ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 50,000 കോടി രൂപ ചെലവഴിക്കാനൊരുങ്ങുന്നു.
ധനക്കമ്മി ലഘൂകരിക്കുന്നതിനാണ് 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ സമ്പദ് രംഗം മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് (5.7 ശതമാനം)കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കൈത്താങ്ങായി കേന്ദ്രം നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ആഭ്യന്തര ഉത്പാദനം 5.7 ശതമാനത്തിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ എല്ലാ അടിസ്ഥാന മേഖലകളിലും ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വലിയ തിരിച്ചടിയുണ്ടായതാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കുന്നത്.
നിര്‍മാണ മേഖലയില്‍ വളര്‍ച്ച, തൊട്ടു മുന്‍പത്തെ പാദത്തിലെ 5.3ശതമാനത്തില്‍ നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഖനന മേഖലയില്‍ 6.4ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത് 0.7 ശതമാനത്തിലേക്കും താഴ്ന്നിരിക്കുകയാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 2.3 ശതമാനമാണ്. മുന്‍ പാദത്തില്‍ ഇത് 5.2 ശതമാനമായിരുന്നു.
ഈ സാഹചര്യമാണ് അനിവാര്യമായ ചില നടപടികളിലേക്ക് സര്‍ക്കാരിനെ നയിക്കുന്നത്. സാമ്പത്തിക മാന്ദ്യം കേവലം സാങ്കേതികമല്ല, അത് യാഥാര്‍ഥ്യമാണെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അമ്പതിനായിരം കോടി രൂപയുടെ ഉത്തേജന പാക്കേജ് ആവിഷ്‌കരിക്കുന്നത്. അതേ സമയം ഈ പാക്കേജ് ഏത് രൂപത്തിലാണ് നടപ്പിലാക്കുന്നതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല. വാണിജ്യ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘവുമായി ചൊവ്വാഴ്ച ധനമന്ത്രി നടത്തിയ അവലോകന യോഗത്തിലാണ് സാമ്പത്തിക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
ഇത്തരമൊരു യോഗം നടന്നതായി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ മറ്റു വകുപ്പുകളുമായും ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം സാമ്പത്തിക നടപടികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പെട്രോള്‍. ഡീസല്‍ വില കുറക്കാന്‍ കേന്ദ്രം ഒരുക്കമല്ലെന്നു പറഞ്ഞ അദ്ദേഹം പൊതു നിക്ഷേപം കൂട്ടാന്‍ എക്‌സൈസ് തീരുവയുടെ വര്‍ധന അനിവാര്യമാണെന്നും പറഞ്ഞിരുന്നു.
എണ്ണ വില കുറക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ധനമന്ത്രിയുടെ അഭ്യര്‍ത്ഥന. നോട്ട് നിരോധനവും, ധൃതി പിടിച്ചു നടപ്പാക്കിയ ജിഎസ്ടിയും സാമ്പത്തിക സ്ഥിതി തകിടം മറിച്ചതോടെ 2007-08 കാലയളവില്‍ വീശിയടിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലും പിടിച്ചു നിന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ സ്വയം സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ്.