X

ആഘോഷമല്ല; വേണ്ടത് സാമ്പത്തികസ്ഥിരത

ഇടതുപക്ഷ സര്‍ക്കാരിന്കീഴില്‍ സംസ്ഥാനത്തെ സാമ്പത്തിക ഭരണരംഗം നിശ്ചലാവസ്ഥയിലായിരിക്കുകയാണിപ്പോള്‍. ആയിരംദിനം പിന്നിട്ട സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ തുടരെത്തുടരെയുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശമ്പളം കൊടുക്കാന്‍ പോയിട്ട് തടവുകാരുടെ ഭക്ഷണച്ചെലവിനുപോലും പണമില്ലാതെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെ എങ്ങനെയാണ് പദ്ധതികളുടെ ചെലവുകള്‍ കൊടുത്തുതീര്‍ക്കുക എന്ന് സര്‍ക്കാരിന് നിശ്ചയമില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. സാമ്പത്തികമായി ഇത്രയും പാപ്പരായ സര്‍ക്കാര്‍ മുന്‍കാലത്തൊന്നും ഉണ്ടായിട്ടില്ല. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന മന്ത്രി ഡോ.തോമസ്‌ഐസക്കിന് നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ കഴിയുന്നില്ലെന്നുവരുന്നത് രണ്ടര വര്‍ഷത്തെ തെറ്റായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ്.

സംസ്ഥാനത്തെ ട്രഷറികളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനഘട്ടത്തില്‍ സ്വാഭാവികമാണെങ്കിലും ഫെബ്രുവരിയില്‍തന്നെ അത്തരത്തിലൊരു നിയന്ത്രണ ഉത്തരവ് ഉണ്ടായിരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ ശമ്പള ബില്ലുപോലും മാര്‍ച്ച് ആരംഭിച്ചിട്ടും പാസാക്കാന്‍ മിക്കയിടത്തും ആയിട്ടില്ല. ജയിലുകളില്‍ തടവുകാരുടെ അനിവാര്യമായ ചെലവിനുള്ള പണം പോലും പിന്‍വലിക്കാനാകുന്നില്ലെന്ന അവസ്ഥ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. ട്രഷറി അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മുന്‍കാലത്ത് സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി അതിനേക്കാളൊക്കെ രൂക്ഷമാണ്. സാങ്കേതികമായി ട്രഷറികള്‍ അടച്ചിടുന്നില്ലെന്നേ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പറയേണ്ടതുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ കഴിയാത്ത ക്ഷിപ്രവും അനിവാര്യമായതുമായ തുകകള്‍ മാത്രം പാസാക്കിയാല്‍ മതിയെന്നാണ് കഴിഞ്ഞദിവസം ട്രഷറികള്‍ക്ക് ധനകാര്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. പദ്ധതി-പദ്ധതിയേതര ഫണ്ടുകള്‍ക്ക് പണം അനുവദിക്കുന്നതിനാണ് നിയന്ത്രണം

ഏര്‍പെടുത്തിയിരിക്കുന്നതെന്നാണ് അറിയിപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായത്തില്‍പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും പണം അനുവദിക്കുന്നത് കോടതി വിധികളുള്ളവക്ക് മാത്രമേ ബാധകമാകാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച തദ്ദേശസ്ഥാപനങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. മാര്‍ച്ചിനകം കുടിവെള്ളം, റോഡ് പോലുള്ള പദ്ധതികള്‍ക്ക് ഫണ്ടനുവദിക്കപ്പെട്ടില്ലെങ്കില്‍ തുക ലാപ്‌സാകുമെന്ന ആശങ്കയുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഈ നിയന്ത്രണം തടസ്സമാകും. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാര്‍ച്ചില്‍ 52 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 2980.68 കോടി രൂപയാണ് ഡിസംബര്‍-ഏപ്രിലിലേതായി നല്‍കേണ്ടത്. ഇതും പ്രതിസന്ധി രൂക്ഷമാക്കും. മന്ത്രി ഐസക് കൊട്ടിഗ്‌ഘോഷിച്ച ചരക്കുസേവന നികുതിയുടെപോലും ഗുണം സംസ്ഥാനത്തിന് ലഭിച്ചില്ലെന്നാണ് തെളിയുന്നത്.

പ്രളയംമൂലം നാല്‍പതിനായിരം കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. പുനര്‍നിര്‍മാണത്തിനായി വേണ്ട പണം ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ തരാന്‍ തയ്യാറാണെങ്കിലും ഒരിഞ്ചുപോലും ഇക്കാര്യത്തില്‍ മുന്നോട്ടുപോയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് ഖജനാവില്‍നിന്ന് നയാപൈസ ലഭിക്കില്ലെന്നതാണ് നിലവിലെ അവസ്ഥ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കിഫ്ബി പദ്ധതിവഴി തുക അനുവദിക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതും തിരിച്ചുനല്‍കേണ്ടതുതന്നെയാണ്. ഗള്‍ഫില്‍നിന്നുള്ള പ്രവാസികളുടെ തിരിച്ചുവരവ് വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ കിഫ്ബിയില്‍ കൂടുതല്‍ പ്രതീക്ഷവെക്കുന്നത് അസ്ഥാനത്താകും. പ്രവാസികളുടേതായി ഏതാണ്ട് ലക്ഷം കോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്ക് വന്നിടത്ത് വരുംവര്‍ഷങ്ങളില്‍ അത് കുറയാനിടയുണ്ടെന്നാണ ്‌വിദഗ്ധമുന്നറിയിപ്പ്. ആസിയാന്‍ കരാര്‍ പ്രകാരം ഇപ്പോള്‍തന്നെ റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ തകര്‍ത്തുതരിപ്പണമായിക്കഴിഞ്ഞു. കര്‍ഷക ആത്മഹത്യകളാണ് നിത്യേന കേള്‍ക്കുന്നത്. പ്രവാസി ആഘാതവുംകൂടി ഉണ്ടാകുന്നതോടെ കേരളം പതിറ്റാണ്ടുകള്‍ പിറകോട്ടുപോയേക്കും. പ്രളയം പോലെതന്നെ വരാനിരിക്കുന്ന വരള്‍ച്ചയും നമ്മെ തുറിച്ചുനോക്കുന്നുണ്ട്.

2006 മുതല്‍ 7.6 ശതമാനം വളര്‍ച്ചയുണ്ടായ കേരളം അടുത്തകാലത്തായി ആറ് ശതമാനം വളര്‍ച്ച മാത്രമാണ് നേടുന്നതെന്ന് മന്ത്രി തോമസ് ഐസക്തന്നെ മുമ്പ് ചൂണ്ടിക്കാട്ടിയതാണ്. രാജ്യം സാമ്പത്തികമായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. കഴിഞ്ഞ ആറ് പാദത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഈ പാദത്തില്‍ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം നേരത്തെ മോദിസര്‍ക്കാര്‍ പ്രതീക്ഷിച്ച 7.2 വളര്‍ച്ച ഏഴായി കുറച്ചിരിക്കുകയാണിപ്പോള്‍. കാര്‍ഷിക, വ്യാവസായിക രംഗങ്ങളില്‍ വരാനിരിക്കുന്ന കുറവാണ് ഇതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടുവരുന്ന അധിക കടമെടുപ്പുപോലും കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിവര്‍ഷ കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം സമ്മതിക്കാത്തത് പ്രതിസന്ധി മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ളതാണെന്നാണ് വാദമെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിലുണ്ടെന്നാണ് ആരോപണം. 1800 കോടി ഈ വര്‍ഷം കടമെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കത്തുന്ന പുര കെടുത്താന്‍ ശ്രമിക്കാതെ കഴുക്കോല്‍ ഊരുന്നതുപോലെ ഇതിനെല്ലാമിടക്കുതന്നെയാണ് കോടികള്‍ മുടക്കിയുള്ള ഈ സര്‍ക്കാരിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശ യാത്രകളും വിദേശകാറുകളോടുള്ള ഭ്രമവും ഫോണ്‍, സല്‍ക്കാര ചെലവുകളുമെല്ലാം. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ ഉപദേശിച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന വാങ്ങിയെടുത്തവര്‍ സര്‍ക്കാര്‍ ആയിരം ദിന മാമാങ്കം നടത്താന്‍ കോടികള്‍ ചെലവിട്ടതും നാം കണ്ടതാണ്. ഭരിക്കാനറിയാത്തവരുടെ കൈകളില്‍ പൗരന്റെ ജീവനുപോലും രക്ഷയില്ലാത്തപ്പോള്‍ നാടിന്റെ സാമ്പത്തികത്തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ പറഞ്ഞിട്ടെന്തുകാര്യം!

chandrika: