തിരുവനന്തപുരം: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സിഐജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇഡി ആര്‍ബിഐയ്ക്ക് കത്തയച്ചു.
കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ എഴുതിച്ചേര്‍ത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുവാദവും ഉന്നയിച്ചു. ഇത്തരത്തില്‍ സിഎജിയും സര്‍ക്കാരും തമ്മില്‍ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം വരുന്നത്.
കിഫ്ബിക്കെതിരെ സെപ്റ്റംബറിലും കേന്ദ്ര സര്‍ക്കാര്‍ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 250 കോടി യെസ് ബാങ്കില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതു പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും.