വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍ നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിന്റെ നിലപാട് കാപട്യമെന്ന് തെളിയുന്നു. ഒരേസമയം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ ആശങ്കയിലാഴ്ത്തിയ കോടതി വിധിക്ക് കാരണമായ തീരുമാനം മന്ത്രിസഭായോഗത്തിലെടുത്ത അതേ ഇടതുപക്ഷമാണ് കോടതി ഉത്തരവിനെതിരെ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടത്തുന്നതും.
2019 ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ദൂരപരിധി നിശ്ചയിച്ച വിവാദ തീരുമാനമെടുത്തത്. സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതേ ഉത്തരവാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായതും. വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാര്‍ 2013 ഫെബ്രുവരി 11നു കേന്ദ്രത്തിന് സമര്‍പ്പിച്ച ശുപാര്‍ശ മറികടന്നായിരുന്നു ഇടതുമന്ത്രിസഭാ യോഗതീരുമാനം.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു. മന്ത്രിസഭാ തീരുമാനത്തിനു മുമ്പ് കൃത്യമായ ഗൃഹപാഠം നടത്താനോ, ആശയസംവാദം നടത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. ലാന്‍ഡ് യൂട്ട്‌ലൈസേഷന്‍ എന്നത് സംസ്ഥാനത്തിന്റെ മാത്രം പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്രമോ, സുപ്രീം കോടതിയോ നല്‍കുന്ന നിര്‍ദേശങ്ങള്‍ മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുക എന്നുള്ളതാണ് പോംവഴി. വസ്തുതകള്‍ ഇതായിരിക്കെ എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താലുകള്‍ സമരങ്ങള്‍ ജനങ്ങളെ അപമാനിക്കുന്നതിന് സമമാണെന്നാണ് വിമര്‍ശനം.
പ്രതിഷേധമുയര്‍ന്നാല്‍ സുപ്രിംകോടതിയുടെ അനുമതിയോടെ ഇളവ് ലഭ്യമാക്കാനുള്ള അവസരം കോടതി നല്‍കിയിട്ടുണ്ടെങ്കിലും മുന്‍ മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യാതെ കോടതിയെ സമീപിക്കുന്നത് വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. രാജസ്ഥാനിലെ ജാമിയഘട്ട് സംരക്ഷിത വനമേഖലയിലും പശ്ചിമബംഗാളിലും സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മ്മാണം നടത്തി ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴാണ് ഇടതുസര്‍ക്കാര്‍ ആയിരങ്ങളെ അപ്രഖ്യാപിത കുടിയൊഴിപ്പിക്കലിലേക്ക് വഴിനടത്തുന്ന ഉത്തരവിന് വളമിട്ടുകൊടുത്തത്.