തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ജയിലില്‍ എത്തിയാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യുക. കൊഫപോസ തടവുകാരായ ഇരുവരും തിരുവനന്തപുരത്തെ ജയിലിലാണ്. ശിവശങ്കര്‍ നല്‍കിയ മൊഴി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
ലൈഫ് മിഷന്‍ അഴിമതിയുമായു ബന്ധപ്പെട്ട് വിജിലന്‍സ് ഇന്നലെ ഏഴു മണിക്കൂര്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് സന്ദീപിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തുന്നുണ്ട്. എന്‍ഫോഴ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍.
അതേ സമയം ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലന്‍സും പ്രതിചേര്‍ത്തു. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണ് എം ശിവശങ്കറിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.