X

ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 32-ാംവയസിലാണ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. കഴിഞ്ഞ ജൂണില്‍ റയല്‍ മാഡ്രിഡ് വിട്ട താരം വേറെ ഒരു ക്ലബ്ബിലും ചേര്‍ന്നിരുന്നില്ല. ഖത്തര്‍ ലോകകപ്പില്‍ നിന്നും ബെല്‍ജിയം പുറത്തായതിന് പിന്നാലെ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നാണ് 16 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി ഹസാര്‍ഡ് അറിയിച്ചത്.

‘നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക. എന്നിട്ട് ശരിയായ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. ഏതാണ്ട് 700ഓളം മത്സരങ്ങള്‍ കളിച്ച 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്റെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിച്ചു. ലോകമെമ്പാടുമുള്ള നിരവധി പിച്ചുകളില്‍ കളിക്കാനും ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കരിയറില്‍ മികച്ച പരിശീലരെയും ടീമംഗങ്ങളെയും കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളെ എല്ലാവരേയും മിസ്സ് ചെയ്യും’, ഇന്‍സ്റ്റഗ്രാമില്‍ വൈകാരിക കുറിപ്പില്‍ ഹസാര്‍ഡ് പറഞ്ഞു.

‘ഞാന്‍ മത്സരിച്ചിട്ടുള്ള ക്ലബ്ബുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോസ്‌ക് ലില്ലെ, ചെല്‍സി, റയല്‍ മാഡ്രിഡ്, പിന്നെ ബെല്‍ജിയന്‍ ദേശീയ ടീമിലേക്ക് എന്നെ തിരഞ്ഞെടുത്ത റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും (ആര്‍ബിഎഫ്എ) നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപദേശകര്‍ക്കും നല്ല സമയത്തും മോശം സമയത്തും എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

അവസാനമായി ഇത്രയും കാലം എന്നെ പിന്തുടര്‍ന്ന ഞാന്‍ കളിച്ച എല്ലായിടത്തും എന്നെ പ്രോത്സാഹിപ്പിച്ച എന്റെ ആരാധകര്‍ക്കും വലിയ നന്ദി’, ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇപ്പോള്‍ എന്റെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള സമയം ആസ്വദിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമുള്ള സമയമാണ്. മൈതാനത്തിന് പുറത്ത് ഉടന്‍ കാണാം സുഹൃത്തുക്കളെ’, ഹസാര്‍ഡ് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

webdesk13: