‘കൂലി പണമായി സ്വീകരിക്കുന്ന സത്യസന്ധരായ ഇന്ത്യക്കാരനുമേല്‍ നോട്ടു നിരോധന തീരുമാനം വലിയ പരിക്കായിരിക്കും വരുത്തുക. രാജ്യത്തെ തൊണ്ണൂറ് ശതമാനം പേരും തൊഴിലുകളിലൂടെ സമ്പാദിക്കുന്ന പണമാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. തീരുമാനം വലിയ ദുരന്തമായിരിക്കും’. 2016 നവംബര്‍ എട്ടിന് രാത്രി പൊടുന്നനെ അഞ്ഞൂറ്, ആയിരത്തിന്റെ പതിനാറ് ലക്ഷം രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടു പിന്‍വലിക്കലിന് കൃത്യം ഒരു മാസത്തിന് ശേഷം അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ വരികളാണിത്. ഇതിനുപുറമെ ലോക്‌സഭക്കകത്തും ഡോ. സിങ് മോദിയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു. ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചേല്‍പിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി നല്‍കാത്തതിനെതുടര്‍ന്ന്്, വസ്തുതകളുടെ പിന്‍ബലത്തോടെ അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പ് നല്‍കി: ലോകത്തൊരു സര്‍ക്കാരും പൗരന്മാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിടിച്ചുവാങ്ങിയിട്ടില്ല. സംഘടിത കൊള്ളയാണിത്. കൂടുതല്‍ ശിക്ഷ വരാനിരിക്കുന്നു-അദ്ദേഹം പറഞ്ഞു. സഭയും രാജ്യവും ലോകവും ഒന്നടങ്കം സാകൂതവും സൂക്ഷ്മവുമായാണ് മിതഭാഷിയായ ഡോ. മന്‍മോഹന്റെ വാക്കുകള്‍ ശ്രവിച്ചതും വിലയിരുത്തിയതും.
നോട്ടു നിരോധനത്തിന് ഏഴു മാസം തികയാന്‍ നാളുകള്‍ ബാക്കിയിരിക്കെ ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു: നോട്ടു പിന്‍വലിക്കല്‍ നടപടിമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനം 7.1 ആയി കുറഞ്ഞു. 2017 ജനുവരി – മാര്‍ച്ച് കാലയളവില്‍ വളര്‍ച്ച വെറും 6.1 ശതമാനം മാത്രമായി. നോട്ടു നിരോധനം നടപ്പാക്കിയ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചയാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന പദവി ഇതോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചൈനക്കാണ് ഇനി ആ പദവി ലഭിക്കുക. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2015-16ല്‍ എട്ടു ശതമാനവും അതിനു മുന്നിലെ വര്‍ഷം 7.5ഉം ആയിരുന്നതില്‍ നിന്നാണ് കുത്തനെയുള്ള ഈ ഇറക്കം സംഭവിച്ചത്. 2015ല്‍ ആദ്യമായാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ ഇന്ത്യ കവച്ചുവെച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ കാലത്ത് കൂടിക്കൂടിവന്ന വളര്‍ച്ചാനിരക്കാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ കുറഞ്ഞതെന്നത് നോട്ടുനിരോധനം തന്നെയാണ് കാരണമെന്നാണ് തെളിയിക്കുന്നത്. മോദിയുടെ സാമ്പത്തിക നയത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതായി അതേ സര്‍ക്കാരിന്റെതന്നെ ഒരുവകുപ്പ് വെളിപ്പെടുത്തിയ ഈ വിവരങ്ങള്‍. കള്ളപ്പണം, അതിര്‍ത്തി കടന്നുള്ളതും ആഭ്യന്തരവുമായ നക്‌സലിസം അടക്കമുള്ള തീവ്രവാദം, വ്യാജ നോട്ട് തുടങ്ങിയവ തുടച്ചുനീക്കുമെന്നായിരുന്നു മോദിയുടെ നടപടി പ്രഖ്യാപിച്ചുകൊണ്ടുള്ള വാഗ്ദാനം. അമ്പതുദിവസം-ഡിസംബര്‍ 31വരെ -സഹിക്കണമെന്നും ശരിയായില്ലെങ്കില്‍ ജനങ്ങള്‍ പറയുന്ന എന്തു ശിക്ഷയും സ്വീകരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. മോദിയുടെ തീരുമാനത്തെ പലരും വിപ്ലവകരമെന്ന് വിശേഷിപ്പിച്ചു.
മുന്‍പ്രധാനമന്ത്രിയെ കൂടാതെ പ്രമുഖ സാമ്പത്തിക വിദഗ്ധരും ഐ.എം.എഫ് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമൊക്കെ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വരുത്തിവെക്കാവുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.ടി വാസുദേവന്‍നായരെ പോലുള്ള സാംസ്‌കാരിക നായകരും മോദിയുടെ തലതിരിഞ്ഞ നടപടിയെ വിമര്‍ശിക്കുകയുണ്ടായി. ഇവര്‍ക്കെതിരെ പരസ്യമായി വിലകുറഞ്ഞ വാചകക്കശാപ്പാണ് സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയത്. കേന്ദ്ര സ്ഥിതി വിവരണ വകുപ്പ് ഓഫീസിന്റെ കണക്കില്‍ ഇനിയുമുണ്ട് മോദിയുടെ ‘ഭരണനേട്ട’ങ്ങള്‍. നോട്ടുനിരോധനത്തിന് മുമ്പുള്ള 2016-17 ആദ്യ പാദത്തിലെ വിവിധ മേഖലകളിലുള്ള തളര്‍ച്ച ഇങ്ങനെ: കൃഷി, മല്‍സ്യം, വനവിഭവം 6.9ല്‍ നിന്ന് 5.2 ആയി. ഉത്പാദനം 8.2 ല്‍ നിന്ന് 5.3 ആയും നിര്‍മാണം 3.4ല്‍ നിന്ന് -3.7 ആയും വ്യാപാരം, ഹോട്ടല്‍, ഗതാഗതം 8.3 ല്‍ നിന്ന് 6.5 ആയും കുറഞ്ഞു.
മോദിയുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത നടപടിയെക്കുറിച്ച് ജനത എന്നേ നേരിട്ടനുഭവിച്ചുതന്നെ മനസ്സിലാക്കിയതാണ്. വ്യാപാര-ചെറുകിട-കാര്‍ഷിക രംഗമാകെ തകര്‍ന്നു. കേരളം പോലുള്ള മേഖലകളില്‍ നിര്‍മാണ രംഗത്ത് പണിയെടുത്തുവന്നിരുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. നോട്ടുനിരോധനമല്ല തകര്‍ച്ചക്ക് കാരണമെന്ന വാദവുമായി ഇന്നലെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി രംഗത്തുവന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കാനാണെങ്കിലും അത് സ്വന്തം സര്‍ക്കാരിന്റെ തന്നെ കണക്കുകളെ തള്ളിപ്പറഞ്ഞതുപോലെയായി. രാഷ്ട്രീയവും ആഗോളവത്കരണവുമായ കാരണങ്ങളാലാണ് വളര്‍ച്ച പിറകോട്ടുപോയതെന്നാണ് ജെയ്റ്റ്‌ലിയുടെ വാദമെങ്കില്‍ ഇതേ ആഗോളവത്കരണം നടപ്പാക്കുന്ന ചൈനക്ക് എന്തുകൊണ്ട് വളര്‍ച്ച നിലനിര്‍ത്താനായി എന്നതിന് അദ്ദേഹം ഉത്തരം പറയണം. പണമിടപാട് ഡിജിറ്റലാക്കുക എന്ന മോദിയുടെ നയവും വേണ്ടത്ര ക്ലച്ച് പിടിക്കാതെ പോയതും സര്‍ക്കാരിന് തിരിച്ചടിയാണ്. കള്ളപ്പണത്തിന്റെ ഒരു ശതമാനം പോലും പിടിക്കാനാകാതെ വന്നപ്പോള്‍ കിട്ടിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല. തീവ്രവാദം പതിവിലധികം ശക്തമായി. കള്ളനോട്ടും വ്യാപകം. ഡിജിറ്റല്‍ ഇന്ത്യ പൊള്ളയായി.
സാമ്പത്തിക ശാസ്ത്രത്തിലെ മിനിമം അറിവുപോലുമില്ലാതെ ജനങ്ങളുടെ പണം സര്‍ക്കാരിന്റെയും ബാങ്കുകളുടെയും കയ്യില്‍വെച്ച് നടത്തിയ തലതിരിഞ്ഞ നടപടിയാണ് യഥാര്‍ഥത്തില്‍ ഇത്തരമൊരു സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. പുതിയ സാമ്പത്തിക വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന തൊടുന്യായമാണിപ്പോള്‍ സര്‍ക്കാരും അവരുടെ പിന്താങ്ങികളും പറയുന്നത്. സാധാരണക്കാരന്റെ ജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമാക്കുന്നു. മാംസ നിരോധനം അടക്കമുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നയം വീണ്ടും പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കും. ഇതെല്ലാം ജനങ്ങളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞതുപോലെ ഈ പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമം. നിരുത്തരവാദപരമായ പിന്തിരിപ്പന്‍ നയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് വരുന്നതെരഞ്ഞെടുപ്പില്‍ പതിവുശൈലിയില്‍ വര്‍ഗീയ വിഷം വിതറി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം തുടരാനാണ് മോദി പ്രഭൃതികളുടെ ഭാവമെങ്കില്‍ ഹാ കഷ്ടം എന്നേ പറയേണ്ടൂ.
- 8 years ago
chandrika
Categories:
Video Stories
മോദിസത്തിന്റെ പൂച്ച് പുറത്താകുമ്പോള്‍
Related Post