X

എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ആറു മണിക്കൂറോളം ചോദ്യം ചെയ്തു


കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതര്‍ ആറു മണിക്കൂറോളം നേരം ചോദ്യംചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്.

ഉച്ചയ്ക്ക് 3.30 ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസിലെത്തിയ അദ്ദേഹത്തെ രാത്രി ഒന്‍പതുവരെ ചോദ്യംചെയ്തു. ഹവാല ഇടപാടുകളുമായി സ്വപ്നയുടെ ബന്ധത്തെപ്പറ്റി ശിവശങ്കറിന് ധാരണയുണ്ടായിരുന്നുവോ, ഫെമ നിയമപ്രകാരം വിദേശനാണയ വിനിമയ ചട്ടലംഘനമുണ്ടോ സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയുമോ തുടങ്ങിയ കാര്യങ്ങളാണ് അധികൃതര്‍ ആരാഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം.

ഇ.ഡി കസ്റ്റഡിയിലുള്ള സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവര്‍ക്കൊപ്പം ഇരുത്തിയാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്. അഞ്ചുമണിവരെ മാത്രമെ ഇവരെ ചോദ്യം ചെയ്യാവൂ എന്ന് കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ അഞ്ചിനുശേഷം ശിവശങ്കറെ തനിച്ചിരുത്തിയാണ് വിവരങ്ങള്‍ ആരാഞ്ഞത്.

എന്‍ഫോഴ്സ്മെന്റ് നേരത്തെയും ശിവശങ്കറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അഞ്ചര മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലിന് ശേഷം ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തും എന്നാണ് സൂചന. കസ്റ്റംസും മൊഴിയെടുത്തേക്കും.

 

web desk 1: