X

ട്വന്റി-ട്വന്റി സിനിമയില്‍ ഭാവന മരിച്ചോ? ; ഇടവേള ബാബുവിന്റെ വിശദീകരണത്തോട് മറുചോദ്യങ്ങള്‍

കൊച്ചി: ട്വന്റി-ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രമായ അശ്വതി നമ്പ്യാര്‍ മരിച്ചതാണെന്നും അതുകൊണ്ടാണ് രണ്ടാം ഭാഗത്തില്‍ ഭാവന ഉണ്ടാകില്ലെന്നും പറഞ്ഞതെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. എന്നാല്‍ ആദ്യ സിനിമയില്‍ അശ്വതി നമ്പ്യാര്‍ മരിച്ചിട്ടില്ലെന്ന മറുചോദ്യവുമായി സോഷ്യല്‍മീഡിയ രംഗത്തെത്തി. ചലനമറ്റ രീതിയില്‍ കിടക്കുന്ന കഥാപാത്രമാണ് സിനിമയിലെ അശ്വതി നമ്പ്യാര്‍.

ഭാവനയെ മരിച്ചയാളോട് ഉപമിച്ച ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇടവേള ബാബു രാജിവെക്കണമെന്നും മനുഷ്യത്വമുള്ളവര്‍ രാജിവെക്കണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍വ്വതിയുടെ രാജി വാര്‍ത്തയായതോടെ ഇടവേള ബാബു വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ട്വന്റി ട്വന്റി സിനിമയില്‍ ഭാവന മരിച്ച കഥാപാത്രമായതുകൊണ്ടാണ് രണ്ടാം സിനിമയില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതെന്നായിരുന്നു ഇടവേള ബാബുവിന്റെ വിശദീകരണം. എന്നാല്‍ ട്വന്റി ട്വന്റിയില്‍ ഭാവന മരിച്ചിട്ടില്ല. ചലനമറ്റ് കിടക്കുകയാണെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടി.

അതേസമയം, പാര്‍വ്വതിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ ഹരീഷ് പേരടിയും പിന്തുണച്ച് രംഗത്തെത്തി. വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയിലുള്ളവരും പിന്തുണ നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍വ്വതിയുടെ നിലപാടിനെ അഭിനന്ദിക്കുകയാണ് പ്രമുഖരും.

2008 നവംബര്‍ അഞ്ചിനാണ് ട്വന്റി 20 റിലീസായത്. താരസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. മലയാളത്തില്‍ വലിയ വിജയമായ ചിത്രം പിന്നീട് അന്യഭാഷകളിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്തിയിരുന്നില്ല. അമ്പതിലധികം താരങ്ങളാണ് ട്വന്റി 20യില്‍ അഭിനയിച്ചിരുന്നത്. ദിലീപ് നിര്‍മ്മാതാവായ സിനിമ ജോഷി സംവിധാനം ചെയ്തു. മമ്മുട്ടിയും മോഹന്‍ലാലും ദിലീപുമുള്‍പ്പെടെ എല്ലാവര്‍ക്കും മികച്ച റോളുകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ മമ്മുട്ടിയുടെ സഹോദരിയുടെ വേഷമായിരുന്നു ഭാവനയ്ക്ക്.

 

chandrika: