തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം തയാറാകുന്നു. ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് അറിയുന്നത്. കേസില്‍ കസ്റ്റംസിനു പിന്നാലെയാണ് ഇ.ഡിയുടെയും കുറ്റപത്രം തയ്യാറാകുന്നത്. ഈ വര്‍ഷം തന്നെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇ.ഡി യുടെ നീക്കം. കേസിലെ 13 പ്രതികള്‍ക്ക് ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ആദ്യ നടപടിയായി കേസിലെ തൊണ്ടി മുതലായ 30 കിലോ സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ എന്ന് സംശയിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. 30 കിലോ സ്വര്‍ണം ദുബൈയില്‍ നിന്നും വാങ്ങി കേരളത്തിലേക്ക് എത്തിക്കാന്‍ 13 പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഈ 13 പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പിടിച്ചെടുത്ത സ്വര്‍ണം താല്‍ക്കാലികമായാണ് ഇ.ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇത് സ്ഥിരമായി കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹി ഓഫീസിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സ്വര്‍ണം സ്ഥിരമായി കണ്ടുകെട്ടാനും അധികാരം ഉള്ളത്. സ്വര്‍ണ്ണം സ്ഥിരമായി കണ്ടുകെട്ടാനുള്ള രേഖകള്‍ ഡല്‍ഹി ഓഫീസില്‍ ലഭിച്ചാല്‍ ഇവിടെനിന്ന് 13 പ്രതികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ സ്വര്‍ണ്ണം കണ്ടുകെട്ടിയത് സ്ഥിരപ്പെടുത്തും. ഇതിനുശേഷം പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കും. സംഭവശേഷം വിദേശത്തേക്ക് കടന്ന മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അഡ്മിന്‍ അറ്റാഷെ എന്നിവര്‍ക്കും നോട്ടീസ് നല്‍കുമെന്നാണ് സൂചന. കസ്റ്റംസ് നല്‍കിയ നോട്ടീസിന് ഇവര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇ.ഡിയുടെ കുറ്റപത്രത്തിന് മുന്‍പ് കേസില്‍ കസ്റ്റംസിന്റെ കുറ്റപത്രവും കോടതിയില്‍ എത്തും. സംഭവത്തിലെ ഉന്നത രാഷ്ട്രീയ ബന്ധവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും കുറ്റപത്രത്തില്‍ ഉണ്ടായേക്കും.