സ്വന്തം ലേഖകന്‍
തിരുവനന്തപുരം
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കല്‍ ധനമന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാകും. സ്വപ്‌നങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ത്തി കാട്ടിയുള്ള പതിവ് കസര്‍ത്ത് മന്ത്രിക്ക് ഇത്തവണ നിലംതൊടാതെ നടത്തേണ്ടിവരുമെന്ന് ചുരുക്കം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സാമൂഹ്യക്ഷേമ പരിപാടികളില്‍ യാതൊരു കുറവും വരുത്തില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴും, ജനപ്രിയ പദ്ധതികള്‍ക്ക് പലതിനും പൂട്ടുവീഴുമെന്നുറപ്പാണ്. കഴിഞ്ഞ ബജറ്റുകളിലേതുപോലെ കിഫ്ബിയെ തന്നെയാകും പദ്ധതികള്‍ക്കായി ഇത്തവണയും ഐസക് കൂട്ടുപിടിക്കുക. ചെലവ് കുറക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.
നോട്ടുനിരോധനവും ചരുക്കുസേവന നികുതി നിലവില്‍വന്നശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ ഐസക്കിന് കടുത്ത പല നടപടികളും പ്രഖ്യാപിക്കേണ്ടിവരും. ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുമായുള്ള ആശയവിനിമയം ആരംഭിച്ചു. ഇത്തവണ ഫെബ്രുവരിയിലാകും ബജറ്റ് അവതരണം. അടുത്ത സാമ്പത്തിക വര്‍ഷത്തിന് മുന്‍പ് സമ്പൂര്‍ണ ബജറ്റ് പാസാക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്. ബജറ്റ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. പദ്ധതി ഇതര ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. ശമ്പളവും പെന്‍ഷനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ലാഭകരമല്ലാത്ത പദ്ധതികള്‍ നിര്‍ത്താലാക്കാനാണ് തീരുമാനം. ലാഭകരമല്ലാത്തതും ഇടക്ക് നിന്നുപോയതുമായ പദ്ധതികള്‍ അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഇങ്ങനെ അവസാനിപ്പിക്കുന്ന പദ്ധതികളിലെ ഉദ്യോഗസ്ഥരെ ഭാവിയിലുണ്ടാകുന്ന ഒഴിവുകള്‍ നികത്താനായി ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.
വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും കോടികള്‍ ചെലവാക്കിയിട്ടും പൂര്‍ത്തിയാക്കാത്ത ചില ജലസേചന പദ്ധതികള്‍ നിര്‍ത്തേണ്ടിവരുമെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലെ ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിലേക്ക് പുനര്‍വിന്യസിക്കും. ഇത്തരം പദ്ധതികളുടെ അറ്റകുറ്റപ്പണിച്ചെലവ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാറിന്റെ സാമൂഹികക്ഷേമപരിപാടികളില്‍ യാതൊരു കുറവുംവരുത്തില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. ധനക്കമ്മി മൂന്നു ശതമാനത്തേക്കാള്‍ ഉയരാതിരിക്കാനും റവന്യൂക്കമ്മി അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇല്ലാതാക്കാനുള്ള സമയബന്ധിത പദ്ധതി ബജറ്റിലുണ്ടാകുമെന്ന സൂചന നേരത്തെ തന്നെ മന്ത്രി നല്‍കിയിരുന്നു.
സംസ്ഥാനത്തിന്റെ റവന്യൂകമ്മി പൂജ്യത്തില്‍ എത്തിക്കണമെന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ഇതിനായി ധനകമ്മീഷന്‍ പ്രത്യേക സാമ്പത്തിക സഹായം സംസ്ഥാനത്തിന് അനുവദിച്ചിരുന്നു. ഈ വര്‍ഷം റവന്യുക്കമ്മിയില്‍ 0.2 മുതല്‍ 0.3 ശതമാനം വരെ കുറക്കാനും ശ്രമിക്കും. ഈ നടപടികള്‍ മൂലം ചെലവുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്. എന്നാല്‍ ചെലവുകള്‍ കുറക്കാന്‍ നടപടി സ്വീകരിക്കുന്നതോടെ പല പദ്ധതികളെയും പ്രതികൂലമായി ബാധിക്കും. സാമൂഹികക്ഷേമ പെന്‍ഷനുകളില്‍ 100 രൂപയുടെ വര്‍ധന വരുത്താനാണ് സാധ്യത.