X

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനം

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊടിയ വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് കേരളം. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്നതു പോലെ അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നീ നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റു പോലെ കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരും പാവപ്പെട്ടവരും അടുപ്പില്‍ തീ പുകയുമോ എന്ന സംശയത്തിലാണ്. മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ തുടര്‍ന്ന് ഉളവായ തൊഴില്‍ നഷ്ടത്തിനിടെയാണ് വിലക്കയറ്റം ജനത്തിന്റെ നട്ടെല്ലൊടിക്കുന്നത്. അരിയുടെ വില കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലു മുതല്‍ പത്തു രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. പച്ചക്കറിയുടെ വിലയിലും കാര്യമായ വര്‍ധനയുണ്ടായിരിക്കുന്നു. പലവ്യഞ്ജനങ്ങളുടെ വില കയറിത്തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടയിലെല്ലാം കേരളം ഭരിക്കുന്ന സര്‍ക്കാരും കേന്ദ്രത്തിലെ ഭരണക്കാരും സ്വയം വീമ്പിളക്കിയും പരസ്പരം വിഴുപ്പലക്കിയും സമയം ചെലവഴിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജയ, മട്ട, വെള്ള അരിയടക്കം എല്ലായിനം അരിക്കും വില കുത്തനെ കയറി. ഉണ്ട മട്ട 32ല്‍ നിന്ന് 37 രൂപയായി. ഉരുട്ടു റോസിനാണ് കിലോക്ക് പത്തു രൂപ വരെ വര്‍ധിച്ചിരിക്കുന്നത്. പച്ചരി കിലോ 33 രൂപ വരെയെത്തി. സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തെ അട്ടിമറിക്കുന്ന സര്‍ക്കാരുകളുടെ നിലപാടാണ് ഫലത്തില്‍ അരി വിലക്കയറ്റത്തിന് വഴിമരുന്നിട്ടത്. 16.1 ലക്ഷം ടണ്‍ അരി വിതരണം ചെയ്തിരുന്ന സ്ഥാനത്ത് രണ്ടു ലക്ഷത്തോളം ടണ്‍ കുറവ് ഭക്ഷ്യ ധാന്യമാണിപ്പോള്‍ സംസ്ഥാനത്ത് എത്തുന്നത്. കൂലി പ്രശ്‌നവും കൂടിയായതോടെ റേഷന്‍ കടകള്‍ നോക്കുകുത്തിയാകുകയായിരുന്നു. വെണ്ടക്കക്ക് കഴിഞ്ഞ ഒരാഴ്ചത്തെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. പടവലം, ഇഞ്ചി, കയ്പക്ക, പച്ചമുളക് തുടങ്ങിയവക്കെല്ലാം വില കുത്തനെ ഉയര്‍ന്നു. പരിപ്പ്, ഉഴുന്ന്, കടല, ചെറുപയര്‍, പഞ്ചസാര, മല്ലി, വറ്റല്‍ മുളക്, വെളിച്ചെണ്ണ, നാളികേരം എന്നിവക്കും കുത്തനെ വില കൂടിയിരിക്കയാണ്. പരിപ്പിന് കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് വില കുത്തനെ കൂടിയത്. വെളിച്ചെണ്ണ കഴിഞ്ഞ മൂന്നു മാസമായി കിലോക്ക് നൂറു രൂപ എന്നത് 140 വരെയായി. വില ഉയര്‍ന്നതോടെ ഹോട്ടലുകളിലും വില വര്‍ധനക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. പല കച്ചവടക്കാരും പച്ചക്കറി കുറച്ചുകൊണ്ടാണ് ഊണ്‍ വിളമ്പുന്നത്. പഴ വര്‍ഗങ്ങള്‍ക്കും വേനലെത്തിയതോടെ തോന്നിയ പോലെയാണ് വില. ശബരിമല സീസണ്‍ ആരംഭിച്ചതോടെയാണ് പച്ചക്കറി വില കുത്തനെ ഉയര്‍ന്നത്. ഇത് സീസണ്‍ കഴിയുന്നതോടെ കുറയുമെന്നായിരുന്നു ധാരണ. പക്ഷേ മറിച്ചാണ് അനുഭവം. വൈകാത തന്നെ ഉത്പാദനക്കുറവ് പരിഗണിച്ച് മില്‍മ പാല്‍ വില കൂട്ടുന്നതും ജനത്തിന് ഇരുട്ടടിയാകും. കൂനിന്മേല്‍കുരു പോലെ വൈദ്യുതി നിരക്ക് വിര്‍ധിപ്പിക്കാനുള്ള നീക്കത്തിലുമാണ് ഭരണകൂടം.
തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമെന്നാണ് പെട്ടെന്നുള്ള ന്യായീകരണമെങ്കിലും കഴിഞ്ഞ ഏതാനും മാസമായി നാം ചര്‍ച്ച ചെയ്യുന്നതാണ് വരള്‍ച്ചയും വിലക്കയറ്റവും. കഴിഞ്ഞ മേയില്‍ സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിനു മുമ്പുതന്നെ വിലക്കയറ്റത്തെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നതാണ്. ഇപ്പോഴത്തെ ഭരണ മുന്നണിയായ ഇടതുപക്ഷം തന്നെയാണ് തെരഞ്ഞെടുപ്പില്‍ വിലക്കയറ്റം കാര്യമായ പ്രചാരണ വിഷയമാക്കിയത്. അധികാരത്തില്‍ വന്നാല്‍ തങ്ങള്‍ വിലക്കയറ്റം നിയന്ത്രിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പിലെ മോഹന വാദ്ഗാനം. എന്നാല്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത റെക്കോര്‍ഡ് വിലക്കയറ്റമണ് നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയാത്തവരാവില്ല ഇന്ന് നാടു ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരിലെ അധികാരികള്‍. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചക്ക് പോലും ഇട നല്‍കാത്ത വിധം മറ്റു വിഷയങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിവിട്ട് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഭരണക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നത് അത്യന്തം ഖേദകരമാണ്. അധികാരത്തിലേറിയ മേയില്‍ തന്നെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വിലക്കയറ്റം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്കെടുത്തതും അത് കൊട്ടിഘോഷിച്ച് മാധ്യമങ്ങളെ അറിയിച്ചതും. വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊതുവിപണിയില്‍ കാര്യമായി ഇടപെടുമെന്നും ഇതുവരെയും യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതൊന്നും പര്യാപ്തമല്ലെന്നുമായിരുന്നു പുതിയ സര്‍ക്കാരിന്റെ പരിദേവനം. ഇതനുസരിച്ച് വിലകള്‍ കാര്യമായി കുറയുകയും യഥേഷ്ടം ധാന്യങ്ങളും മറ്റും വാങ്ങി ഉപയോഗിക്കാന്‍ കഴിയുമെന്നും ധരിച്ച ജനങ്ങളുടെ കഞ്ഞിയില്‍ മണ്ണു വാരിയിടുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്നു വരെ തട്ടിവിട്ട ഭരണ മുന്നണിക്കാര്‍ ഇപ്പോഴും അതേ കസേരകളില്‍ തന്നെയുണ്ട്. ഈ അവസ്ഥക്ക് എന്തുകൊണ്ട് മുന്‍കൂട്ടി പരിഹാരം നിര്‍ദേശിക്കാനായില്ല?
സംസ്ഥാന സര്‍ക്കാര്‍ പൊതു വിപണിയില്‍ ഇടപെടാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന പരാതി പരക്കെയുണ്ട്. സപ്ലൈകോയുടെ മാവേലി സ്റ്റോര്‍, വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ പൊതുമേഖലാ പൊതു വിതരണ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നിലച്ചമട്ടാണ്. വരള്‍ച്ചയും കൃഷിനാശവും കാരണം കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്നും അവര്‍ക്ക് ന്യായമായ വില അനുവദിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പറഞ്ഞ് തടിയൂരുകയാണ് കൃഷി വകുപ്പെങ്കില്‍ സപ്ലൈകോക്ക് സബ്‌സിഡി നല്‍കുന്നതിന് പണം നല്‍കുന്നില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ പരാതി. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞാല്‍ മാത്രമേ പൊതുവിപണിയില്‍ അത് പ്രതിഫലിക്കൂ. ഇത് മനസ്സാലാക്കിക്കൊണ്ട് പരമാവധി സബ്‌സിഡി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഉല്‍സവ കാലത്ത് മാത്രമായി ഇതു ചുരുക്കിയതാണ് ഇന്നത്തെ പ്രശ്‌നം. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുകയും ഉപഭോക്താക്കള്‍ക്ക് അമിത വില അനുഭവപ്പെടാതിരിക്കുകയും ചെയ്യണമെങ്കില്‍ വിപണിയിലെ ഇടത്തട്ടുകാരെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഇതിന് വി.എഫ്.പി.സി.കെ പോലുള്ള ഏജന്‍സികളെ ശക്തിപ്പെടുത്തണം.
വീട്ടിലൊരു പച്ചക്കറിത്തോട്ടം പോലുള്ള കൃഷി വകുപ്പിന്റെ പദ്ധതികള്‍ ഇനിയും പ്രാബല്യത്തിലാകാത്തതിന് കാരണം മതിയായ ഏകോപനമില്ലായ്മയും വെള്ളത്തിന്റെ കുറവുമാണ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍ കൃഷി ഭവനുകള്‍ മുഖേന ഫലപ്രദമായ ഉദ്യോഗസ്ഥ-കര്‍ഷക ബന്ധമാണ് ഉണ്ടാവേണ്ടത്. പാലക്കാടു പോലെ നെല്‍കൃഷി ഉണങ്ങിയ പാടങ്ങളില്‍ പച്ചക്കറി കൃഷിക്ക് പ്രസക്തിയുണ്ട്. അവിടങ്ങളില്‍ നേരില്‍ ചെന്ന് കൃഷി ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയണം. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന വരാനിരിക്കുന്ന നാലു മാസത്തേക്ക് സര്‍ക്കാര്‍, പ്രത്യേകിച്ചും കൃഷി വകുപ്പും ഭക്ഷ്യ വകുപ്പും പ്രത്യേകമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സെപ്തംബറില്‍ ചരക്കു സേവന നികുതി കൂടി വരുന്നതോടെ വില ഉയരുമെന്ന ആശങ്കക്കും പരിഹാരം ഇപ്പോള്‍ തന്നെ കാണേണ്ടതുണ്ട്.

chandrika: