X

ശമ്പളം നല്‍കാന്‍ പണമില്ല, 25,000 ഹോംഗാര്‍ഡുകളെ പിരിച്ചുവിട്ട് യോഗി സര്‍ക്കാര്‍

ലക്‌നോ: സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് പോലിസ് വകുപ്പിലെ 25,000 ഹോം ഗാര്‍ഡുകളെ പിരിച്ചുവിട്ടു. 25,000 ഹോം ഗാര്‍ഡുകളുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പോലിസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഈ വര്‍ഷം ആഗസ്ത് 28ന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് 25,000 ഹോം ഗാര്‍ഡ് സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡി.ജി) ബി പി ജോഗ്ദന്ദ് പറഞ്ഞു.

ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ദിവസങ്ങളുടെ എണ്ണം 25ല്‍ നിന്ന് 15 ദിവസമായി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിനാല്‍ 99,000 ത്തിലധികം ഹോം ഗാര്‍ഡുകളുടെ സ്ഥിരം തൊഴിലും ഇതോടൊപ്പം നഷ്ടമാവും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ തീരുമാനം കൈകൊണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് പറഞ്ഞു. യുപി ഹോം ഗാര്‍ഡിന്റെ പ്രതിദിന അലവന്‍സ് യുപി പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് തുല്യമായി നല്‍കണമെന്ന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.യുപി ഹോം ഗാര്‍ഡുകളില്‍ ഭൂരിപക്ഷത്തേയും സംസ്ഥാനത്തെ ട്രാഫിക് മേഖലയിലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇവരെ കൂട്ടമായി ഒഴിവാക്കുന്നതോടെ ഗതാഗത മേഖലയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. പോലിസ് വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ ആഭ്യന്തര വകുപ്പ് 25,000 ഹോം ഗാര്‍ഡുകളെ ഒരു വര്‍ഷം മുമ്പാണ് വിന്യസിച്ചത്.

ഹോം ഗാര്‍ഡുകള്‍ക്കുള്ള പ്രതിദിന അലവന്‍സ് 500 രൂപയില്‍നിന്ന് സുപ്രിംകോടതി നിര്‍ദേശപ്രകാരം 672 രൂപയായി ഉയര്‍ത്തിയിരുന്നു. ഇത് യുപി പോലിസിന്റെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചെന്നാണ് ആരോപണം. ഹോം ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത പ്രതിമാസ ശമ്പളമില്ല. ഡ്യൂട്ടി ദിവസങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അവ നല്‍കുന്നത്.

web desk 1: