പി.കെ അബ്ദുല്‍ അസീസ്
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനത്തിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ മലയോര മേഖല കടുത്ത ആശങ്കയിലും ഉല്‍ക്കണ്ഠയിലുമാണ് കഴിയുന്നത്. കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമികളും അന്തിമ വിജ്ഞാപനത്തില്‍ നിന്നൊഴിവാക്കിയില്ലെങ്കില്‍ ജനിച്ചു വളര്‍ന്ന, കഠിനാധ്വാനത്തിലൂടെ ഫലഭൂവിഷ്ഠമാക്കിയ മണ്ണില്‍ നിന്നും കുടിയൊഴിയേണ്ടി വരുമോയെന്ന ഭീതിയില്‍ നീറിപ്പുകയുകയാണ് കര്‍ഷകരുള്‍പ്പെട്ട മലയോരവാസികള്‍. കരട് വിജ്ഞാപനത്തിലെ ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമികളും ഒഴിവാക്കണമന്ന ജനാവശ്യത്തിനു നേരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിസംഗതാ ഭാവമാണ് കര്‍ഷകരുള്‍പ്പെടെയുള്ളവരെ മുള്‍മുനയിലാക്കുന്നത്. ജൈവ വൈവിധ്യ സമ്പന്ന മേഖലയായ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുന്നതിന് ആരുടെ ഭാഗത്തു നിന്നും യാതൊരു എതിര്‍പ്പുമില്ല. ഗുജറാത്ത് മഹാരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാരംഭിച്ച് കന്യാകുമാരിയില്‍ അവസാനിക്കുന്ന പര്‍വത നിരയാണിത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടത്തിന് 1600 കി.മീറ്ററാണ് ദൈര്‍ഘ്യം. 2012 ലാണ് ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ടം സ്ഥാനം നേടിയത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയും അത് നേരിടുന്ന പ്രശ്‌നങ്ങളെയും സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2010 ല്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ സമിതി രൂപീകരിക്കയും 2012 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി കസ്തൂരി രംഗന്‍ അധ്യക്ഷനായി മറ്റൊരു സമിതിയും രൂപീകൃതമായി. 2013ലാണ് കസ്തൂരി രംഗന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്രത്തിന് സമര്‍പ്പിച്ച രണ്ടു സമിതി റിപ്പോര്‍ട്ടുകളിലും പല ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമികളും പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയതിനാല്‍ വ്യാപക പരാതിക്ക് കാരണമായി. ഇതേ തുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ നിയമിച്ചത്. കൃഷിക്കാരെയും കൈവശക്കാരെയും സംബന്ധിച്ച് അല്‍പം ആശ്വാസമായിരുന്നു 2014 ല്‍ ഉമ്മന്‍ വി ഉമ്മന്‍ നല്‍കിയ റിപ്പോര്‍ട്ട്. പി.എച്ച്. കുര്യന്‍ 2018ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കര്‍ഷകരും മറ്റും സംതൃപ്തരായിരുന്നില്ല.
ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ സമിതികള്‍ നല്‍കിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാനം പുറത്തിറക്കുകയുണ്ടായി. വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളും കൃഷിഭൂമിയുമെല്ലാം പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വിജ്ഞാപനം. ഇതിനെതിരെ പരാതികള്‍ വ്യാപകമായിരുന്നു. സംസ്ഥാനത്തെ123 വില്ലേജുകളെ അതീവ ദോഷകരമായി ബാധിക്കുന്നതാണ് കരടുവിജ്ഞാപനം. സംസ്ഥാനത്ത് 9993.7 ച.കി. വിസ്തീര്‍ണമാണ് പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പടുത്തിയത്. സംസ്ഥാനത്ത് പശ്ചിമഘട്ടത്തോട് ചേര്‍ന്ന് ജീവിക്കുന്ന 22 ലക്ഷം ജനങ്ങളെയും ഈ വിജ്ഞാപനം ബാധിക്കും.
നിയമത്തിന്റെയും പരിഷ്‌കാരത്തിന്റെയും ദുരിതം പേറാന്‍ എന്നും വിധിക്കപ്പെട്ട വിഭാഗമാണ് കര്‍ഷകര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമങ്ങള്‍ ഉണ്ടാക്കുമ്പോഴും പരിഷ്‌കരിക്കുമ്പോഴുമെല്ലാം പൂര്‍ണമായും ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുക്കുന്നതിന്റെ ദുരന്തഫലമാണ് കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്നത്. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിവരങ്ങള്‍ കരട് വിജ്ഞാപനം വരുന്നതിനു മുമ്പും ശേഷവും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാണ് നിക്ഷിപ്ത താല്‍പര്യക്കാരായ ഉദ്യോഗസ്ഥ വിഭാഗം ശ്രമിച്ചത്. അതിന് സഹായകരമായ നിലപാടുകളായിരുന്നു ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ പശ്ചിമഘട്ട മേഖലയിലെ ജനതക്ക് സമാധാന ജീവിതം നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഇനിയുളള നാളുകളിലും കോര്‍, നോണ്‍ കോര്‍ തരം തിരിവിലെ അപാകതകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും കര്‍ഷകരുടെയും മറ്റും ഉറക്കം കെടുത്തും. സംരക്ഷിത മേഖലകളും, ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി പശ്ചിമഘട്ട മേഖല സംരക്ഷിക്കുകയാണ് വേണ്ടത്. ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമികളം ഉള്‍പ്പെടുത്തി നാടു കാടാക്കി മാറ്റുമ്പോഴുണ്ടാവുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറുകള്‍ മൗനമവലംബിക്കരുത്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പൗരന്റെ സംരക്ഷണവും അവകാശവും പരിരക്ഷിക്കപ്പെടേണ്ടതുണ്ട്.