X
    Categories: Views

വയനാടിനെ ഇനിയും ഒറ്റപ്പെടുത്തരുത്

റെയില്‍, വ്യോമ, ജല ഗതാഗതങ്ങള്‍ സ്വപ്‌നമായി തുടരുന്ന വയനാട് ജില്ലയിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏറ്റവും പ്രധാന മാര്‍ഗമായ വയനാട് താമരശ്ശേരി ചുരം തകര്‍ന്ന് മാസങ്ങളായിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ ചെവിയിലെത്തുന്നത് ഇത്തരം നിലവിളികള്‍ക്ക് പകരം പാര്‍ട്ടി സമ്മേളനങ്ങളിലുയരുന്ന മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങളാണ്. വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും പരസ്പരം പഴി ചാരുന്നതല്ലാതെ റോഡ് നന്നാക്കാനുള്ള ഒരു നടപടിയുമെടുക്കാത്തത് ദുരിതം ഇരട്ടിയാക്കുകയും ചെയ്യുന്നു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായ ഡോ. എം.കെ മുനീറും ഇബ്രാഹിം കുഞ്ഞും നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ് ഇപ്പോഴും ചുരം റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്.

ഓരോ മാസവും വയനാട്ടില്‍ നിന്ന് ചികിത്സക്കായി ശരാശരി ആയിരത്തിനും ആയിരത്തഞ്ഞൂറിനും ഇടക്ക് രോഗികളാണ്് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്നതെന്നറിയുമ്പോഴാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ ആഴം വെളിവാകുന്നത്. മികച്ച ആസ്പത്രികളും ചികിത്സാ സൗകര്യങ്ങളുമില്ലാത്തതിനാല്‍ വാഹനാപകടങ്ങള്‍, തീപൊള്ളല്‍, വന്യജീവി ആക്രമണം, തെരുവുനായ ആക്രമണം, അരിവാള്‍ രോഗം തുടങ്ങിയ വയനാട് നിത്യേനയെന്നോണം അഭിമുഖീകരിക്കുന്ന ചികിത്സകള്‍ക്കായി ഭൂരിഭാഗത്തിനും ആശ്രയിക്കേണ്ടി വരുന്നത് കോഴിക്കോട് ജില്ലയേയാണ്. ഒരു വര്‍ഷം പതിനയ്യായിരത്തോളം രോഗികള്‍ ചികിത്സക്കായി അയല്‍ ജില്ലകളെ ആശ്രയിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. മറ്റൊരു മാര്‍ഗവുമില്ലാതെ അയല്‍ജില്ലകളിലേക്ക് ചികിത്സക്കായി പോകുന്നവരാണ് കുഴിയില്‍ കുടുങ്ങിയും ബ്ലോക്കില്‍പെട്ടും മരണത്തിന് കീഴടങ്ങുന്നത്. യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിരുന്ന മനുഷ്യജീവനുകളാണ് ചികിത്സകിട്ടാതെ റോഡിലും പെരുവഴിയിലും പിടഞ്ഞുതീരുന്നത്.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയായ താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന വയനാട് ചുരം ഇന്ന് ആശങ്കയുടെ കയറ്റിറക്കമായി മാറിയിരിക്കയാണ്. ഹൃദയഹാരിയായ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ മലമ്പാത ആകുലതയുടെ ഗര്‍ത്തങ്ങളായി മാറിയിട്ടുണ്ട്. ഗതാഗതത്തിനായി മറ്റൊരു മാര്‍ഗവുമില്ലാത്ത വയനാട്ടുകാരെ ബന്ദികളാക്കുന്ന സ്ഥിതിയാണ് ചുരത്തിന്റെ നിലവിലുള്ള അവസ്ഥ. ചുരം, ദേശീയപാത 212ന്റെ ഭാഗമാണ്. താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ വഴിയില്‍ ഒമ്പത് മുടിപ്പിന്‍ വളവുകളാണ് ചുരത്തിനുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയില്‍ എത്തുമ്പോഴേക്കും സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 700 മീറ്റര്‍ മുകളില്‍ എത്തും.

നേരത്തേ സംസ്ഥാന പാതയുടെ ഭാഗമായിരുന്ന ചുരം റോഡ് ദേശീയപാതയായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നവീകരണത്തില്‍ വനം വകുപ്പ് എക്കാലവും തടസ്സം നില്‍ക്കുകയായിരുന്നു. ആവശ്യത്തിന് വനഭൂമി ലഭ്യമായാല്‍ മാത്രമേ വളവുകളില്‍ വീതി കൂട്ടി റോഡ് നവീകരിക്കാന്‍ കഴിയുകയുള്ളു. 2012ല്‍ ചുരം പൂര്‍ണമായി തകര്‍ന്നപ്പോഴാണ് വനഭൂമിക്കായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. കൈമാറുന്ന ഭൂമി രേഖകളില്‍ വനമായി തന്നെ നിലനിര്‍ത്തണം, കൈമാറുന്ന ഭൂമിയുടെ വിപണി വിലക്കു തുല്യമായ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറണം, ഭൂമിയില്‍ നിന്നു മുറിച്ചു മാറ്റുന്ന മരങ്ങളുടെ പത്തിരട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്നിങ്ങനെ കര്‍ശന നിബന്ധനകളാണ് ഭൂമി വിട്ടു നല്‍കുന്നതിന് അന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ചത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ദേശീയപാത വിഭാഗം നടപടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരവിറക്കേണ്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തില്‍ പിന്നീട് നടപടിയെടുത്തില്ല. റോഡ് നവീകരണത്തിന് തടസ്സവാദം ഉന്നയിക്കുന്നവര്‍ ചുരത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളില്‍ നടക്കുന്ന അനധികൃത പ്രവൃത്തികള്‍ നിര്‍ബാധം നടത്തുകയും ചെയ്യുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളുമായി കിടക്കുന്ന ചുരം റോഡിലൂടെ വാഹന ഗതാഗതം ഇന്ന് പേടി സ്വപ്‌നമാവുകയാണ്.

വീതിയില്ലാത്ത റോഡ്, വന്‍ ഗര്‍ത്തങ്ങള്‍, ഏതു നിമിഷവും നിലംപൊത്തുമെന്ന നിലയില്‍ തൂങ്ങി നില്‍ക്കുന്ന വന്‍മരങ്ങളും പാറക്കഷ്ണങ്ങളും, ചുരത്തിലെ ദുരിതക്കാഴ്ചകളാണിത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തടസ്സങ്ങളൊന്നുമില്ലാതെ ഒഴുകിയിരുന്ന ചുരം ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയക്കളികളുടെ നീണ്ട നിരതന്നെയുണ്ട്.

ചുരം റോഡിലെ ഹെയര്‍പിന്‍ വളവിലെ തകര്‍ച്ചയാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. വളവുകളില്‍ റോഡ് തകര്‍ന്ന് രൂപപ്പെടുന്ന വന്‍ഗര്‍ത്തങ്ങളില്‍ വലിയ വാഹനങ്ങള്‍ കുടുങ്ങുകയും തുടര്‍ന്ന് ഗതാഗത കുരുക്കിനിടയാവുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. ഇതിന് ശാശ്വത പരിഹാരമായായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ. എം.കെ മുനീറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം മൂന്ന്, നാല്, ഒമ്പത് വളവുകള്‍ ഇന്റര്‍ലോക്ക് പാകിയത്. ഈ വളവുകള്‍ക്ക് ഇപ്പോഴും യാതൊരു തകര്‍ച്ചയും നേരിട്ടിട്ടില്ല. ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് ബാക്കി വളവുകളില്‍ക്കൂടി ഇന്റര്‍ലോക്ക് പാകി സുരക്ഷിതമാക്കാനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നത്. പൊതുമരാമത്ത് ദേശീയപാതാവിഭാഗം തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാസ്ഥ കാട്ടുകയായിരുന്നു. ആറ് മുടിപ്പിന്‍ വളവിലും ഒരു സാധാരണവളവിലും കോണ്‍ക്രീറ്റ് ഇന്റര്‍ലോക്ക് ടൈലുകള്‍ പാകാനായിരുന്നു പദ്ധതി. ഇതിനായി 80 ലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റാണ് അന്ന് തയ്യാറാക്കിയിരുന്നത്. ഒന്ന്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് വളവുകളിലും ചിപ്പിലിത്തോട് വളവിലും ടൈലുകള്‍ പാകി സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടിരുന്നു.

വളവുകള്‍ വീതി കൂട്ടണമെങ്കില്‍ വനം വകുപ്പിന്റെ അധീനതയില്‍നിന്ന് ഭൂമി വിട്ടുകിട്ടണം. വനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചില കൂടിയാലോചനകളൊക്കെ നടന്നെങ്കിലും ഫലപ്രദമാകാതെ പോവുകയായിരുന്നു. ചുരത്തിലെ വളവുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് ഗതാഗതകുരുക്ക് നിത്യമായതോടെ 2012ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് വീണ്ടും ചുരം നവീകരിച്ചത്. തകര്‍ന്ന് തരിപ്പണമായിക്കിടന്ന ചുരം റോഡ് 2012 ജനവരിയിലാണ് നവീകരിച്ചത്. തിരക്കുള്ള ഈ ദേശീയപാതയില്‍ മൂന്നാഴ്ചയിലധികം ഗതാഗതം നിരോധിച്ചായിരുന്നു റോഡ് നവീകരണം. മുടിപ്പിന്‍ വളവുകള്‍ മണ്ണുമാന്തി ഉപയോഗിച്ച് മാന്തി പുനര്‍നിര്‍മ്മിച്ച് അതിന്റെ മുകളില്‍ ടാര്‍ ചെയ്താണ് റോഡ് നവീകരിച്ചത്. ഫെബ്രുവരി 10ന് പാത ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതോടെ ചുരത്തിലെ യാത്ര സുഖകരമായി മാറുകയും ചെയ്തു. തകര്‍ന്ന റോഡ് നന്നാക്കുന്നതില്‍ ഇനിയും അമാന്തം കാണിച്ചാല്‍ അത് വയനാട്ടുകാരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കുമെന്ന് ഓര്‍ക്കുന്നത് നന്ന്.

chandrika: