കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഡിജിറ്റല്‍ കുറ്റപത്രത്തിന് അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കലൂരിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. 55 പതികള്‍ക്കും കുറ്റപത്രത്തിന്റെ അസ്സല്‍ പകര്‍പ്പ് നല്‍കാന്‍ 13 ലക്ഷം പേപ്പര്‍ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ.ഡി യുടെ അപേക്ഷയില്‍ പറയുന്നു.
സി ആര്‍ പി സി-207 പ്രകാരം പ്രതികള്‍ക്ക് പകര്‍പ്പുകള്‍ ഏത് രൂപത്തില്‍ നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കുറ്റപത്രത്തില്‍ 26,000 പേജുകളുണ്ടെന്നും ഏജന്‍സി അറിയിച്ചു.
ഡിജിറ്റല്‍ യുഗത്തില്‍ സോഫ്റ്റ് കോപ്പിയാണ് അഭികാമ്യം. കുറ്റപത്രത്തിലെ പ്രതിപട്ടിക അടക്കമുള്ള വിവരങ്ങള്‍ പ്രിന്റ് ചെയ്തും മറ്റ് രേഖകള്‍ പെന്‍ഡ്രൈവിലും നല്‍കാമെന്നും ഇഡി കോടതിയെ അറിയിച്ചു. പ്രതികള്‍ കുറ്റപത്രത്തിന്റെ അസല്‍ പകര്‍പ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇ ഡി നടപടി. കഴിഞ്ഞ ദിവസമാണ് ആദ്യ കുറ്റപതം കോടതിയില്‍ സമര്‍പ്പിച്ചത്.