തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ആറു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രോസിക്യൂട്ടറെ വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലാക്കിയ നടപടി. സംസ്ഥാനം തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഭരണ മുന്നണിക്കേറ്റ വലിയ അടിയാണ് ഈ അറസ്റ്റ്.
ഇഡിയുടെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വൈകീട്ട് മുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയാണ് ശിവശങ്കറിനെതിരെ ശക്തമായ തെളിവായത്. ഈ ലോക്കർ തുറക്കാൻ മുൻകൈ എടുത്തത് ശിവശങ്കറായിരുന്നു. സ്വന്തം ചാർട്ടേഡ് അക്കൗണ്ടിനെ സ്വപ്നക്കൊപ്പം സംയുക്ത ഉടമയാക്കി. ഇത് കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം എന്നും തെളിഞ്ഞു. പ്രതികൾക്ക് താമസിക്കാൻ ശിവശങ്കർ ഫ്ളാറ്റ് ബുക്ക് ചെയ്തത് മറ്റൊരു പ്രധാന തെളിവായി. പ്രതികളുമായുള്ള അടുപ്പത്തിൻ്റെ ആഴം ഇതിലൂടെ വ്യക്തമായി. സ്വപ്നയുടേയും വേണുഗോപാലിേൻറയും മൊഴികളാണ് നിർണായകമായത്.
സ്വര്‍ണകടത്തിന്റെ ഗൂഢാലോചനയില്‍ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.
ഇഡിയുടെ കസ്റ്റഡിയിലായതു തന്നെ രാഷ്ട്രീയമായി എല്‍ഡിഎഫിനേല്‍പിച്ച ആഘാതം ചെറുതല്ല. ഇപ്പോള്‍ അറസ്റ്റ് കൂടി ആയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഐടി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റിലാവുമ്പോള്‍, മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിയിലേക്ക് കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്.