X

ജലീലിന് ക്ലീന്‍ചിറ്റില്ല: വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരും. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു. കഴിഞ്ഞ ദിവസം ജലീല്‍ നല്‍കിയ മൊഴികള്‍ പരിശോധിച്ചു വരികയാണെന്നും ഇഡി അറിയിച്ചു. ഇതോടെ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെ വാദം പൊളിയുകയാണ്.

ഇതോടെ തന്റെ സ്വത്തു വിവരങ്ങള്‍ മാത്രം അന്വേഷിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന ജലീലിന്റെ വാദവും പൊളിയുന്നു. സ്വര്‍ണക്കടത്ത്, കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വന്നത്, ഇവ വിതരണം ചെയ്തത് എന്നിവയെല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇഡി മേധാവി വ്യക്തമാക്കുന്നു.

വീണ്ടും ചോദ്യം ചെയ്യുന്നതോടെ മൂന്നാമത്തെ തവണയാകും ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അഭിമുഖീകരിക്കേണ്ടി വരിക. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ച വരെ ഇഡി ജലീലിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 7.30ന് ആദ്യം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ മന്ത്രി 11 മണി വരെ അവിടെയുണ്ടായിരുന്നു. പിന്നീട് വെളളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരായി.

നേരത്തെ ഇഡി ചോദ്യം ചെയ്തു എന്ന വാദം തന്നെ അദ്ദേഹം നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം കള്ളം പറഞ്ഞത്. എന്നാല്‍ ഇഡി തന്നെ ഡല്‍ഹിയില്‍ നിന്ന് ചോദ്യം ചെയ്തുവെന്ന് വ്യക്തമാക്കിയതോടെ വീട്ടില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വിളിച്ച മാധ്യമങ്ങള്‍ക്കൊന്നും മുഖം കൊടുക്കുകയോ സംസാരിക്കാന്‍ തയ്യാറാവുകയോ ചെയ്തില്ല. എന്നാല്‍ ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് ജലീല്‍ മുഖം കൊടുക്കുകയും ചെയ്തു. അതിലാവട്ടെ, ക്രോസ് ചെക്ക് ചെയ്യേണ്ട ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല.

സുഹൃത്തും വ്യവസായിയുമായ അരൂര്‍ സ്വദേശി കെപി അനസിന്റെ കാറിലാണ് വെള്ളിയാഴ്ച രാവിലെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനായെത്തിയത്. വ്യാഴാഴ്ച കൂടി ജലീലിനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവരുന്നതോടെ ജലീലിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ കടുക്കുന്നു.

web desk 1: