കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതിഷേധിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങളായ നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്ത്. ദിലീപ് വിവാദത്തില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവനയും രമ്യാ നമ്പീശനും മാത്രമാണ് അമ്മയില്‍ നിന്നും രാജിവെച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. ഇന്നലെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.
റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവര്‍ അമ്മയുടെ നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ഭാവനയുടെയും രമ്യാ നമ്പീശന്റെയും രാജിക്കത്ത് ഇ- മെയില്‍ വഴി ലഭിച്ചുവെന്നും അമ്മ നേതൃത്വം സ്ഥിരീകരിക്കുന്നുണ്ട്.
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവച്ചുവെന്നും കൂടുതല്‍ നടിമാര്‍ രാജിവെക്കുമെന്നുമാണ് ഡ.ബ്ല്യൂ.സി.സി അറിയിച്ചിരുന്നത്. രണ്ടു പേര്‍ മാത്രമാണ് രാജിവെച്ചതെന്ന അമ്മയുടെ വെളിപ്പെടുത്തലിനോട് ഡ.ബ്ല്യൂ.സി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദിലീപ് വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ താരസംഘടനയുടെ അവയ്‌ലബില്‍ എക്‌സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്ന് യോഗം ചേരണമെന്ന വിഷയമാണ് തിങ്കളാഴ്ച പരിഗണിച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ സമ്പൂര്‍ണ എക്‌സിക്യൂട്ടീവ് ചേരാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ശേഷം അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.