X

രാഹുലിനെതിരായ ഇ.ഡി വേട്ട: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും നേതാക്കളേയും പീഡിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസം എ.ഐ.സി.സി ആസ്ഥാനത്തടക്കം പൊലീസ് നടത്തിയ നരനായാട്ടിനെതിരെ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡല്‍ഹി, ബെംഗളൂരു, ഗുവാഹത്തി, ഹൈദരാബാദ്, ജമ്മു, ചണ്ഡീഗഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തിങ്കളാഴ്ച മുതല്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ ഇന്നലെ കോണ്‍ഗ്രസ് എം.പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനും പരാതി നല്‍കി. വനിതകളടക്കമുള്ള പാര്‍ലമെന്റ് സാമാജികരെ ഡല്‍ഹി പൊലീസ് തീവ്രവാദികളെ കൈകാര്യം ചെയ്യുന്നതു പോലെയാണ് കൈകാര്യം ചെയ്തതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം പറഞ്ഞു. എം.പിമാരെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്പീക്കര്‍ക്കും രാജ്യസഭാധ്യക്ഷ നും കോണ്‍ഗ്രസ് കൈമാറി.

കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിക്കുമ്പോഴും പ്രതിഷേധം സജീവമാക്കി നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. രാഹുലിന്റെ അറസ്റ്റുണ്ടായാല്‍ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കും. മുന്‍കൂര്‍ ജാമ്യത്തിന് പോകേണ്ടതില്ലെന്ന രാഹുലിന്റെ നിര്‍ദേശം അനുസരിച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. ഇത് വിഷയത്തെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഞായറാഴ്ച മുഴുവന്‍ കോണ്‍ഗ്രസ് എം. പിമാരോടും ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക വസതികളില്‍ പത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ വീതം താമസിപ്പിച്ച് പ്രതിഷേധം നടത്താനാണ് അറിയിപ്പ്.

Test User: