X

പ്രതിപക്ഷം ഭരിക്കുന്ന കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഇ.ഡി, ഐ.ടി റെയ്ഡ്

പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒരേദിവസം കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.

പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്തിറങ്ങിയതോടെ ഭരണ, പ്രതിപക്ഷ പോര് മൂര്‍ച്ഛിച്ചു. ‘ന്യൂസ്‌ക്ലിക്’ പോര്‍ട്ടലിന്റെ എഡിറ്ററടക്കം രണ്ട് പേരെയും ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എസ്.ജഗത്‌രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജഗത്‌രക്ഷകന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്രൂവറി, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ എഴുപതിലേറെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. താംബരം ഡപ്യൂട്ടി മേയറും ഡിഎംകെ നേതാവുമായ കാമരാജിന്റെ വീട്ടിലും പരിശോധന നടത്തി.

കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അനുയായിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.എം.മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും ഇ.ഡി റെയ്ഡ്. മഞ്ജുനാഥ് ചെയര്‍മാനായ ശിവമൊഗ്ഗ ജില്ലാ സഹകരണ സെന്‍ട്രല്‍ ബാങ്കില്‍ 2012-14 കാലത്ത് 32 അക്കൗണ്ടുകള്‍ വഴി നടത്തിയ തട്ടിപ്പില്‍ 68 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. 9 വര്‍ഷം മുന്‍പും ഇതേ കേസില്‍ മഞ്ജുനാഥ് അറസ്റ്റിലായിരുന്നു.

ബംഗാളില്‍ തൃണമൂല്‍ നേതാവും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ രഥിന്‍ ഘോഷിന്റെ വീടും ഓഫിസുമടക്കം 13 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. രഥിന്‍ മുന്‍പ് ചെയര്‍മാനായിരിക്കെ മധ്യാംഗ്രം മുനിസിപ്പാലിറ്റിയില്‍ അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണമുണ്ട്.

ന്മ തെലങ്കാന: ബിആര്‍എസ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെയും ബന്ധുക്കളായ ബിസിനസുകാരുടേതും ഉള്‍പ്പെടെ ഹൈദരാബാദില്‍ നൂറിലേറെ സ്ഥലങ്ങളില്‍ ആദായനികുതി റെയ്ഡ്. നികുതിവെട്ടിപ്പ് ആരോപണം നേരിടുന്ന ചിട്ടി, ധനകാര്യ സ്ഥാപനങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.

webdesk13: