X

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്‍ നിന്ന് നീക്കി മോദി

രാജ്യം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് കരകയറാന്‍ പറ്റാത്ത വിധം രൂക്ഷമാണെന്നും വെളിപ്പെടുത്തിയ രതിന്‍ റോയിയെയും ഘടനാപരമായ പ്രതിസന്ധിയെയാണ് രാജ്യം നേരിടുന്നതെന്നു പറഞ്ഞ ഷമിക രവിയെയുമാണ് സാമ്പത്തിക ഉപദേഷ്ടാവ് പദവിയില്‍ നിന്നും നീക്കിയത്. ഇരുവരും ഇനി മുതല്‍ പാര്‍ട് ടൈം ഉപദേഷ്ടാക്കളായിരിക്കും. സജ്ജിദ് ചെനോയിയെയാണ് പകരം പുതിയതായി സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ടു വര്‍ഷ കാലയളവില്‍ ഉപദേശക സമിതി പുന:സംഘടിപ്പിക്കുകയായിരുന്നു. അതേ സമയം പാര്‍ട് ടൈം അംഗമായ അഷിമ ഗോയലിന്റെയും മുഴുസമയ അംഗമായ ബിബേക് ഒബ്രോയിയുടെയും സ്ഥാനത്തില്‍ മാറ്റമില്ല. ദെബ്രോയ് ചെയര്‍മാന്‍ സ്ഥാനത്തു തന്നെ തുടരും.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസിയില്‍ നിന്നുള്ള വിദഗ്ധനായിരുന്നു രതിന്‍ റോയി. ഈ വര്‍ഷം ആദ്യം പുതുക്കിയ നികുതി ഘടന വരുമാനത്തില്‍ കുറവ് വരുത്തിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. വിദേശ സോവറിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനുള്ള ധനമന്ത്രാലയത്തിന്റെ തീരുമാനത്തെയും അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. സമ്പദ്ഘടന നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഷമിക രവി ഘടനാപരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ സമ്പദ്ഘടനയെ ധനമന്ത്രാലയത്തെ മാത്രം ഏല്‍പ്പിക്കുന്നത് ഒരു സ്ഥാപനം അതിന്റെ നടത്തിപ്പ് കണക്കപ്പിള്ളയെ ഏല്‍പ്പിക്കുന്നതിന് തുല്യമാണെന്ന പരിഹാസവും ഷമികയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

web desk 1: