X
    Categories: indiaNews

സാമ്പത്തിക വളര്‍ച്ചക്ക് വേഗം കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചക്കു വേഗം കുറഞ്ഞതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍.എസ്.ഒ) പുറത്തുവിട്ട കണക്ക്. ഒക്ടോബര്‍ – മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 4.4 ശതമാനമായാണ് സാമ്പത്തിക വളര്‍ച്ച കുറഞ്ഞത്.

തൊട്ടു മുമ്പത്തെ പാദത്തില്‍ (ജുലൈ- സെപ്തംബര്‍) 6.3 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ച. അതേസമയം നടപ്പു സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ രാജ്യം ഏഴു ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് എന്‍.എസ്.ഒ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. നേരത്തെ ഏഴു ശതമാനം വളര്‍ച്ച പ്രവചിച്ചിരുന്നെങ്കിലും പിന്നീട് ഇത് 6.9 ശതമാനമായി കുറച്ചിരുന്നു.

ഐ.എം.എഫ്, ഏഷ്യ ന്‍ ഡവലപ്‌മെന്റ് ബാങ്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ വിലയിരുത്തല്‍ പ്രകാരം 6.8 ശതമാനം വളര്‍ച്ചയാണ് നടപ്പു വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതില്‍ നിന്ന് ഭിന്നമായാണ് പുതിയ അവകാശവാദം. ഉത്പാദന മേഖലയില്‍ മാത്രം 1.1 ശതമാനത്തിന്റെ ഇടിവാണ് മൂന്നാം പാദത്തിലുണ്ടായത്. രാജ്യത്തിന്റെ മൊത്തോതപാദനം (ജി.ഡി.പി) നടപ്പു വര്‍ഷം (2022-23) 159.71 ലക്ഷം കോടിയായി ഉയരുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. റിവൈസ്ഡ് ബജറ്റിലെ കണക്കനുസരിച്ച് 2021-22ലെ ജി.ഡി.പി 149.26 ലക്ഷം കോടിയാണ്. 2022-21ലെ സാമ്പത്തിക വളര്‍ച്ച 9.1 ശതമാനമായിരുന്നെന്നും റിവൈസ്ഡ് എസ്റ്റിമേറ്റില്‍ എ ന്‍.എസ്.ഒ വ്യക്തമാക്കി. 8.7 ശതമാനം വളര്‍ച്ചയാണ് നേരത്തെ സ്ഥിരീകരിച്ചത്. ആഗോള സാമ്പത്തിക സാഹചര്യം, വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് 6.8 ശതമാനമായിരിക്കും വളര്‍ച്ചയെന്ന വിലയിരുത്തലിലേക്ക് ആര്‍.ബി.ഐ എത്തിയത്.

webdesk11: