസ്യതയെ തന്നെ സെന്‍കുമാറിന്റെ വാക്കുകള്‍ ചോദ്യം ചെയ്യുന്നുണ്ട്.
ജിഷ വധക്കേസിലെ പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയാണ് ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ എത്തിയത്. യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ‘കീഴടങ്ങിയ’ പ്രതിയെ കോടതി മുറിയില്‍ കയറി അറസ്റ്റു ചെയ്തതല്ലാതെ, കേസന്വേഷണത്തില്‍ കാര്യമായ തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നത് സര്‍ക്കാറിന്റെ വീഴ്ചയാണ്. അത്തരം വീഴ്ചകള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ത്രാണിയില്ലാത്ത തരത്തിലേക്ക് ചലച്ചിത്ര താരങ്ങളുടെ സംഘടന എത്തിപ്പെട്ടിരിക്കുന്നു എന്നത് കേവലം മാധ്യമ വിമര്‍ശനമല്ല. സംഘടനക്കകത്തു നിന്നുതന്നെയുള്ള ഏറ്റുപറച്ചിലാണ്. എം.എല്‍.എമാര്‍ കൂടിയായ മുകേഷും ഗണേഷും വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ രോഷപ്രകടനം യഥാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയല്ല, അതേ വേദിയിലിരുന്ന അമ്മ ഭാരവാഹികള്‍ക്കു നേരെയാണ് അവേണ്ടിയിരുന്നത്.
ആരും ഉന്നയിക്കാതിരുന്നതിനാലാണ് നടി ആക്രമിക്കപ്പെട്ട സംഭവം അമ്മ ജനറല്‍ ബോഡി ചര്‍ച്ച ചെയ്യാതിരുന്നത് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇന്നസെന്റ് നല്‍കിയ വിശദീകരണം. ഇന്നസെന്റിന്റെ ഈ വിശദീകരണം ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വഴിമരുന്നിടുന്നുണ്ട്. സ്വന്തം സംഘടനയില്‍ അംഗമായ ഒരു താരത്തിനുനേരെയുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ ആരെങ്കിലും ആവശ്യപ്പെട്ടിട്ടു വേണോ, വിഷയം ഉന്നയിച്ച് കത്തു നല്‍കിയെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയില്‍ അംഗമായ നടി റീമാ കല്ലിങ്ങല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് നുണയായിരുന്നോ, കത്ത് നല്‍കിയെങ്കില്‍ എന്തുകൊണ്ട് അത് ചര്‍ച്ച ചെയ്തില്ല, ആരാണ് ചര്‍ച്ചക്ക് തടസ്സം നല്‍കുന്നത്, വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാന്‍ സംഘടനക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ടതുണ്ട്. രണ്ടുപേരും അമ്മയുടെ മക്കളാണ്, രണ്ടുപേരേയും സംരക്ഷിക്കും എന്നാണ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വേട്ടക്കാരനും ചലച്ചിത്ര മേഖലയില്‍ തന്നെയുള്ളയാളാണെങ്കില്‍ സംരക്ഷിക്കും എന്നല്ലേ ഈ വാക്കുകളിലെ ധ്വനി.
താര സംഘടനയായ അമ്മക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും സിനിമാ മേഖലയില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഗണേഷിന്റെ കത്ത് എന്നത് ശ്രദ്ധേയമാണ്. ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ നേരത്തെതന്നെ വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. ‘അമ്മ’ അച്ചന്മാരുടെ സംഘടനയായി മാറി എന്നാണ് നടി രഞ്ജിനി ഇന്നലെ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വലപ്പോഴും നടത്തുന്ന ഫേസ്ബുക്ക് പ്രതികരണങ്ങള്‍ ഒഴിച്ചാല്‍, ഉറച്ച ശബ്ദത്തിലുള്ള പ്രതികരണം നടത്താന്‍ ചലച്ചിത്ര മേഖലയില്‍ പുതുതായി രൂപംകൊണ്ട വനിതാ കൂട്ടായ്മക്കു പോലും കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പ്രതികരിക്കുന്നവര്‍ പോലും സ്വന്തം സംഘടനക്കകത്തെ ചീഞ്ഞുനാറലുകളെക്കുറിച്ചോ, യുവ നടിക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടോ പ്രതികരിക്കാന്‍ താല്‍പര്യം കാണിക്കാതെ പോകുന്നത് തന്നെയാണ് അമ്മയോടുള്ള ഏറ്റവും വലിയ ദ്രോഹമെന്ന് പറയാതെ വയ്യ.
- 7 years ago
chandrika
Categories:
Video Stories