X
    Categories: columns

തമസ്‌കരണ തന്ത്രവുമായി വീണ്ടും പേര് മാറ്റം

ഫാസിസത്തിന്റെ രീതികള്‍ ഓരോ കാലത്തും വ്യത്യസ്തമായിരിക്കും. ജനാധിപത്യ വ്യവസ്ഥകള്‍ അട്ടിമറിച്ച് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ പലതരം തന്ത്രങ്ങളാണ് അതിന് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയില്‍ ബി.ജെ.പി ഭരണകൂടം പാഠപുസ്തകങ്ങളില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും പുനര്‍നാമകരണങ്ങള്‍ നടത്തുന്നതും സ്വന്തം താല്‍പര്യ സംരക്ഷണത്തിനാണെന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി (ആര്‍.ജി.സിബി) സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രം തീരുമാനവും ഫാസിസത്തിന് മേല്‍വിലാസമുണ്ടാക്കാനുള്ള നീക്കമായി കാണേണ്ടതുണ്ട്. മതതേരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ദേശീയ നേതാക്കളുടെയും മുന്‍ ഭരണാധികാരികളുടെയും പേരുകള്‍ ബി.ജെ.പിക്ക് ദഹിക്കുന്നില്ല. മഹാത്മാഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ തയാറാകാത്ത ഫാസിസ്റ്റ് മനസ്സില്‍നിന്നാണ് ആര്‍.ജി.സി.ബിയുടെ പേരും മാറ്റാനുള്ള തീരുമാനമുണ്ടായത്. ആര്‍.എസ്.എസ് നേതാവ് എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് തന്നെയാണ് സ്ഥാപനത്തിന് പകരം കണ്ടുവെച്ചിരിക്കുന്നതെന്ന വസ്തുത ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോദ്‌സെയുടെ ഉറ്റ ചങ്ങാതിയായിരുന്നു ഗോള്‍വാക്കര്‍. ഇന്ത്യ കണ്ട പല വലിയ വര്‍ഗീയ ലഹളകളും നടക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു ആര്‍.എസ്.എസ് തലവന്‍. ഗാന്ധി വധത്തിന്റെ പേരില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു സംഘടനയുടെ തലപ്പത്തുണ്ടായിരുന്നത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അദ്ദേഹം കണ്ടിരുന്നത് ശത്രുക്കളായാണ്. സെമിറ്റിക് വംശങ്ങളുടെ ഉന്മൂലനം ആഗ്രഹിച്ചിരുന്ന ജര്‍മനിയിലെ നാസികളെ പല സന്ദര്‍ഭത്തിലും ഗോള്‍വാള്‍ക്കര്‍ പുകഴ്ത്തിയിരുന്നു.

ഹിറ്റ്‌ലറുടെ ജര്‍മനിയില്‍നിന്ന് ഹിന്ദുസ്ഥാന് പഠിക്കാനും പകര്‍ത്താനും ഏറെയുണ്ടെന്ന് കൂടി വാദിച്ച ശുദ്ധ വര്‍ഗീയവാദിയുടെ പേര് തന്നെ തിരുവനന്തപുരത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് ഇടണമെന്ന് വാശിപിടിക്കുന്നവരുടെ മനോഘടനയും വിഷലിപ്തമാണ്. വര്‍ഗീയതയെ താലോലിക്കുകയും വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സംഘടനയുടെ നേതാവിന്റെ പേര് ആര്‍.ജി.സി.ബിയുടെ രണ്ടാമത്തെ കാമ്പസിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ചില കണക്കുകൂട്ടലുകളോടെ തന്നെയാണ്. ഇന്ത്യയുടെ പുരോഗതി മാത്രം സ്വപ്‌നം കാണുകയും ആധുനിക ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളോടാപ്പം രാജ്യത്തെ കൈടിപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഒരു നേതാവിന്റെ പേര് മാറ്റിയാണ് ഗോള്‍വാള്‍ക്കറുടേത് നല്‍കുന്നത്. ഇന്ത്യാ ചരിത്രത്തില്‍ സല്‍പേരിന്പകരം കുപ്രസിദ്ധി മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മഹാത്മാഗാന്ധി വധക്കേസില്‍ ഗോള്‍വാള്‍ക്കര്‍ അറസ്റ്റിലായിരുന്നു. പൊതുസമൂഹത്തിന് ഒരുതരത്തിലും ഗോള്‍വാള്‍ക്കറെ ഉള്‍ക്കൊള്ളാനാവില്ല.

ദേശീയ ബോധത്തിന്റെ മുഖ്യധാരയില്‍ നക്ഷത്ര തുല്യം തിളങ്ങിനില്‍ക്കുന്ന നേതാക്കളെയും രാഷ്ട്രശില്‍പികളെയും വിസ്മൃതിയിലേക്ക് തള്ളുകയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തെ പൊളിച്ചെഴുതാനും ദേശീയതലത്തില്‍ സ്വന്തം പ്രതീകങ്ങളെ പ്രതിഷ്ഠിക്കാനുമാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിന്റെ പുനരെഴുത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഭരണതലത്തില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് തന്നെയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയില്‍ പല നഗരങ്ങളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളോണിയല്‍ പേരുകള്‍ മാറ്റുകയായിരുന്നു അതിന്റെ ലക്ഷ്യം.

അങ്ങനെയാണ് ബോംബെ മുംബൈയും മദ്രാസ് ചെന്നൈയും കല്‍ക്കട്ട കൊല്‍ക്കത്തയും ബാംഗ്ലൂര്‍ ബംഗളൂരുവുമായത്. പക്ഷേ, ബി.ജെ.പി ഭരണകൂടം ചെയ്യുന്നത് അതല്ല. അവര്‍ നടത്തുന്ന പേരുമാറ്റങ്ങള്‍ വര്‍ഗീയ പ്രേരിതമാണ്. 2018 ആഗസ്തില്‍ ഉത്തര്‍പ്രദേശിലെ മുകള്‍സരായ് ജങ്ഷന്‍ റെയില്‍വേസ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ എന്നാക്കാന്‍ കാരണം ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷം മാത്രമായിരുന്നു. അലഹബാദിനെ പ്രയാഗ്‌രാജാക്കിയതും ഫൈസാബാദ് ജില്ലയെ അയോധ്യയാക്കിയതും ഫാസിസ്റ്റ് വികാരത്തെ സുഖിപ്പിക്കാനാണ്. അങ്ങനെ വേറെയും നിരവധി നഗരങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ബി.ജെ.പിയും ശിവസേനയും ആഗ്രഹിക്കുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് അതെല്ലാം അനായാസം സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുകയും ചെയ്യുന്നു.

രാഷ്ട്രീയ എതിരാളികളെപോലും സഹിഷ്ണതയോടെ കാണാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് ആര്‍.ജി. സി.ബിയുടെ പേര് മാറ്റാനുള്ള തീരുമാനം തെളിയിക്കുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം പേരില്‍ പലതും അടയാളപ്പെടുത്തുന്നുണ്ടാകാം. സംഘ്പരിവാറിന് പേരുകള്‍ തിരിച്ചറിയാന്‍ മാത്രമുള്ളതല്ല. അതിനപ്പുറം ചില ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയുള്ളതാണ്. അതോടൊപ്പം വലിയ രാഷ്ട്രീയ മുതലെടുപ്പും അവര്‍ കണക്കുകൂട്ടുന്നുണ്ട്. കേരളത്തെപ്പോലെ സമാധാനാന്തരീക്ഷം നിലനലില്‍ക്കുന്ന പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള പരീക്ഷണം മാത്രമാണത്. അതിലൂടെ നാല് വോട്ടുകള്‍ അധികം കിട്ടുമോ എന്നും അവര്‍ ആലോചിക്കുന്നു.

നെഹ്‌റു ട്രോഫി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നാമധേയത്തിലാണ് അറിയപ്പെടുന്നതെങ്കില്‍ ആര്‍.ജി.സി.ബിക്ക് ഗോള്‍വാള്‍ക്കറുടെ പേരിട്ടാല്‍ പ്രശ്‌നമെന്താണെന്നാണ് ബി.ജെ.പി നേതാക്കള്‍ ചോദിക്കുന്നത്. നെഹ്‌റുവിനോടും രാജീവ് ഗാന്ധിയോടുമൊന്നും തുലനം ചെയ്യാന്‍ പറ്റിയ ആളല്ല ഗോള്‍വാള്‍ക്കര്‍ എന്നത് തന്നെ അതിന് കാരണം. സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. മതേതരത്വത്തെ വെട്ടിമുറിച്ച് മതരാഷ്ട്ര സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍ വിയര്‍പ്പൊഴുക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. ഹിന്ദു രാഷ്ട്രത്തില്‍ മാത്രമായിരിക്കണം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കേണ്ടതെന്ന് അയാള്‍ വാദിച്ചിരുന്നു.

മതേതര രാജ്യത്തെ സ്വപ്‌നത്തില്‍പോലും അംഗീകരിക്കാന്‍ ഗോള്‍വാള്‍ക്കര്‍ക്ക് സാധിച്ചിരുന്നില്ല. ഹിന്ദുക്കളല്ലാത്തവര്‍ക്ക് പൗരത്വം പോലും നല്‍കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യ-പാകിസ്താന്‍ വിഭജന കാലത്ത് അക്രമങ്ങളെ ആളിക്കത്തിക്കാന്‍ നേതൃത്വംനല്‍കി. ഗാന്ധി കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് അദ്ദേഹത്തെ അധിക്ഷേപിച്ച് സംസാരിച്ച വ്യക്തിയാണ് ഗോള്‍വാള്‍ക്കര്‍. അത്തരമൊരാളുടെ പേര് രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിന് മാറ്റി നല്‍കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തിന് അതീതമായി ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിനെതിരെ രംഗത്തെത്തിയത് ഏറെ പ്രതീക്ഷ പകരുന്നുണ്ട്.

Test User: