X
    Categories: Views

സര്‍ക്കാര്‍ അര്‍ഹിക്കുന്നത് ഡിസ്‌ലൈക്കുകള്‍ മാത്രം

ഒരുകണ്ണടക്ക് 28,800 രൂപ, ഒരു സെന്റ് സ്ഥലത്തിന് 500 രൂപ, എങ്കില്‍ ഒരു കണ്ണടവാങ്ങാന്‍ എത്ര സെന്റ് സ്ഥലം വില്‍ക്കേണ്ടി വരും. ഈയിടെ സോഷ്യല്‍ മീഡിയയില്‍ പറന്നു നടന്ന സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാറിനെതിരെയുള്ള ട്രോളുകളില്‍ ഒന്നാണിത്. ഇത്തരം നൂറുക്കണക്കിനു ട്രോളുകളാണ് സംസ്ഥാന ഭരണകൂടത്തിന്റെ വീഴ്ചകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്നതുപോലെയുള്ള ആസൂത്രിതമായ ഒരു സൈബര്‍ പോരാട്ടമല്ല കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് അപ്പപ്പോള്‍ തങ്ങളുടെ കൈവെള്ളയിലെത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളോടുള്ള പൊതുജനങ്ങളുടെ പ്രതികരണമാണ് ഇവയില്‍ പലതും പ്രകടമാക്കുന്നത്.

ട്രോളുകളുടേയും വിമര്‍ശന സ്വരങ്ങളുടേയും നടുവില്‍പെട്ട് ഉഴലുന്ന സംസ്ഥാന സര്‍ക്കാറിന്റെ ദയനീയമായ പ്രതിരോധമാണ് സോഷ്യല്‍ മീഡിയിയല്‍ ലൈക്ക് വര്‍ധിപ്പിക്കണമെന്ന മന്ത്രിമാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി കഴിഞ്ഞ ദിവസം ഈ നിര്‍ദേശം സമര്‍പ്പിച്ചത്. പ്രൈവറ്റ് സെക്രട്ടറിമാര്‍ മന്ത്രിമാര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കൂട്ടണം. ഇതിനായി നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാവണം. ഇത് നിരീക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോഷ്യല്‍ മീഡിയാ സെന്‍ട്രല്‍ ഡെസ്‌ക് തുടങ്ങും. ഇതൊക്കെയായിരുന്നു യോഗ തീരുമാനം. നിലവില്‍ മന്ത്രിമാരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും യോഗത്തില്‍ അവതരിപ്പിച്ചു. ധനമന്ത്രി തോമസ് ഐസക്കിനാണ് ഒന്നാം സ്ഥാനം. ആറു ലക്ഷം ലൈക്കുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

സര്‍ക്കാറിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ സമീപനത്തിന് സമാനമായ രീതി സ്വീകരിക്കേണ്ടി വന്ന ഒരു ഇടതുപക്ഷ സര്‍ക്കാറിന്റെ ഗതികേടിനെക്കുറിച്ചോര്‍ത്ത് സഹതപിക്കേണ്ട സാഹചര്യമാണ് കേരളീയ ജനതക്ക് ഈ പുതുവര്‍ഷപ്പുലരിയില്‍ വന്നു ഭവിച്ചത്. ഭരണത്തിന്റെ മധുവിധു നാളുകളില്‍ പ്രശംസയില്‍ പൊതിഞ്ഞ് ഈ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിച്ച പൊതുജനങ്ങളേയും ഭരണപരമായ വീഴ്ചകള്‍ നൂലറ്റ മാലയില്‍ നിന്ന് മുത്തുമണികള്‍ ഉതിര്‍ന്നു വീഴുമ്പോലെ സംഭവിച്ചുകൊണ്ടിരുന്നപ്പോഴും പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകള്‍ തീര്‍ത്ത അനുയായി വൃന്ദത്തേയും കാണാതിരുന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തു നിന്നും പരിഹാസ്യമായ ഈ നീക്കമുണ്ടായത്. സകല പിന്തുണയും നഷ്ടപ്പെട്ടപ്പോള്‍ പതറിപ്പോയ ഒരു ഭരണകൂടത്തിന്റെ പരിഭ്രാന്തി ഈ തീരുമാനത്തില്‍ മറയില്ലാതെ പ്രകടമാകുന്നുണ്ട്.

പുതുവര്‍ഷപ്പുലരിയില്‍ കടന്നുപോയ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഈ സര്‍ക്കാറിന് ഡിസ്‌ലൈക്കുകളല്ലാതെ നല്‍കാന്‍ ഒരു കടുത്ത ഇടതു പക്ഷക്കാരനുപോലും സാധിക്കില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തു നിന്നും വിഭിന്നമായി തൊട്ടതെല്ലാം പിഴക്കുന്ന പിണറായി സര്‍ക്കാറാണ് 2017 ന്റെ ദുരന്തങ്ങളിലൊന്ന്. പിടിപ്പുകേടുകളുടെ ഘോഷയാത്രയാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്. ഇതില്‍ പലതുമാണ് ട്രോള്‍ മഴയായി പെയ്തിറങ്ങിയത്. പതിനൊന്നുമാസത്തോളം നീണ്ടു നിന്ന നിയമപോരാട്ടത്തിലൂടെ, സര്‍ക്കാര്‍ നീക്കം ചെയ്ത ഡി.ജി.പി പദവിയിലേക്ക് ടി.പി സെന്‍കുമാര്‍ തിരിച്ചുവന്നത് ഇവയില്‍ പ്രഥമ ഗണനീയമാണ്. തിരിച്ചുവന്ന അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാകുന്ന ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാന സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി.

ലൈംഗികച്ചുവയോടെ മാധ്യമപ്രവര്‍ത്തകയോട് സംസാരിച്ചതിന്റെ പേരില്‍ പുറത്തുപോകേണ്ടി വന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും സര്‍ക്കാറിന് ചീത്തപ്പേര് നല്‍കിയതില്‍ മുന്‍പന്തിയില്‍ നിന്നു. എന്നാല്‍ അദ്ദേഹം രാജിവെച്ച ഒഴിവില്‍ രംഗപ്രവേശം ചെയ്ത കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ പ്രകടനമാണ് പിണറായി സര്‍ക്കാറിനെ പൊതു ജനമധ്യത്തില്‍ ഏറ്റവും കൂടുതല്‍ പരിഹാസ്യമാക്കിയത്. കായല്‍ കൈയ്യേറ്റത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട അദ്ദേഹത്തിന്റെ ഓരോ പ്രതികരണങ്ങളും കുരുക്ക് മുറുക്കിക്കൊണ്ടേയിരുന്നു. ഒരു പക്ഷേ കേരളത്തില്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ഒരു വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ ആഘോഷിച്ചിട്ടുണ്ടാവുക തോമസ് ചാണ്ടി വിഷയമായിരിക്കും.

മുഖ്യമന്ത്രിയുടെ കടക്കു പുറത്ത് പ്രയോഗവും സംസ്ഥാന സര്‍ക്കാറിന് ചീത്തപ്പേരുണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. വ്യാപകമായ ആക്രമണത്തെ തുടര്‍ന്ന് സംഘടിപ്പിക്കപ്പെട്ട സി.പി.എം ബി.ജെ.പി ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ മസ്‌ക്കറ്റ് ഹോട്ടലിന്റെ കോണ്‍ഫ്രന്‍സ് ഹാളിന് പുറത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു വിട്ടത്. ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ സംഭവം ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുമ്പോഴുള്ള സി.പി.എമ്മിന്റെ മാധ്യമങ്ങളോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതായി. സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും ഡി.ജി.പി ജേക്കബ് തോമസിന്റെ വിഷയത്തില്‍ കൈക്കോണ്ട നടപടിയും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായിരുന്നു. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ചടുത്തോളം ലൈക്കുകളുടെ കാലമാണ് കഴിഞ്ഞു പോയത്. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയ ഉജ്വല വിജയവും ഇടതു പക്ഷം പതിനെട്ടടവും പയറ്റിയിട്ടും ഒരു പരിക്കുമേല്‍ക്കാതെ വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേടിയ വിജയവും മുന്നണിക്കും മുസ്‌ലിം ലീഗിനും സേഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും ധാരാളം ലൈക്കുകള്‍ നേടിക്കൊടുത്തു.

പല വിഷയങ്ങളിലുമുള്ള സമീപനങ്ങളിലെ സാമ്യത വഴി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ബി ടീമെന്ന് വിശേഷിക്കപ്പെട്ട പിണറായി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും അച്ചട്ട പിന്തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന് മോദിക്കൊത്ത പത്രാസു പ്രകടമാക്കി പൊതുജനങ്ങളെ വര്‍ണക്കാഴ്ചകളില്‍ മയക്കിക്കിടത്താമെന്നത് സംസ്ഥാന സര്‍ക്കാറിന്റെ മിഥ്യാധാരണയാണ്. തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതല്ലാതെ കണ്ണില്‍ പൊടിയിടാനുള്ള ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളാകും സംഭാവന നല്‍കുക.

chandrika: