ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാരുടെ കൈയ്യില്‍ മഷിയടയാളം പതിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്ത്. 500, 1000 പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നവരുടെ വിരലുകളില്‍ മഷി പുരട്ടരുതെന്നാവശ്യപ്പെട്ട് കമ്മീഷന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു. സമീപഭാവിയില്‍ നിരവധി സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ മായ്ക്കാനാകാത്ത മഷി ആളുകളുടെ കൈയില്‍ പുരട്ടുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കത്തില്‍ പറയുന്നു.
കള്ളപ്പണം കൈവശമുള്ളവര്‍ പകരക്കാരെ ഉപയോഗിച്ച് നോട്ട് മാറ്റുന്നത് തടയുന്നതിനു വേണ്ടിയാണ് ഇടപാടുകാരുടെ കൈയില്‍ അടയാളമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും ബാങ്ക് ജീവനക്കാരുമടക്കം നിരവധി പേര്‍ രംഗത്തെത്തി. ഒരാഴ്ചയിലധികമായി അവധിയില്ലാതെ 16 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് പുതിയ തലവേദനയാണ് മഷി പുരട്ടല്‍.
ഇപ്പോള്‍ പുരട്ടുന്ന മഷി തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് മാഞ്ഞുപോകുമെന്ന് ഉറപ്പുപറയാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കും. മഷി പുരട്ടുന്നതിനു സംബന്ധിച്ച ആലോചന തുടങ്ങിയപ്പോള്‍ തന്നെ കമ്മീഷന്‍ ആശങ്ക സര്‍ക്കാറിനെ അറിയിച്ചിരുന്നു.