X
    Categories: columns

സ്പീക്കര്‍ തുടരുന്നത് അപമാനകരം

അന്താരാഷ്ട്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലൊന്ന് സര്‍ക്കാരിലെ വ്യക്തികളിലുപരി സംസ്ഥാന നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഇതിന്റെ ഏതാണ്ട് അയലത്തൊക്കെ ഉണ്ടായിരുന്നുവെന്നായിരുന്നു. സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌നസുരേഷും സന്ദീപ്‌നായരുമായി ബന്ധപ്പെട്ടായിരുന്നു സ്പീക്കറെ ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍. അന്ന് യു.എ.ഇ കോണ്‍സുലേറ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന സ്വപ്‌നയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് സ്പീക്കര്‍ തന്നെ തുറന്നുസമ്മതിച്ചതാണ്. സന്ദീപ്‌നായരുടെ കടയുടെ ഉദ്ഘാടനത്തിന ്‌സ്പീക്കര്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളിലാണ് ്‌സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം വെളിച്ചത്തായത്. തോളില്‍ തട്ടാവുന്ന തരത്തിലുള്ള അടുപ്പമാണ് കള്ളക്കടത്തുകേസ് പ്രതി സ്വപ്‌നയുമായി ശ്രീരാമകൃഷ്ണനുണ്ടായിരുന്നതെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമായത്. എന്നാല്‍ മാസങ്ങള്‍ക്കുശേഷം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുമ്പോള്‍ ഇതിനേക്കാല്‍ വലിയ ബന്ധമാണ് സ്പീക്കര്‍ക്ക് പ്രതികളുമായി ഉണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുമായല്ല റിവേഴ്‌സ്‌ഡോളര്‍ കടത്തുമായാണ ്‌സ്പീക്കര്‍ക്ക് പ്രതികളുമായി ബന്ധമെന്നാണ് പ്രതികള്‍ അന്വേഷണ ഏജന്‍സികള്‍ക്കും കോടതിക്ക് കൊടുത്ത രഹസ്യ മൊഴിയിലുമുള്ളതെന്നാണ ്കണ്ടെത്തല്‍. ഇത് സത്യമാണെങ്കില്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തെതന്നെ ജനാധിപത്യത്തിന ്‌വലിയ കളങ്കമാണ് വന്നുചേരാന്‍പോകുന്നത്. സ്പീക്കര്‍ക്കെതിരെ പ്രതികള്‍ വിശ്വാസയോഗ്യമായ മൊഴി നല്‍കിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ വഴി മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. ഇതേക്കുറിച്ച് സ്്പീക്കറുടെ ഓഫീസ് ഇതുവരെയും നിജസ്ഥിതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നനിലക്ക് അദ്ദേഹം ഇരിക്കുന്ന കസേരക്ക് ഏല്‍ക്കുന്ന കളങ്കം ഒട്ടും ചെറുതല്ല.

തനിക്ക് അടുപ്പമുണ്ടെന്ന് സ്്പീക്കര്‍തന്നെ തുറന്നുസമ്മതിച്ച സ്വപ്‌നസുരേഷ് തന്നെയാണ് ഡോളര്‍ കടത്തില്‍ സപീക്കര്‍ക്കെതിരായി അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയതെന്നത് വലിയ ചോദ്യശരങ്ങളാണ് ഉയര്‍ത്തുന്നത.് വിഷയത്തില്‍ സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്യാനിരിക്കുകയാണ്. കേസില്‍ സ്പീക്കറെ ചോദ്യംചെയ്യുന്നതിന് ഏതാണ്ട് തുല്യമാണിത്. എങ്കിലും തനിക്ക് സമന്‍സൊന്നും ലഭിച്ചില്ലെന്നും ചോദ്യംചെയ്യില്ലെന്നും വാദിച്ച് പിടിച്ചുനില്‍ക്കാന്‍ വൃഥാശ്രമിക്കുകയാണ് ബഹുമാനപ്പെട്ട സ്പീക്കര്‍. ഇതിന് ഓശാന പാടാന്‍ സംസ്ഥാന സര്‍ക്കാരും ഭരിക്കുന്ന മുഖ്യകക്ഷിയും മുന്നോട്ടുവന്നതില്‍ അത്ഭുതത്തിന് അവകാശമില്ലെങ്കിലും കഴിഞ്ഞ ആറുമാസത്തോളമായി സംസ്ഥാന സര്‍ക്കാരിനെതിരെ പുകഞ്ഞുകൊണ്ടിരിക്കുന്ന ആരോപണശരങ്ങളെ ശരിവെക്കുകയാണ് ഫലത്തില്‍ ഇവയിലൂടെ സംഭവിച്ചിരിക്കുന്നത്. തീയില്ലാതെ പുകയുണ്ടാവില്ല. സത്യം മനസ്സിലാക്കുന്ന ഓരോ പൗരനും നീതികാംക്ഷിക്കുന്നത് സര്‍ക്കാരിനേക്കാള്‍ സ്പീക്കറില്‍നിന്നുതന്നെയാണ്. കാരണം അദ്ദേഹം പ്രതിനിധീകരിക്കുന്നത് ജനാധിപത്യത്തിന്റെ ഒന്നാമത്തെ തൂണായ ലെജിസ്ലേച്ചറിനെയാണ് എന്നതുതന്നെ. ഭരണഘടനാപരമായി ഗവര്‍ണര്‍ക്കൊപ്പമോ അതിലും മേലെയോ നില്‍ക്കേണ്ട പദവിയാണ് നിയമസഭാസ്പീക്കര്‍ എന്നതിനാല്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും നോമിനിയാണ് താനെന്ന അഹങ്കാരം മാറ്റിവെച്ച് രാജിവെച്ച് ജനാധിപത്യത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുകയാണ് ഈ ഘട്ടത്തില്‍ ശ്രീരാമകൃഷ്ണന്‍ ചെയ്യേണ്ടത്. അതിന് അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ലെന്നതുപോകട്ടെ സഭയുടെ ശിഷ്ടകാലമായ അഞ്ചുമാസംകൂടി തല്‍സ്ഥാനത്ത് അഭംഗുരം തുടരാനുള്ള സാധ്യതയാണ് കാണുന്നത്.

തിരുവനന്തപുരത്തെ ഒരു#ാറ്റില്‍ സ്യൂട്ട്‌കേസിലാണ് സ്പീക്കര്‍ തങ്ങള്‍ക്ക് ഡോളര്‍ എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി. പ്രതികള്‍ പറയുന്നത് ശരിയല്ലെന്ന ്‌വാദിക്കാന്‍ മാത്രം എന്തു തെളിവാണ് സ്പീക്കറുടെ പക്കലുള്ളത്. ആ സമയം എവിടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ അതദ്ദേഹം ഇതുവരെയും ഹാജരാക്കിയിട്ടുമില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതന്‍ എന്നാണ് അന്വേഷണ ഏജന്‍സികള്‍ സ്പീക്കറെപറ്റി കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. ഇത് ശരിവെക്കുന്ന വിധത്തിലുള്ള അന്വേഷണമാണ ്കസ്റ്റംസ് നടത്തുന്നതും. അല്ലെങ്കില്‍ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാരനെ വിളിച്ചുവരുത്തേണ്ട ആവശ്യം കസ്റ്റംസ് സംഘത്തിനില്ലല്ലോ. ഇനി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷണത്തെ ദുരുപയോഗിക്കുകയാണെങ്കില്‍ അതിന് അവര്‍ ചെയ്യേണ്ടത് ഇതിനകം തെളിവുകള്‍ ഒട്ടേറെ ലഭിച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍സെക്രട്ടറിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയെതന്നെ പൂട്ടുകയല്ലേ. അപ്പോള്‍ സ്പീക്കറെ കുടുക്കാന്‍ മാത്രമുള്ള സൂചനകളെന്തെങ്കിലും അന്വേഷണത്തിനിടെ ഉദ്യോഗസ്ഥരുടെ കയ്യില്‍ തടഞ്ഞിരിക്കണമെന്നുതന്നെയാണ് വിശ്വസിക്കേണ്ടത്. കോടതിയിലാണ് തെളിവുകള്‍ വരേണ്ടതെന്നും അതുവരെ താന്‍ നിരപരാധിയാണെന്നുമാണ ് ശ്രീരാമകൃഷ്ണന്‍ പറയുന്നതെങ്കില്‍ അതുവരെ അന്തരീക്ഷത്തിലുയര്‍ന്നുനില്‍ക്കുന്ന ഗൗരവതരമായ ആരോപണത്തെക്കുറിച്ച് ജനം എന്താണ ്ചിന്തിക്കേണ്ടത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്പീക്കര്‍ക്കെതിരെ ഇത്തരത്തിലൊരു സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് മറക്കരുത്. സഭയില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണത്തിനും ഉപോല്‍ബലകമായ തെളിവുകളുണ്ട്. ഇതിനുമുമ്പുള്ള സഭയില്‍ ഭരണപക്ഷ അംഗങ്ങളെയും സ്പീക്കറെപോലും കയ്യേറ്റം ചെയ്യുന്നതിനും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുന്നതിനും സന്നദ്ധനായ സാമാജികനാണ് ശ്രീരാമകൃഷ്ണന്‍. ധനമന്ത്രി കെ.എം മാണിക്കെതിരായി ഉയര്‍ന്ന ബാര്‍ കോഴ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടായിരുന്നു ഇതര സി.പി.എം അംഗങ്ങളോടൊപ്പമുള്ള പൊന്നാനി എം.എല്‍.എയുടെ സഭാതാണ്ഡവം. ഇപ്പോള്‍ അതിലും ഗുരുതരമായ ആരോപണം തനിക്കെതിരെ ഉയര്‍ന്നപ്പോള്‍ തടിതപ്പാന്‍ നോക്കുന്നത് അദ്ദേഹത്തിന് മാത്രമല്ല, ജനാധിപത്യ കേരളത്തിനാകെ അപമാനമാണ്. ജനുവരി എട്ടിനാരംഭിക്കുന്ന ഈ സഭയുടെ അവസാന ബജറ്റ് സമ്മേളനത്തില്‍നിന്നും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് വിട്ടുനില്‍ക്കാനോ അന്വേഷണം തീരുംവരെ തല്‍സ്ഥാനം രാജിവെക്കാനോ ഉള്ള മര്യാദ ശ്രീരാമകൃഷ്ണന്‍ കാട്ടണം. സ്പീക്കര്‍ക്കെതിരായി പ്രതിപക്ഷത്തെ എം. ഉമ്മര്‍ നല്‍കിയിരിക്കുന്ന അവിശ്വാസ നോട്ടീസ് ചര്‍ച്ച ചെയ്യാനിടവരുന്നതുപോലും ലജ്ജാകരമാണ്. രാജിക്ക് അദ്ദേഹം സ്വയം തയ്യാറല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയോ ഗവര്‍ണറോ അദ്ദേഹത്തെ മാറ്റിനിര്‍ത്താനുള്ള ആര്‍ജവം കാട്ടണം. ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുന്നത് കടലാസുകളിലല്ലെന്നും പൗരന്റെ അചഞ്ചലമായ മനസ്സിലാണെന്നും പ്രത്യേകിച്ച് ആരോടും പറഞ്ഞുകൊടുക്കേണ്ടതല്ലല്ലോ.

Test User: