ന്യൂഡല്‍ഹി: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് എതിരായ പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റ് പരിശോധിക്കാമെന്ന് സുപ്രീം കോടതി. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് പക്ഷപാതിത്വമാണെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവാണ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയ നേതാക്കള്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ നിരവധി ഉദാഹരണങ്ങളുണ്ടെങ്കിലും ഇതേ ചട്ടലംഘനം മോദിയോ അമിത് ഷായോ നടത്തിയാല്‍ അതില്‍ കമ്മീഷന്‍ തെറ്റ് കാണുന്നില്ലെന്നും സിങ്‌വി ആരോപിച്ചു. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉള്ള കാരണം കമ്മീഷന്‍ വിശദീകരിച്ചിട്ടില്ല. തീരുമാനത്തോട് കമ്മീഷന്റെ ഒരു അംഗം വിയോജിപ്പ് അറിയിച്ചതായും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു. മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സമയ ബന്ധിതമായി നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി മാര്‍ഗ രേഖ പുറത്ത് ഇറക്കണമെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്്‌വി ആവശ്യപ്പെട്ടു. ബാര്‍മര്‍, വരാണാസി, പത്താന്‍, നന്ദേഡ്, ലാത്തൂര്‍, വാര്‍ധ എന്നീ ആറിടങ്ങളില്‍ മോദി പെരുമാറ്റ ചട്ടം ലംഘിച്ച് നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് കമ്മീഷന് പരാതി നല്‍കിയിരുന്നെങ്കിലും ആറിലും മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചീറ്റാണ് നല്‍കിയത്.