തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.