ലോകകപ്പ് കഴിഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ക്രിക്കറ്റിലെ പ്രബലരായ എല്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അന്തിമ തീരുമാനമെടുത്തത്. ഏപ്രില്‍ 25 ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ എല്ലാ രാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടും അതൊന്നും പാലിക്കാതെ ഇത് വരെ ടീമിനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് വൈകിപ്പിച്ചതിന് പിറകില്‍ ക്രിക്കറ്റ് താല്‍പ്പര്യമല്ല-സാമ്പത്തിക താല്‍പ്പര്യമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചീഞ്ഞളിഞ്ഞ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യം തന്നെ. രാജ്യാന്തര ക്രിക്കറ്റിനെ നയിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചിരുന്ന ശശാങ്ക് മനോഹറാണ്. നമ്മുടെ ക്രിക്കറ്റ് ബോര്‍ഡിനെ ഇപ്പോള്‍ നയിക്കുന്നവരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ പിറക്കുന്ന പ്രശ്‌നങ്ങളില്‍ താരങ്ങള്‍ക്ക് പങ്കില്ല. പക്ഷേ അവര്‍ അധികാരികളുടെ രാഷ്ട്രീയ നീക്കങ്ങളില്‍ അനാവശ്യ കരുക്കളായി മാറുന്നു. ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐ അടിയന്തിര പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിലേക്ക് വരുന്നതിന് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയം മറനീക്കി പുറത്ത് വന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക ഘടന പ്രകാരം ഇന്ത്യക്കുള്ള സാമ്പത്തിക വിഹിതം കുറയുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗം പറയുന്നത്. ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ പഴയ തലവന്‍ എന്‍.ശ്രീനിവാസനാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍കാലിക തലവന്‍ സി.കെ ഖന്ന പറയുന്നത് ടീമിനെ അയക്കുമെന്നാണ്. രണ്ട് വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചതോടെ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതതല കമ്മിറ്റി നിര്‍ബന്ധമായും ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്ക് അയക്കാനുളള അന്ത്യ ശാസനവും നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് വരെ നടക്കാത്ത കാര്യങ്ങളാണിത്. ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ക്രിക്കറ്റ് ബോര്‍ഡിനെ ഇത് വരെ നയിച്ചിരുന്നത് ചില വ്യക്തികളുടെ തീരുമാനങ്ങളായിരുന്നെങ്കിലും ഐ.സി.സി ടൂര്‍ണമെന്റുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിട്ടില്ല. ഇപ്പോള്‍ സുപ്രീം കോടതി മേല്‍നോട്ടം വന്നതോടെ ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും പ്രശ്‌നത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനോട് നിര്‍ദ്ദശിച്ചിട്ടുണ്ട്.
ഐ.സി.സി ഇത് വരെ ഏറ്റവുമധികം സാമ്പത്തിക സഹായം സമ്മാനിച്ചത് ഇന്ത്യക്കാണ്. ഇന്ത്യയാണ് ഐ.സി.സി.യുടെ മേളകളെല്ലാം വിജയിപ്പിക്കാറുളളത് എന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കാനാവില്ല. ഇന്ത്യന്‍ സാമ്പത്തിക കരുത്തില്‍ മറ്റ് ദരിദ്ര ക്രിക്കറ്റ് രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഐ.സി.സി യോഗം സംഘടനയുടെ ഘടനയും സാമ്പത്തിക സഹായ രീതികളുമെല്ലാം മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പുതിയ പരിഷ്‌ക്കാരം മുലം ഇന്ത്യന്‍ ബോര്‍ഡിന് അടുത്ത എട്ട് വര്‍ഷത്തേക്ക്് നഷ്ടമാവുന്നത് ഉദ്ദേശം 1781 കോടിയാണ്.
ഇത്തരമൊരു തീരുമാനം ഇന്ത്യക്കാരനായ ചെയര്‍മാന് കീഴിലാണ് കൈകൊളളപ്പെട്ടത് എന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിക്കുന്നത്. ലോധാ കമ്മിറ്റി റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുകളുമെല്ലാം വരുന്നതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ച വ്യക്തിയാണ് നിലവിലെ ഐ.സി.സി ചെയര്‍മാന്‍. അദ്ദേഹം പക്ഷേ എല്ലാ രാജ്യങ്ങള്‍ക്കും തുല്യനീതി എന്ന നിലപാടാണ് സ്വീകരിച്ചത്.
ആ നിലപാടിനെ ഭൂരീപക്ഷം രാജ്യങ്ങളും അംഗീകരിച്ചു. അതോടെയാണ് ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത്. ക്രിക്കറ്റില്‍ ഇന്ത്യ ഇന്നും ഒന്നാം നമ്പര്‍ ശക്തിയാണ്. മല്‍സരക്കളത്തില്‍ മാത്രമല്ല വിപണിയിലും. അതിനാല്‍ ഐ.സി.സി വിഹിതം കുറഞ്ഞുവെന്ന് കരുതി അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നിരിക്കെ എന്തിനാണ് പുതിയ ക്രിക്കറ്റ് രാഷ്ട്രീയവുമായി ചിലരെല്ലാം രംഗത്ത് വരുന്നത്…? സുപ്രീം കോടതി വളരെ വ്യക്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കൊളളരുതായ്്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് പിറകില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നതിനെതിരെയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും അത് അംഗീകരിക്കാന്‍ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടതും. തുടക്കത്തില്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ പല ഉന്നതര്‍ക്കും കസേര നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്ലെങ്കിലും ക്രിക്കറ്റിനെ നയിക്കുന്നവര്‍ ചിലതെല്ലാം ഉള്‍ക്കൊള്ളുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകള്‍ അവസാനിക്കില്ല എന്നാണ്. ബോര്‍ഡിനെ ഭരിക്കുന്നവര്‍ ക്രിക്കറ്റിനെയാണ് നശിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതും കപ്പ് സ്വന്തമാക്കുന്നതും കാണാന്‍ കാത്തിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. അവരോട് നീതി കാണിക്കാതെ കേവലമായ കച്ചവടതാല്‍പ്പര്യത്തില്‍ ചിലര്‍ കളിക്കുമ്പോള്‍ സുപ്രീം കോടതിയുടെ മറ്റൊരു ഇടപെടല്‍ തന്നം വേണ്ടി വരും.