ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: ജനുവരി മാസത്തില്‍ കടമെടുക്കാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ പദ്ധതികളെല്ലാം അവതാളത്തില്‍. അടുത്തയാഴ്ചയോടെ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. മുന്‍കാലങ്ങളില്‍ വലിയ തോതിലുള്ള പ്രതിസന്ധിയുണ്ടായിട്ടുണ്ടെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത്രത്തോളം പ്രതിസന്ധി രൂക്ഷമാകുന്നത് ഇതാദ്യമാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം ട്രഷറി നിയന്ത്രണം തുടരാന്‍ ധനമന്ത്രി തോമസ് ഐസക് നിര്‍ദേശം നല്‍കി. വായ്പാ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും മാര്‍ച്ച് ആദ്യവാരത്തോടെ പ്രതിസന്ധിയില്‍ അയവു വരുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി തുടരുന്നത് മൂലം ബില്ലുകള്‍ മാറി നല്‍കാത്തതിനാല്‍ പ്രവൃത്തികള്‍ നിര്‍ത്തി വെക്കുമെന്ന് കരാറുകാര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കേന്ദ്രസര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറച്ചതിനാലാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്നു മാസം 6000 കോടി രൂപ വായ്പ എടുക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അതില്‍ 1800 കോടി കേന്ദ്രം കുറവ് ചെയ്തു. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കുറവു ചെയ്ത തുക അനുവദിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 6000 കോടിയും അനുവദിക്കാന്‍ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തതിനാല്‍ ജനുവരിയില്‍ വായ്പ എടുക്കാനേ കഴിഞ്ഞില്ല. അതിനാലാണ് ബില്ലുകളുടെ മാറി നല്‍കാവുന്ന തുക പരമാവധി ഒരു ലക്ഷമായി പരിമിതപ്പെടുത്തിയത്. പിന്നീട് 1800 കോടി മാത്രം കുറച്ചപ്പോള്‍ അഞ്ചു ലക്ഷമായി ഉയര്‍ത്തി. അടുത്തയാഴ്ചയോടെ ആദ്യം കൂടുതല്‍ വായ്പ ലഭിക്കുന്നതോടെ പ്രതിസന്ധിക്ക് അയവുവരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസവും നാലു ദിവസവും ബാക്കിനില്‍ക്കെ ട്രഷറി നിയന്ത്രണവും രൂക്ഷമായ പ്രതിസന്ധിയും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. പദ്ധതി, പദ്ധതിയിതര തുകകളുടെ പിന്‍വലിക്കല്‍ അഞ്ച് ലക്ഷമായി നിജപ്പെടുത്തുകയും അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. കരാറുകാര്‍, അംഗീകൃത ഏജന്‍സികള്‍, വിതരണക്കാര്‍ എന്നിവര്‍ക്ക് ട്രഷറി ബില്ലായോ ചെക്ക് മുഖേനയോ മാറാവുന്ന തുകയുടെ പരിധി പരമാവധി ഒരു ലക്ഷമായും കുറച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ക്ക് വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സ് തേടണം. പണം നല്‍കിയില്ലെങ്കില്‍ പ്രവൃത്തികളെല്ലാം നിര്‍ത്തിവെക്കാന്‍ ഒരുങ്ങുകയാണ് കരാറുകാര്‍. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം അത്യാവശ്യമാണെങ്കില്‍ മാത്രം നല്‍കാനാണ് ട്രഷറിയോട് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.