യെദുഗുരി സന്തിന്തി ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശ് രാഷ്ട്രേ മുഖ്യമന്ത്രിനാ… ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി ഗുജറാത്തുകാരന്‍ നരേന്ദ്രദാമോദര്‍ദാസ് മോദി ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നഅതേ ദിവസം ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഗവര്‍ണറില്‍നിന്ന് അധികാരമേറ്റത് ചരിത്രം. നാല്‍പത്തഞ്ചാം വയസ്സില്‍ മുഖ്യമന്ത്രിപദം. ഇതൊരു പകരംവീട്ടലാണ് ജഗന്. തന്നെ ഇത്രയും കാലം തഴഞ്ഞ രാഷ്ട്രീയക്കാരോടുള്ള പകരംവീട്ടല്‍. അതില്‍ തന്റെ പൂര്‍വകക്ഷിയായ കോണ്‍ഗ്രസ് മുതല്‍ ആന്ധ്രയുടെ സ്വന്തംപാര്‍ട്ടിയായ തെലുങ്കുദേശവുമുണ്ട്. തീര്‍ച്ചയായും ചന്ദ്രബാബുനായിഡുവും. വെറുതെയല്ല 175ല്‍ 151 സീറ്റ് തൂത്തുവാരിയാണ്. ടി.ഡി.പിക്ക് കിട്ടിയത് 23. ലോക്‌സഭയില്‍ റെഡ്ഡിയുടെ പാര്‍ട്ടിക്ക് 22ഉം ടി.ഡിപിക്ക് മൂന്നും. ടി.ഡി.പിയുടെ മൂന്നുപതിറ്റാണ്ടിനുശേഷത്തെ ഏറ്റവും കനത്തതകര്‍ച്ച. ആധുനികആന്ധ്രയുടെ നേതാവിനെയാണ് മലര്‍ത്തിയടിച്ചത്. ദീര്‍ഘകാലം ആന്ധ്രപ്രദേശ് ഭരിച്ച എന്‍.ടി രാമറാവുവിന്റെ മരുമകനെ. സത്യത്തില്‍ ജഗന്‍മോഹന് വളരാന്‍ തണലൊരുക്കിയത് ഈ നായിഡുവാണ്. പിന്നെ സ്വന്തം പൂര്‍വപാര്‍ട്ടിയായ കോണ്‍ഗ്രസും. സഹായിച്ചിട്ടൊന്നുമല്ല;പലപ്പോഴും ഒരാളുടെവളര്‍ച്ചക്ക് സഹായിക്കുക അയാളുടെ ശത്രുക്കളാണെന്ന സിദ്ധാന്തംവെച്ച്. രാഷ്ട്രീയതന്ത്രജ്ഞതയിലും ഒട്ടും പ്രായക്കുറവില്ലെന്ന് തെളിയിച്ചു ചിന്നറെഡ്ഡി. സംസ്ഥാനഭരണവും കേന്ദ്രത്തില്‍ കാര്യമായ സ്വാധീനശക്തിയും.യു.പി.എ അധികാരത്തിലെത്തിയിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഏതാനും മന്ത്രിമാരെയും ലഭിക്കുമായിരുന്നു. മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തോട് ആന്ധ്രക്കെന്നപോലെ തനിക്കും പ്രതിപത്തി ഇല്ലാത്തതിനാല്‍ അതിനൊട്ട് മെനക്കെട്ടുമില്ല.
ആന്ധ്രപ്രദേശിനെ പ്രാദേശികപാര്‍ട്ടിയുടെ പിടിയില്‍നിന്ന് തിരിച്ചുകൊണ്ടുവന്ന നേതാവാണ് ജഗന്റെ പിതാവ് വൈ.എസ് രാജശേഖരറെഡ്ഡി. ദീര്‍ഘകായന്‍ എന്ന പേലെ രാഷ്ട്രീയത്തിലെയും ദീര്‍ഘദര്‍ശിത്വമാണ് റെഡ്ഡിയെ രണ്ടുതവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയാക്കിയത്. ചെറുപ്പക്കാര്‍ക്കിടയില്‍ ചന്ദ്രബാബുവിന്റെ തിളക്കത്തെ വെല്ലാന്‍ എന്തുകൊണ്ടും യോഗ്യന്‍. ആന്ധ്രപ്രദേശ് തെലുങ്കുദേശവും ആന്ധ്രപ്രദേശുമായി വിഭജിച്ചപ്പോള്‍ അതിന്റെ ആദ്യമുഖ്യമന്ത്രിയായെന്ന ഖ്യാതി നായിഡുവിനാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതലായവര്‍ നേരിട്ടെത്തി പ്രശംസിച്ച വിവരസാങ്കേതികവിപ്ലവത്തിനുടമ. എന്നാല്‍ ഇതൊന്നും പക്ഷേ നായിഡുവിന്റെ ജനപിന്തുണയെ ഏറെക്കാലം തുണച്ചില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസോ മൂന്നാംസഖ്യമോ അധികാരത്തില്‍ വരിക. അതിലൊരു നിര്‍ണായകസ്ഥാനം, ഒത്താലൊരു പ്രധാനമന്ത്രിപദം ഇതൊക്കെയായിരുന്നു ബാബുവിന്റെ മാത്തമാറ്റിക്‌സ്. എല്ലാംപിഴച്ചത് ജഗന്‍ എന്ന പയ്യന്റെ തന്ത്രത്തില്‍. പക്ഷേ മുഖ്യമന്ത്രിപദമേല്‍ക്കുമ്പോള്‍പോലും സ്റ്റാലിന്‍ അടക്കമുള്ള നേതാക്കളുടെ അരികില്‍ താനൊരു വെറുംപയ്യനാണെന്ന ഭാവമായിരുന്നു ജഗന്. ഇടക്ക് തലമുടിയില്‍ സിനിമാസ്റ്റൈലില്‍ ഒരു തഴുകല്‍. വിനയാന്വിതമായ പുഞ്ചിരി. 2004ല്‍ ജഗന്‍ കോണ്‍ഗ്രസിനുവേണ്ടി തന്റെ തട്ടകമായ കഡപ്പയില്‍ പ്രചാരണം നടത്തുകയും 2009ല്‍ കോണ്‍ഗ്രസുകാരനായി പാര്‍ലമെന്റംഗമാവുകയും ചെയ്തു. 2004ന്റെ തുടര്‍ച്ചയായി 2009 മേയില്‍ രണ്ടാംതവണ മുഖ്യമന്ത്രിയായെങ്കിലും മാസങ്ങള്‍ക്കകം ഹെലികോപ്റ്റര്‍ അപകടത്തില്‍ പിതാവ് രാജശേഖര്‍ റെഡ്ഡിയുടെ ദാരുണമരണം. ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണച്ചില്ല. 2010ല്‍ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കത്തിലും നിരാശയിലും കോണ്‍ഗ്രസ്‌വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നപേരില്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. പിറ്റേവര്‍ഷം സ്വത്തുകേസില്‍ ജയില്‍വാസം. വിട്ടില്ല. നീണ്ടപദയാത്ര. ഏഴുവര്‍ഷത്തെ കഠിനാധ്വാനം ജഗനെ തുണച്ചു. 2014ല്‍ കോണ്‍ഗ്രസ് തകര്‍ന്ന് ജഗന്‍ പ്രതിപക്ഷനേതാവായി. ഇപ്പോള്‍ മുഖ്യമന്ത്രിപദവും.
ക്രിസ്ത്യന്‍കുടുംബത്തില്‍ 1972 ഡിസംബര്‍ 21ന് ജനനം.രാജശേഖരറെഡ്ഡിക്കും വിജയമ്മക്കും കൂടിയുള്ള ഏകആണ്‍തരി. ശര്‍മിള ഏകസഹോദരി. ആന്ധ്രയുടെ പുതിയതലസ്ഥാനമായ അമരാവതിയില്‍ താമസം. അമരാവതിയെ ലോകത്തെ മികച്ച ആസൂത്രിതതലസ്ഥാനനഗരിയായി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് നായിഡുവിന് പടിയിറങ്ങേണ്ടിവന്നത്. അതിനി ജഗന്റെ തലയില്‍. പ്രത്യേക സംസ്ഥാനപദവി ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്ന ്പലതും നേടിയെടുക്കണം. പക്ഷേ മോദിയുടെയും അമിത്ഷായുടെയും കാലുപിടിക്കാനൊന്നും കിട്ടില്ല. ചന്ദ്രബാബു ദീര്‍ഘകാലം അത് ചെയ്തിട്ടും മോദി ചവിട്ടിപ്പുറത്താക്കിയ അനുഭവം മുന്നിലുണ്ട്. ജനാധിപത്യരീതിയില്‍ പോരാടി നേടും.ശിഷ്ടകാലം തത്കാലം ശുഭം. പക്ഷേ ഉറങ്ങാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ മുതിര്‍ന്നവര്‍ പിടിമുറുക്കുകയാണിപ്പോള്‍. സര്‍ക്കാരില്‍ തന്റെ അരികെ ഇരിക്കുന്നത് രാജ്യത്തെ ചരിത്രത്തിലിതാദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാര്‍. അതിന് നിയമമുണ്ടോ എന്ന് ചോദിച്ചാല്‍ അതൊക്കെയാണ് രാഷ്ട്രീയമെന്ന് പഠിക്കുകയാണ് ജഗന്‍. ഇവര്‍ തമ്മിലുള്ള തര്‍ക്കംതീര്‍ക്കണം. തനിക്കും ഏതുനിമിഷവും പാരപണിയാം.
- 6 years ago
web desk 1
Categories:
Video Stories
ചിന്നമോഹനറെഡ്ഡി
Tags: editorial