Categories: main stories

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കര്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തെ ബാധിക്കും എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് കണ്ടെത്തിയ കണക്കില്‍ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ ആണ്. ശിവശങ്കരന്‍ ജാമ്യത്തില്‍ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തില്‍ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായിരുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആയിരുന്നു. അദ്ദേഹവും ആയി ഇ ഡി യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌:
whatsapp
line