X

എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു

ഉറുഗ്വായിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് 37കാരനായ കവാനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഉറുഗ്വായിക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കവാനി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് ഒന്നാമത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022 ലോകകപ്പിനുശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല. പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബുകള്‍ക്കായി പന്തു തട്ടിയിട്ടുണ്ട്. 2008ല്‍ കൊളംബിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ദേശീയ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. നാലു ലോകകപ്പില്‍ ടീമിനായി കളിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010ലെ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഉറുഗ്വായ് ടീമില്‍ അംഗമായിരുന്നു. 2011 കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും കവാനി ഉണ്ടായിരുന്നു. ‘ഇന്ന് എന്റെ വാക്കുകള്‍ വളരെ കുറവാണെങ്കിലും ആഴമേറിയതാണ്. വര്‍ഷങ്ങളായി ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും നന്ദി. ഈ ലോകത്ത്, ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ജഴ്‌സി ധരിക്കാനായതില്‍ അന്നും എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും’ -ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കവാനി പറഞ്ഞു.

എത്ര അത്ഭുതകരമായ വര്‍ഷങ്ങളായിരുന്നു കടന്നുപോയത് എന്നതില്‍ സംശയമില്ല. എനിക്ക് പറയാനും ഓര്‍ക്കാനും ഒരായിരം കാര്യങ്ങള്‍ ഉണ്ട്, കരിയറിലെ ഈ പുതിയ ഘട്ടത്തിനായി സമര്‍പ്പിക്കുകയാണ്. ഒടുവില്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പക്ഷേ ഹൃദയമിടിപ്പ് തുടരുകയാണ്.

ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നുവെന്നും താരം കുറിപ്പില്‍ പറയുന്നു. 2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനക്കെതിരെയാണ് താരം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഉറുഗ്വായ് പിന്നാലെ പുറത്താകുകയും ചെയ്തു. ജൂണ്‍ 23ന് പനാമക്കെതിരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഉറുഗ്വായിയുടെ അരങ്ങേറ്റ മത്സരം.

webdesk13: