X
    Categories: Views

കോടിയൂരപ്പന്‍


പാര്‍ലമെന്ററി രംഗത്തിന് മോദിയുടെ കണക്കിലെ 75 കടന്നെങ്കിലും മൂന്നു തവണ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഡോ. ബൂക്കനാകിരി സിദ്ദലിംഗപ്പ യെ ദിയൂരപ്പക്ക് അധികാരക്കൊതി ഇനിയും രുചിച്ചു തീര്‍ന്നിട്ടില്ല. യെദിയൂരപ്പ എന്ന പേര്് ജ്യോല്‍സ്യന്മാര്‍ പറഞ്ഞാണ് കനപ്പിച്ച്് യെഡ്ഡിയൂരപ്പ എന്നാക്കിയത്. എന്നിട്ടും ഒരുത്തനും പേടിയില്ല. തൊട്ടതിലെല്ലാം ശനിയുടെ ഒരുപിടുത്തവും. തറയിലാണ് കിടപ്പെങ്കിലും കിടക്കയും വിരിയുമൊക്കെ നോട്ടുകെട്ടാണെന്ന് യെദിയൂരപ്പയെക്കുറിച്ച് ശത്രുക്കള്‍. അംബാനിമാരെ പോലെ മോദി കാലത്ത് കാവി രാഷ്ട്രീയക്കാരും മലപോലെ വളര്‍ന്നതാണ് ഇന്ത്യന്‍ അനുഭവം. അതിലൊരു ധനകാര്യ വിദ്വാനാണ് കര്‍ണാടകയിലെ സാക്ഷാല്‍ യെദിയൂരപ്പജി. 2007ല്‍ മുഖ്യമന്ത്രിയായെങ്കിലും ഖനി മാഫിയയുടെ ആളാണെന്ന സത്യം പുറത്തുവന്നതോടെ കേസും കൂട്ടവുമായി, ജയിലിലും. 2008ല്‍ മുഖ്യനാകാന്‍ കോടികള്‍ എറിഞ്ഞു. അതാണിപ്പോള്‍ പുലിവാലായത്.
ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ തലതൊട്ടപ്പന്‍. തെക്ക് ബി.ജെ.പി കാലുംകൈയും കുത്താന്‍ കൊതിച്ചിരിക്കുമ്പോള്‍ വീണു കിട്ടിയതാണ് യെദിയൂരപ്പയെ. പക്ഷേ അപ്പ പണി പറ്റിച്ചുകളഞ്ഞു. കേസില്‍പെട്ടതോടെ പാര്‍ട്ടി പിടിച്ചുപുറത്താക്കുമെന്ന് ഭയന്നാണ് അപ്പന്‍ കോടികള്‍ വീശിയത്.
2009ലാണ് മുഖ്യമന്ത്രിയായിരിക്കവെ അപ്പയുടെ ഡയറിയെഴുത്ത്. അന്ന് ഖനി കേസില്‍ യു.പി.എ സര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് യെദിയൂരപ്പയുടെ വീട്ടില്‍നിന്ന് ഒരു ഡയറി കണ്ടെടുക്കുന്നത്. അതിലെ പേരുകളും കോടികളുടെ എണ്ണവും കണ്ട് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടി. ഒന്നും രണ്ടുമല്ല, നീണ്ട 1800 കോടിയുടെ കുറിപ്പും കണക്കുമാണ് യെദിയുരിയന്‍ ഡയറിയിലുണ്ടായിരുന്നത്. അന്വേഷണം മുറുകവെ സര്‍ക്കാര്‍ മാറി. സ്വന്തം മോദിജി പ്രധാന്‍മന്ത്രിജിയായി. അതോടെ വീണ്ടും യെദിയൂരപ്പയുടെ മോഹ പുഷ്പം വിടര്‍ന്നു. മുഖ്യമന്ത്രിയാകാന്‍ സഹായിക്കണം. പണം പ്രശ്‌നമല്ല. വീട്ടിലെയും ഔട്ട്ഹൗസിലെയും ബാങ്കുകളിലെയുമൊക്ക നോട്ടു കെട്ടുകള്‍ കൊണ്ടുവരാന്‍ പറഞ്ഞു. എടുത്തുകൊടുത്തു, അദ്വാനിക്ക് 50, രാജ്‌നാഥ് സിങിന്് 100, നിതിന്‍ഗഡ്കരിക്ക് 150, മുരളി മനോഹര്‍ ജോഷിക്ക് 50 കോടി. ബി.ജെ.പി കേന്ദ്ര ഓഫീസിലേക്ക് 1000. കോടതിവിധികള്‍ എതിരായാലോന്ന് വെച്ച് ജഡ്ജിമാര്‍ക്കും കൊടുത്തുവിട്ടു 250. വക്കീലന്മാര്‍ പിണങ്ങിയാലോ, അവര്‍ക്ക് 50. അപ്പോഴാണ് ഗഡ്കരിയുടെ മകന്റെ കല്യാണം. അതിനും കൊടുത്തു 10 കോടി. കേസ് നടത്തിപ്പിനുള്ള ഫീസായി അരുണ്‍ ജെയ്റ്റിലിക്കും കൊടുത്തു 150 കോടി. വെറും കോടിത്തുണികളല്ല കേട്ടോ. ഒന്നാന്തരം ഇന്ത്യന്‍ കറന്‍സികള്‍ തന്നെ. പക്ഷേ എല്ലാം അങ്ങോര് തന്റെ ഡയറിയില്‍ സംഖ്യകളും പേരുംവരെ എഴുതി ഒപ്പുമിട്ടങ്ങുവെച്ചു. ശരിക്കും കന്നഡിഗയില്‍. അതാണ് ഐ.ടി വകുപ്പുകാര്‍ പിടിച്ചെടുത്തത്. മോദി ഉള്ളിടത്തോളം ഒന്നും പുറത്തറിയില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് കാരവന്‍ മാസികയിലെ താന്തോന്നികളായ പത്രപ്രവര്‍ത്തകര്‍ എല്ലാം പുറത്തെടുത്തിട്ടത്. ആദായ നികുതി വകുപ്പുകാരില്‍ ചിലര്‍ സഹായിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വലിയ പടിക്കഥയാണ് പുറത്തായിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി നേതാക്കള്‍ക്ക് തീരെ വിശ്വാസം വരുന്നില്ല. വരാത്തത് രവി ശങ്കര്‍ പ്രസാദ് പോലുള്ള വക്താക്കള്‍ക്കാണ്. ഇതിന്റെ പത്തിലൊന്ന് പോലും തനിക്ക് തന്നില്ലല്ലോ പഹയന്‍ എന്നാണത്രെ രവിയുടെ ആത്മഗതം.
2017 മുതല്‍ കയ്യിലിരിക്കുന്ന വിവാദ രേഖയുടെ സൂക്ഷിപ്പ് അപകടത്തിലാണെന്ന് എന്തുകൊണ്ടോ മോദിയും അപ്പയും അറിഞ്ഞില്ല. ഇനി പുറത്തായ നിലക്ക് ഒരു നിഷേധക്കുറിപ്പങ്ങ് ട്വീറ്റ് ചെയ്യുക. അത്രയല്ലേ മാര്‍ഗോള്ളൂ. ഏതായാലും ഇതോടെ ദക്ഷിണേന്ത്യ പോയിട്ട് രാജ്യത്താകെ കാവിപ്പാര്‍ട്ടിക്കാര്‍ക്ക് കോഴപ്പാര്‍ട്ടി എന്ന പേര് പതിഞ്ഞു. നേരത്തെ റഫാല്‍ വിമാനക്കരാറിലെ നാല്‍പതിനായിരം കോടിയും അംബാനി പ്രേമവുമൊക്കെ വീശിയടിക്കുമ്പോഴാണ് പുതിയ കന്നട സുനാമി. എല്ലാ കണ്ടും കേട്ടും അടക്കത്തോടെ ചെയ്യാനറിയാത്തതിന്റെ കുഴപ്പെന്നല്ലാതെന്തു പറയാന്‍. കഴിഞ്ഞ കൊല്ലം മേയിലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയ കക്ഷിയായിട്ടുപോലും വേണ്ട എം.എല്‍. എമാരെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രിക്കസേര പോയത് രണ്ടാം ദിവസം. കോടികള്‍ വീശിയിട്ടും കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും ഒരൊറ്റെണ്ണവും വീണില്ല. നാല്‍പത്തെട്ടാം മണിക്കൂറില്‍ വിശ്വാസം തെളിയിക്കാനാകാതെ ഒരു സെന്റി പ്രസംഗവും തട്ടി സഭയുടെ പടിയിറങ്ങേണ്ടിവന്നു. പിന്നീട് മുഖ്യമന്ത്രി കുമാരസ്വാമിയെ കാണുമ്പോള്‍ തലതാഴ്ത്തിയാണ് നടപ്പ്. പക്ഷേ കോടികള്‍ വീശുന്ന ഈ അപ്പയെ പേടിച്ച് കോണ്‍ഗ്രസിനും ദളിനും ഉറക്കം നഷ്ടപ്പെട്ടു. അടുത്തിടെ പാക്കിസ്താനെ ആക്രമിച്ചപ്പോള്‍ അതുമതി ബി.ജെ.പിക്ക് ജയിക്കാനെന്ന് പറഞ്ഞ യെദിയൂരപ്പയെ മോദി വിരട്ടിയെന്നും കേള്‍ക്കുന്നു. അതിനുള്ള പണിയാണ് അപ്പ കൊടുത്തതെന്നും ശ്രുതിയുണ്ട്; തിരിച്ചാണെന്നും. ഇനി നാലാം തവണയെങ്കിലും കാലാവധി തികച്ചൊന്ന് ഭരിക്കണം, അത്രേയുള്ളൂ.

web desk 1: