കെ.എസ്. മുസ്തഫ
കല്‍പ്പറ്റ
ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്തെ വനാതിര്‍ത്തികളിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കും. പുതിയ ഉത്തരവ് നടപ്പാവുന്നതോടെ ജീവിതം ദുരിതപൂര്‍ണമാവുകയും അപ്രഖ്യാപിത കുടിയൊഴിപ്പിക്കല്‍ നിലവില്‍ വരികയും ചെയ്യുമെന്ന ഭീതിയിലാണ് ലോലമേഖലകള്‍ അതിരിടുന്ന ജനവാസകേന്ദ്രങ്ങള്‍. കേരളത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ അരഡസന്‍ ഗ്രാമപഞ്ചായത്തുകളിലെയും രണ്ടു മുനിസിപ്പാലിറ്റികളിലെയും ജനങ്ങളെ ആശങ്കയിലാക്കിയാക്കുന്നതാണ് പുതിയ ഉത്തരവ്. അതിനിടെ പട്ടണങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവുമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രീം കോടതിയെ സമീപിക്കാമെന്ന ഉത്തരവിലെ നിര്‍ദ്ദേശം പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളും കൃഷിതോട്ടം മേഖലകളും പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ഷകസാമൂഹിക സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ പരിഗണിക്കാതെയാണ് ജസ്റ്റിസ് എല്‍.നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച്് 61 പേജുള്ള വിധി പുറപ്പെടുവിച്ചത്.
2011 ഫെബ്രുവരി ഒമ്പതിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പലതരത്തിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍. ഇതാണ് സംരക്ഷിത വന മേഖലക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്.
വയനാട്ടില്‍ നൂല്‍പ്പുഴ, പുല്‍പ്പള്ളി, തിരുനെല്ലി പഞ്ചായത്തുകള്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ കണ്ണായ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരും. ഇടുക്കിയില്‍ പെരിയാര്‍, ഇടുക്കി, ചിന്നാര്‍ വന്യജീവി സങ്കേതങ്ങള്‍, ഇരവികുളം ദേശീയോദ്യാനം, ആനമുടിചോല, മതികെട്ടാന്‍ ചോല തുടങ്ങിയ ജില്ലയിലെ പ്രധാന സംരക്ഷിത വനമേഖലകളിലായി 350 കിലോമീറ്റര്‍ ദൂരമാണ് വനാതിര്‍ത്തി പങ്കിടുന്നത്. ഇവിടങ്ങളില്‍ ഉത്തരവ് നടപ്പിലാവുന്നതോടെ വനമേഖലയിലെ നിയന്ത്രണങ്ങള്‍ അതേപടി ജനവാസകേന്ദ്രങ്ങളിലും ആവര്‍ത്തിക്കേണ്ടിവരും.
ഇതോടെ കര്‍ഷകന് ഇഷ്ടമുള്ള കൃഷി ചെയ്യാനോ, നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനോ നിയന്ത്രണങ്ങളുണ്ടാവും. ഭവനനിര്‍മ്മാണം, മറ്റു സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം, കൃഷിഭൂമിയുടെ സ്ഥിതിമാറ്റം, പുതിയ പാതകള്‍, നിലവിലെ പാതകള്‍ വികസിപ്പിക്കല്‍, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയടക്കം കര്‍ശന നിയന്ത്രണങ്ങള്‍ വരികയും ചെയ്യും.സുല്‍ത്താന്‍ ബത്തേരി ടൗണിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് പുറകിലും മാനന്തവാടി ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്നും വന്യജീവി സങ്കേതങ്ങളുടെ പരിധിയിലായതിനാല്‍ ഈ നഗരങ്ങളും വലിയ ഭീഷണിയാണ് നേരിടുന്നതെന്ന് ഹരിത സേന ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ ചന്ദ്രികയോട് പറഞ്ഞു. ഇടുക്കിയില്‍ തേക്കടി വിനോദസഞ്ചാര കേന്ദ്രമടക്കം നിയന്ത്രണങ്ങളുടെ പരിധിയില്‍ വരും. നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നതോടെ സ്ഥലം വില്‍പനയടക്കം മുടങ്ങുകയും ഇതോടെ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിയൊഴിയേണ്ടിവരികയും ചെയ്യുമെന്ന ആശങ്ക ശക്തമായിക്കഴിഞ്ഞു.
പ്രതിക്കൂട്ടില്‍
സംസ്ഥാന സര്‍ക്കാരും
കല്‍പ്പറ്റ: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. വിഷയം പഠിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പേ സര്‍ക്കാര്‍ ഇടപെടേണ്ടതായിരുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി. സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. ഈ ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയില്ല. പ്രതിഷേധമുയര്‍ന്നാല്‍ സുപ്രിംകോടതിയുടെ അനുമതിയോടെ ഇളവ് ലഭ്യമാക്കാനുള്ള അവസരം സംബന്ധിച്ച് കോടതി വിധിയില്‍ നിര്‍ദേശമില്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു.
ഫലം കാണാതെ ശുപാര്‍ശകള്‍
കല്‍പ്പറ്റ: 344.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ശുപാര്‍ശ. ഈ ദൂരപരിധിയില്‍ കൃഷി സ്ഥലങ്ങളും വീടുകളും ഉള്‍പ്പെടുന്നതിനാല്‍ എതിര്‍പ്പ് ശക്തായി. ഇതേത്തുടര്‍ന്നു വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാര്‍ 2013 ഫെബ്രുവരി 11നു ശുപാര്‍ശ സമര്‍പ്പിച്ചു.
ഇതേ ശുപാര്‍ശ 2018 സെപ്റ്റംബര്‍ 19നും സമര്‍പ്പിച്ചു. എന്നാല്‍ ഇതു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിരസിച്ചു. തുടര്‍ന്ന് 2019 നവംബര്‍ 21നു വീണ്ടും ശുപാര്‍ശ സമര്‍പ്പിച്ചു. 2021 ഫെബ്രുവരിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കരടുവിജ്ഞാപനം പുറത്തിറക്കി.