X
    Categories: Views

ഐസക്കിന്റെ മിഥ്യാ ഭാവനകള്‍

രാജ്യം കടുത്ത സാമ്പത്തിക-വ്യാവസായിക-തൊഴില്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനൊന്നിനൊന്ന് പൂരകമായി വര്‍ത്തിക്കുമാറ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മേല്‍ പുതിയ പ്രതീക്ഷകളൊന്നും വെക്കാനില്ലാത്ത വാര്‍ഷികക്കണക്കാണ് ധനമന്ത്രി ഡോ. തോമസ്‌ഐസക് ഇന്നലെ സംസ്ഥാനനിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യാഥാര്‍ഥ്യബോധമില്ലാത്തതും ദീര്‍ഘദൃഷ്ടിരഹിതവുമായ കുറെയേറെ പ്രഖ്യാപനങ്ങള്‍ കൊണ്ട് തന്റെ സ്വപ്‌നങ്ങളത്രയും ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന ഗീര്‍വാണപ്രഖ്യാപനങ്ങളായേ ഈ ബജറ്റിനെ വിലയിരുത്താനാകൂ. ഇരുപത്തിരണ്ടുലക്ഷം പേരുടെ തൊഴിലില്ലായ്മ, വാണംപോലെ കുതിക്കുന്ന വിലക്കയറ്റം, ആരോഗ്യമേഖലയിലെ തകര്‍ച്ച, സര്‍ക്കാരിന്റെ ധനപ്രതിസന്ധി തുടങ്ങിയവയെയൊന്നും നേരിട്ട് അഭിസംബോധന ചെയ്യാത്ത ബജറ്റിനെ മന്ത്രിയുടെ സ്വന്തം സ്വപ്‌നബജറ്റെന്നേ വിശേഷിപ്പിക്കാനാകൂ.

പുതിയ പദ്ധതികളില്ലാത്തതും നിയമനനിരോധനവും ഭൂന്യായവില-നികുതിവര്‍ധനയും സേവനഫീസുകള്‍ വര്‍ധിപ്പിച്ചതും മറ്റും മലയാളികളെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ്. പുതിയ തസ്തികകളൊന്നും സൃഷ്ടിക്കരുതെന്നും ഉള്ളവ ക്രമേണ റദ്ദാക്കണമെന്നുമുള്ള നിര്‍ദേശം തൊഴിലന്വേഷകരുടെ നേര്‍ക്കുള്ള ഇടിത്തീയായി. കടുത്ത സാമ്പത്തികപ്രയാസവും രണ്ടുലക്ഷംകോടിയുടെ കടവുമാണ് സംസ്ഥാനത്തെ അലട്ടുന്നതെങ്കിലും അതിന് തടയിടാന്‍ ഈബജറ്റിലും ഐസക്കിന് പ്രത്യേകമായ മുന്നൊരുക്കങ്ങളൊന്നുമില്ല. മുപ്പത്തയ്യായിരത്തിലധികം എഞ്ചിനീയറിംഗ് ബിരുദധാരികളാണ് സംസ്ഥാനത്ത് തൊഴില്‍കാത്തുകിടക്കുന്നത്. തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകിവരികയും പ്രതീക്ഷയുണ്ടായിരുന്ന ഗള്‍ഫ്‌മേഖലകളില്‍ ഉള്ള തൊഴില്‍അവസരങ്ങള്‍ കൂടി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയും ചെയ്യുമ്പോള്‍ കേന്ദ്രത്തെപോലെ സംസ്ഥാനസര്‍ക്കാരും അവരുടെമുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കുന്ന നടപടികളാണ് ബജറ്റിലൂടെ മന്ത്രി നിര്‍വഹിച്ചിരിക്കുന്നത്. ചരക്കുസേവനനികുതി നിശ്ചയിക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഷയമായതോടെ എന്തിനിങ്ങനെയൊരു ധനവകുപ്പ് എന്ന ചോദ്യത്തിനുള്ള സാമാന്യമായ ഉത്തരംമാത്രമാണ് ഈ സര്‍ക്കാരിലെ ഐസക്കിന്റെ രണ്ടാംബജറ്റ്.

സര്‍ക്കാര്‍ ചെലവുകുറക്കലും കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്ന പ്രഖ്യാപനവും മാത്രമാണ് പ്രതീക്ഷയുള്ളവ. എന്നാല്‍ പെന്‍ഷന്‍കുടിശിക തീര്‍ക്കാന്‍ സഹകരണസംഘങ്ങളെ ഏല്‍പിക്കുമെന്ന പ്രഖ്യാപനം മേല്‍പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമാക്കുന്നതായി. ആറായിരംകോടി രൂപ നഷ്ടംവഹിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വെറും ഏട്ടിലെ പശുവായി മാറുമെന്നേ ഭയക്കേണ്ടൂ. ആനവണ്ടിക്ക് ഇനിയും കടമെടുക്കേണ്ട സ്ഥിതി വന്നാല്‍ അത് ഉള്ളവെള്ളത്തെയും ഒഴുക്കിക്കൊണ്ടുപോകാനേ സഹായിക്കൂ. കാര്‍ഷിക മേഖല കടുത്ത വിളത്തകര്‍ച്ചയിലാണെന്ന് കഴിഞ്ഞദിവസം ഇതേ സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക അലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞെങ്കിലും അതിന് എന്ത് ബദല്‍നടപടിയാണ് സ്വീകരിക്കുക എന്ന് ധനമന്ത്രി വിശദീകരിച്ചിട്ടില്ല. പകരം ഭൂനികുതിയും രജിസ്‌ട്രേഷന്‍ നികുതികളും സ്റ്റാമ്പ്ഡ്യൂട്ടികളും വര്‍ധിപ്പിച്ച നടപടി സ്വതവേ മ്ന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ മരവിപ്പിക്കാനേ ഉതകൂ. റിയല്‍എസ്റ്റേറ്റ് മേഖല നോട്ടുനിരോധനം കൊണ്ട് തകര്‍ന്നുതരിപ്പണമായിക്കിടക്കുകയാണ്. ഇവിടെ നിന്നാണ് പണം സാധാരണക്കാരിലേക്കും തൊഴിലാളികളിലേക്കും ഒഴുകിയിരുന്നത്. പക്ഷേ ആ മേഖലയിലെ നികുതിവര്‍ധന വിപരീതഫലമേ ഉളവാക്കൂ. മാറാരോഗികള്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കാരുണ്യലോട്ടറി വഴിയുള്ള 1100 കോടി രൂപയുടെ തുടര്‍ച്ച ഉണ്ടായിട്ടില്ല. 110 കോടി രൂപ കിട്ടാത്തതുമൂലം സ്വകാര്യആസ്പത്രികള്‍ പദ്ധതികളില്‍നിന്ന് വിടാനൊരുങ്ങുകയാണ്. ക്ഷേമപെന്‍ഷനുകളും അവയിലേക്കുള്ള അപേക്ഷകളും മാസങ്ങളോളം തടഞ്ഞുവെച്ചശേഷം അനര്‍ഹരെ ഒഴിവാക്കുമെന്ന് പറയുന്നത് തികഞ്ഞ വഞ്ചനയാണ്. ഇവിടെയാണ് എ.കെ.ജി പ്രതിമക്ക് പത്തുകോടി നീക്കിവെപ്പ്.

കിഫ്ബിയില്‍ നിന്നുള്ള വരുമാനമാണ് ഡോ. ഐസക് അധികാരത്തില്‍വന്നതുമുതല്‍ പറഞ്ഞുകൊണ്ടിരുന്നതെങ്കില്‍ അതിന്റെ തനിയാവര്‍ത്തനം മാത്രമാണ് ബജറ്റിലെ കോടികളുടെ പദ്ധതികളില്‍ നല്ലൊരു പങ്കും. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റോഡുകളുടെയും മറ്റും കിഫ്ബിയുടെ കോടികളുടെ ബാധ്യത കൊടുത്തുതീര്‍ക്കാനുള്ള ദീര്‍ഘദൃഷ്ടിയില്ലായ്മ സര്‍ക്കാര്‍ ഭാവിയില്‍ വരുത്താനിരിക്കുന്ന വന്‍കെണിയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. പൗര•ാര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണിതെന്ന ഓര്‍മ സര്‍ക്കാരിന് വേണം. ജി.എസ്.ടിയില്‍ നിന്നുള്ള വരുമാനം പ്രതീക്ഷിച്ചതിലെത്തിയില്ലെന്ന് പറയുന്ന മന്ത്രിക്ക് കൂടുതല്‍ പേരെ പിഴിയുക മാത്രമേ വഴിയൂള്ളൂ എന്നതാണ് ബജറ്റിലൂടെ തെളിയുന്നത്. പ്രവാസിക്ഷേമത്തിനുള്ള പദ്ധതിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അമ്പത് കോടിയും മൈതാനത്ത് എലിയോടിയ അനുഭവമേ ഉളവാക്കൂ. സുപ്രീംകോടതി താക്കീത് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടെ ദുരിതബാധിതരുടെ കാര്യത്തില്‍ ചെറിയൊരു കണ്ണുതുറക്കാനേ സര്‍ക്കാരിനായുള്ളൂ. ഭവനരഹിതര്‍ക്കുള്ള ലൈഫ് മിഷന്‍, സ്റ്റാര്‍ട്ട്അപ് മിഷന്‍, കുടുംബശ്രീ, ഭിന്നലിംഗക്കാര്‍, പട്ടികജാതിവിഭാഗങ്ങള്‍ തുടങ്ങിയവക്ക് നല്‍കിയിട്ടുള്ള കോടികളുടെ വാഗ്ദാനങ്ങളും ഏട്ടിലെ പശുവായി മാറരുത്. വികസനത്തെ ബാധിക്കാത്തതായിരിക്കും തന്റെ ബജറ്റെന്ന് പറയുന്ന ഡോ. ഐസക് എവിടെനിന്നാണ് ഇതൊക്കെ കണ്ടെത്തുകയെന്ന് പറയുന്നില്ല. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന മല്‍സ്യത്തൊഴിലാളിമേഖലക്ക് ആധുനികസൗകര്യങ്ങളും പണമില്ലാതെ വഴിയിലാകരുത്. പോണ്ടിച്ചേരിയില്‍ നിന്ന് നികുതിവെട്ടിച്ച് വാഹനം വാങ്ങിയതിന് പിഴയൊടുക്കി രക്ഷപ്പെടാമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ മറ്റൊരു തട്ടിപ്പായി. വിമാനയാത്ര, വാഹനംവാങ്ങല്‍, ആഭ്യന്തരയാത്രകള്‍, ഫാണ്‍ഉപയോഗം തുടങ്ങിയവയില്‍ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ സ്വന്തം മന്ത്രിസഭയിലെയും സര്‍ക്കാരിലെയും നേതാക്കള്‍പാലിക്കുമോ എന്ന് കണ്ടറിയണം. ആരോഗ്യമന്ത്രിതന്നെ ലക്ഷങ്ങള്‍ ഇല്ലാചെലവായി എഴുതിവാങ്ങിയിട്ട് നാളുകളേ ആകുന്നുള്ളൂ. വന്യജീവിആക്രമണം നേരിടുന്നതിന് പ്രഖ്യാപിച്ച തുക മുന്‍കാലത്തേതുപോലെ ചടങ്ങുമാത്രമാകരുത്.

മെഡിക്കല്‍ കോളജുകളിലെയും സ്വകാര്യആസ്പത്രികളിലെയും കാരുണ്യപോലുള്ള പദ്ധതികളില്‍ നിന്നുള്ള ചികില്‍സാസഹായം നിലക്കുന്ന കാലമാണിത്. അതിനെന്ത് പരിഹാരമാണ് സര്‍ക്കാരിന് നിര്‍ദേശിക്കാനുള്ളതെന്ന് ബജറ്റില്‍ പറയുന്നില്ല. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനത്തിന് എന്ത് സഹായഹസ്തമാണ് സര്‍ക്കാര്‍ നീ്ട്ടുന്നതെന്ന് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞുവന്ന പിണറായി സര്‍ക്കാരിന് മുന്നോട്ടുവെക്കാനില്ല. പുറത്തുനിന്നുവരുന്ന വിഷഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ബജറ്റില്‍ പരാമര്‍ശമില്ലാത്തത് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കുന്ന ആരോഗ്യമേഖലയോടുള്ള പുറംതിരിഞ്ഞ സമീപനമായിവേണം കാണാന്‍. നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴാണ് അതിന്റെ മുഖ്യപങ്കായ ടിപ്പറുകളുടെമേല്‍ വര്‍ധിപ്പിച്ചിരിക്കുന്ന മുപ്പതുശതമാനം നികുതി. ഇതും സമ്പദ്‌വ്യവസ്ഥയെ പുറകോട്ടുവലിക്കാനേ സഹായകമാകൂ. ചുരുക്കത്തില്‍ മന്ത്രിയുടെ കവിതാലാപനം പോലെ കാവ്യഭാവനമാത്രമായിരിക്കുന്നു എട്ടാം ബജറ്റും.

chandrika: