X

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിനെ വട്ടമിട്ട് ഇഡി- രണ്ടു പേരെ കൂടി ചോദ്യം ചെയ്യും

തിരുവനന്തപുരം: എം ശിവശങ്കറിനും സിഎം രവീന്ദ്രനും പിന്നാലെ, മുഖ്യമന്ത്രിയുടെ രണ്ടു പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെകൂടി ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍. നിലവില്‍ കോവിഡ് മൂലം ആശുപത്രിയിലുള്ള സിഎം രവീന്ദ്രനെ നെഗറ്റീവായ ശേഷം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനു ശേഷമാകും മറ്റു രണ്ടുപേരുടെ ചോദ്യം ചെയ്യല്‍. ലൈഫ് പദ്ധതി അടക്കമുള്ളവയുടെ വിവരങ്ങള്‍ ആരായാനാണ് ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതല്‍പേര്‍ക്ക് അറിയാം എന്നാണ് ഇഡിയുടെ നിഗമനം.

ലൈഫ് മിഷന്റെ മിക്ക പദ്ധതികളെയും സംശയത്തില്‍ നിര്‍ത്തുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍. 26 പദ്ധതികള്‍ രണ്ടു കമ്പനികള്‍ക്ക് മാത്രമാണ് ലഭിച്ചത് എന്നതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കിയത്. ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഈ കമ്പനികള്‍ക്ക് ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് ഇഡി കണ്ടെത്തല്‍. സ്വപ്‌നയുടെ വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വഷണത്തിലാണ് ഈ വിവരങ്ങള്‍ ഇഡിക്കു ലഭിച്ചത്. കമ്മീഷന്‍ അടിസ്ഥാനത്തില്‍ കരാറുകള്‍ ചില കമ്പനികള്‍ക്ക് നല്‍കിയതിനു പിന്നില്‍ മറ്റു ഉദ്യോഗസ്ഥരുണ്ട് എന്നാണ് ഇഡി നിഗമനം.

സ്വര്‍ണക്കടത്തിനെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിനു അറിയാമായിരുന്നെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനും ശിവശങ്കറിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് ആദ്യമായാണ് മൊഴി പുറത്തുവരുന്നത്.

Test User: