X

സാമ്പത്തിക അസമത്വം യാദൃച്ഛികമല്ല- അഡ്വ. എം. റഹ്മത്തുള്ള

അഡ്വ. എം. റഹ്മത്തുള്ള

തൊഴിലെടുത്തു ഉപജീവനം നടത്തുന്ന എല്ലാവരോടുമുള്ള ആദരസൂചകമായിട്ടും തൊഴില്‍ അവകാശ സംരക്ഷണ ദിനമായിട്ടുമാണ് ലോകം മെയ്ദിനം ആഘോഷിക്കുന്നത്. എന്നാല്‍ തൊഴിലാളി പോരാട്ടങ്ങളുടെ ഫലമായി നേടിയ നേട്ടങ്ങളൊക്കെയും ഭരണാധികാരി വര്‍ഗം സമ്പന്നക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി തട്ടിയെടുക്കുന്ന കാലത്താണ് ഈ മെയ് ദിനം ആഘോഷിക്കുന്നത്.

ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും നയങ്ങളുടെ മൂന്നു സംവല്‍സരങ്ങളാണ് ലോകം പിന്നിട്ടു കഴിഞ്ഞിരിക്കുന്നുത്. ലോകത്തെ ഒന്നായിക്കാണുന്ന വികസന നയങ്ങള്‍ ഒഴിച്ചുകൂടാനാ വാത്തതും അഭിലഷണീയമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും നേടിയ നേട്ടങ്ങളൊക്കെ ലോകത്തിനു മുഴുവന്‍ സ്വായത്തമാക്കാന്‍ സാധിക്കേണ്ടതുണ്ട്. അത് അനുഭവിച്ചറിയാനുള്ള അവകാശം മുഴുവന്‍ ലോക ജനതക്കുമുണ്ടാവണം. പ്രത്യേകിച്ചു വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകള്‍ ലോകത്തിന്റെ മുന്നില്‍ തുറന്നുവെക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് പിറകെപോയ ചെറു രാജ്യങ്ങളെല്ലാം ഇന്ന് വന്‍ കടക്കെണിയിലും തകര്‍ച്ചയിലുമാണ്. ശ്രീലങ്ക തെളിവാണ്. പല സമ്പന്ന രാഷ്ട്രങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും നടുവിലാണ്. അവികസിത രാജ്യങ്ങളുടെ സമ്പത്തും വിഭവങ്ങളും കൊള്ള ചെയ്യാനുള്ള കാണാചരടുകളായി പുത്തന്‍ സാമ്പത്തിക നയങ്ങള്‍ മാറുകയായിരുന്നു എന്ന യാഥാര്‍ഥ്യം മറച്ചുവെയ്ക്കാവുന്നതല്ല. ഇത് വഴി തൊഴിലില്ലായ്മയും പട്ടിണിയും സമാനതകളില്ലാത്ത സാമ്പത്തിക അസമത്വങ്ങളും സാമൂഹ്യ ദുരന്തങ്ങളും അനുദിനം പെരുകി വരുന്ന കാഴ്ചയാണ് കാണുന്നത്.

വികസനത്തിന്റെ പേരില്‍ എല്ലാ രാജ്യങ്ങളിലും നടക്കുന്ന പരിഷ്‌കാരങ്ങള്‍ മഹാഭൂരിഭാഗം ജനങ്ങളെയും പാര്‍ശ്വവത്കരിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു. വികസനത്തിന്റെ നേട്ടം കൊയ്യുന്നത് ചെറു ന്യൂനപക്ഷം മാത്രമാണ്.

സമ്പത്തിന്റെ അസാധാരണമായ കേന്ദ്രീകരണവും ദാരിദ്ര്യത്തിന്റെ സീമകളില്ലാത്ത വളര്‍ച്ചയും ലോക നിയമങ്ങളായി മാറിയിട്ടുണ്ട്. അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളും സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമി എന്ന മറപിടിച്ചു നവ ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നത്. പുറം ലോകം അറിയാത്ത അശുഭകരമായ സ്ഥിതിഗതികളാണു അവിടെയും.

സാമ്പത്തിക അസമത്തത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ ഭയാനകമാണ്. ഈ സ്ഥിതി സാമ്പത്തിക ഭീകരതയായി മാറുകയാണ്. രണ്ടു വര്‍ഷം നീണ്ടുനിന്ന കോവിഡ് മഹാമാരി സര്‍വനാശകാരിയായ വിത്താണ് വിതച്ചുപോയത്. കോവിഡ് കാലം സമ്പന്നരുടെയും കോര്‍പറേറ്റുകളുടെയും കൊയ്ത്ത് കാലമാക്കി മാറ്റാന്‍ ഭരണകുടങ്ങള്‍ ലോക വ്യാപകമായി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു. സാമാന്യ ജനങ്ങളുടെ സര്‍വനാശത്തിന്റെയും കാലമായി കോവിഡ് കാലം മാറി. കോവിഡിനു മുമ്പും തുടര്‍ന്നും വര്‍ധിച്ചു വന്ന സാമ്പത്തിക അസമത്വം മനഷ്യര്‍ക്ക് ദുരിതങ്ങള്‍ മാത്രമല്ല സംഭാവന ചെയ്യുന്നത്. ഓരോ നാലു സെക്കന്റിലും ഒരാളുടെ ജീവനെങ്കിലും ഈ സാഹചര്യം കവര്‍ന്നെടുക്കുന്നുണ്ട്. കോവിഡ് കാലത്ത് വാക്‌സിന്‍ കിട്ടാതെ മരണമടഞ്ഞ അതിദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍, രോഗ ചികിത്സ കിട്ടാതെ മരണപ്പെടുന്നവര്‍, പട്ടിണി മൂലം മരണപ്പെട്ടവര്‍, സ്ത്രീ പീഢനങ്ങള്‍ മൂലം മരണപ്പെടുന്നവര്‍ ഇവരാണ് ഈ പട്ടികയിലധികവും.

സാമ്പത്തിക, ലിംഗ, വംശീയ അസമത്വങ്ങളും രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസമത്വവും ലോകത്തെ തന്നെ കീറിമുറിക്കുകയാണ്. ഇത് യാദൃച്ഛികമല്ല, തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ടായതല്ല ഉണ്ടാക്കിയതാണ്. അതിസമ്പന്നരും ശക്തരുമായ ആളുകള്‍ക്ക് വേണ്ടി ഭരണാധികാരികള്‍ സാമ്പത്തിക കടന്നാക്രമണത്തിന്റെ നയങ്ങള്‍ തിരെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക അസമത്വത്തിനെതിരെ സമ്പദ്‌വ്യവസ്ഥയെ സമൂലമായി പുനര്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയേണ്ടതുണ്ട്. പുരോഗമനപരമായ നികുതി ഘടനയിലൂടെയും സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി ചുമത്തിയും സമ്പത്ത് തിരിച്ചുപിടിക്കാനാകും. ലോകത്തിലെ 2755 ശതകോടീശ്വരന്മാര്‍ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കിയത് കോവിഡ് കാലത്താണ്. വന്‍തോതില്‍ ലഭിച്ച നികുതി ഇളവുകളും തൊഴിലാളി ദ്രോഹപരിഷ്‌കാരങ്ങളും കൂലി വെട്ടിക്കുറക്കലുമാണ് അവരെ വന്‍ ലാഭത്തിലേക്ക് നയിച്ചത്. ഒരോ 26 മണിക്കൂറിലും ഒരു ശതകോടീശ്വരന്‍ കണക്കെ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 10 ശതകോടീശ്വരന്മാരുടെ സമ്പത്ത് ഈ കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചപ്പോള്‍ 99 ശതമാനം ജനങ്ങളുടെയും വരുമാനത്തില്‍ വന്‍ ഇടിവുകളുണ്ടായി. 1995 നു ശേഷം ഏറ്റവും മുകള്‍ തട്ടിലുള്ള ഒരു ശതമാനം പേര്‍ ഇരുപത് ഇരട്ടി സമ്പത്ത് സമാഹരിച്ചു. ഇത് ആകെ ജനസംഖ്യയില്‍ 50 ശതമാനത്തിന്റെ സമ്പത്തിനെക്കാള്‍ കൂടുതലാണ്. സാമ്പത്തിക അസമത്വത്തിന്റെ കെടുതി മൂലം ഒരോ നാലു സെക്കന്റിലും ഒരാള്‍ വീതം ലോകത്ത് മരണപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് ഉത്പാദിപ്പിച്ച വാക്‌സിന്റെ 80 ശതമാനവും ജി20 രാജ്യങ്ങള്‍ക്കാണ് ലഭിച്ചത്. ദരിദ്ര രാജ്യങ്ങള്‍ക്ക് ലഭിച്ചത് ഒരു ശതമാനം മാത്രമായിരുന്നു.

ഇന്ത്യയില്‍ മുകള്‍ തട്ടിലെ പത്ത് ശതമാനം പേര്‍ സമ്പത്തിന്റെ അമ്പത്തി ഏഴു ശതമാനം കൈയ്യടക്കി വെച്ചിരിക്കയാണ്. ജനസംഖ്യയില്‍ പകുതി വരുന്ന ജനങ്ങളുടെ കൈവശം ആകെ സമ്പത്തിന്റെ പതിമൂന്നു ശതമാനം മാത്രമാണുള്ളത്. 2021ല്‍ കോവിഡ് കാലത്ത് 84 ശതമനം ഇന്ത്യക്കാര്‍ക്കും വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചപ്പോള്‍ അതേവരെ ഉണ്ടായിരുന്ന 102 ശതകോടീശ്വരന്മാരുടെ എണ്ണം 142 ആയി ഉയര്‍ന്നു. 102 ഇന്ത്യക്കാര്‍ 57.3 ദശലക്ഷം കോടിയുടെ സമ്പത്താണ് കൈവശം വെച്ചുപോരുന്നത്. കോവിഡ് കാലത്ത് മാത്രം 10 കോടിയോളം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.

സ്വതന്ത്ര ഇന്ത്യ കണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. ജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ സേവന മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി കഴിഞ്ഞു. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ദിനം പ്രതി വില വര്‍ധിച്ചു, നികുതി കൊള്ളയും നിര്‍ബാധം തുടരുന്നു. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു മുഴുവന്‍ തൊഴിലാളികളെയും കൂലി അടിമത്തത്തിലേക്ക് തള്ളിവിടുന്നു. തൊഴില്‍ സമയം പത്തും പന്ത്രണ്ടും മണിക്കൂറുകളാക്കി ഉയര്‍ത്തി ഉള്ള കൂലിയും വെട്ടിക്കുറക്കുന്നു. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നു. ശിശു വേല പ്രോത്സാനിപ്പിക്കുന്നു. തൊഴില്‍ മേഖലയില്‍ പണിമുടക്കും തൊഴിലാളി സംഘാടനവും നിരോധിക്കുന്നു. കാര്‍ഷിക മേഖലയിലും കോര്‍പറേറ്റ് ആധിപത്യം ഉറപ്പാക്കുന്നു. തൊഴിലും കൂലിയും ഇല്ലാത്ത വികസനമാണു ഇവിടെ നടക്കുന്നത്.

രണ്ടു ദശാബ്ദക്കാലമായി ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നടത്തുന്ന യോജിച്ച മുന്നേറ്റങ്ങള്‍ ആവേശകരവും കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുതുമുണ്ട്. നാടിന്റെ സമ്പത്തും വിഭവങ്ങളും പൊതുമേഖലയും വിറ്റുതുലക്കുന്ന മോദീ ഭരണം നാടിന്റെ നാശത്തിന്റെ കാവല്‍ക്കാരായി മാറിക്കഴിഞ്ഞു. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന എല്‍.ഐ. സി വില്‍പന തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടക്കുന്ന മെയ് ദിന ആഘോഷ പരിപാടികള്‍ ഇന്ത്യയെ വില്‍പന ചരക്കാക്കി മാറ്റുന്നവര്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ പ്രതിജ്ഞ പുതുക്കലായി മാറുകയാണ്.
(എസ്.ടി.യു ദേശീയ പ്രസിഡണ്ടാണ് ലേഖകന്‍)

Test User: