സാമ്പത്തിക സര്‍വേ തയ്യാറാക്കിയത് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മറച്ചു വെച്ച് കൊണ്ടാണെന്ന് കോണ്‍ഗ്രസ്. രാജ്യം ഏറ്റവും അപകടകരവും പ്രയാസകരവുമായ സാമ്പത്തിക സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ പൊള്ളയായ കണക്കുകളുടെ ശേഖരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന് കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ഷിക രേഖയാണ് സാമ്പത്തിക സര്‍വേ. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇന്നലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചത്.
‘നിങ്ങളുടെ സര്‍ക്കാര്‍ 10 വര്‍ഷത്തിനുള്ളില്‍ 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ തകര്‍ത്തു. ഇത് വ്യക്തമായതും സത്യസന്ധമായതുമായ ഒരു റിപ്പോര്‍ട്ട് അല്ല. മോദി സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചു വെയ്ക്കാനുള്ള റിപ്പോര്‍ട്ട് ആണിത്. രാജ്യം ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കാതെ തയ്യാറാക്കിയ പൊള്ളയായ റിപ്പോര്‍ട്ട് ആണിത്,’ ഖാര്‍ഗെ പറഞ്ഞു.
‘ഇന്ന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. തൊഴിലില്ലായ്മാ നിരക്ക് എക്കലത്തെയും ഉയര്‍ന്ന നിലയിലാണ്. തൊഴിലവസരങ്ങള്‍ക്കായുള്ള തിരക്കാണെവിടെയും. നാണയപ്പെരുപ്പം രാജ്യത്തെ കുടുംബങ്ങളുടെ സമ്പാദ്യത്തെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ ദയനീയമാണെന്നും ഭക്ഷണം തരുന്നവരെ അവഗണിക്കുന്ന നിലപാടാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ചിന്താഗതിയാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി. ദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കിയെന്ന അവകാശവാദത്തിലൂടെ സര്‍വേ നഗ്‌നമായ നുണ പറയുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു. രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം 100 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.